തിരുവനന്തപുരം: കോവിഡ് പ്രതിരോധ മെഡിക്കൽ ഉപകരണങ്ങൾക്കും മറ്റു അവശ്യവസ്തുക്കൾക്കും സർക്കാർ നിശ്ചയിച്ച വിലയിൽ വിൽപ്പന പ്രയോഗികമാകില്ലെന്ന് വിലയിരുത്തൽ. നീതി മെഡിക്കൽ സ്റ്റോറുകളിൽ സർക്കാർ വിലയ്ക്കാണു വിൽപന. എന്നാൽ സർക്കാർ നിശ്ചയിച്ച വിലയ്ക്ക് വിൽപന നടത്താനാകില്ലെന്നു സ്വകാര്യ മെഡിക്കൽ സ്റ്റോർ ഉടമകൾ പറയുന്നു. പഴയ സ്റ്റോക്ക് തുടരുന്നതാണു പ്രധാന കാരണം. ഇതു കൂടുതൽ തുകയ്ക്ക് വാങ്ങിയതാണ്.

സർക്കാർ നിശ്ചയിച്ച വിലയേക്കാൾ കൂടിയ മൊത്ത വിലയ്ക്ക് വാങ്ങി സൂക്ഷിച്ചവയാണ് അധികവും. അതുകൊണ്ടു തന്നെ അവ കുറഞ്ഞ വിലയ്ക്ക് വിറ്റാൽ വലിയ നഷ്ടം സഹിക്കേണ്ടി വരുമെന്നാണു വ്യാപാരികളുടെ പക്ഷം. ഇപ്പോൾ സർക്കാർ നിശ്ചയിച്ച വിലയേക്കാൾ അൽപം കൂടിയ വിലക്ക് വാങ്ങിയതാണെങ്കിലും പ്രത്യേക സാഹചര്യത്തിൽ നിശ്ചയിക്കപ്പെട്ട കുറഞ്ഞ വിലയ്ക്ക് വിൽക്കുകയാണെന്ന് നീതി സ്റ്റോർ അധികൃതർ പറഞ്ഞു. ഇനി മുതലുള്ള വാങ്ങലുകളിൽ മൊത്തവില കുറയുമെന്നാണു കരുതുന്നതെന്നും അവർ പറഞ്ഞു.

സർജിക്കൽ മാസ്‌കുകൾ 4 രൂപ മുതൽ 5 രൂപ വരെ മൊത്ത വില നൽകിയാണു വാങ്ങിയിട്ടുള്ളത്. അതാണ് അതിലും കുറഞ്ഞ വിലയ്ക്കു വിൽക്കണമെന്നു പറയുന്നത്. എൻ-95 മാസ്‌ക് 22 രൂപയ്ക്കു വിൽക്കണമെന്നാണ് നിർദ്ദേശം. എൻ-95 അതിലും കുറഞ്ഞ വിലയ്ക്കും ലഭ്യമാണ്. എന്നാൽ അത് യഥാർഥ എൻ 95 ആകണമെന്നില്ല. ഗുണനിലവാരമുള്ള കമ്പനികളുുടെ എൻ- 95 മാസ്‌കുകൾ 40 രൂപ വരെ മൊത്തവിലയ്ക്കു വാങ്ങി വച്ചവരുണ്ട്. ഇതെല്ലാം പ്രതിസന്ധിയാണ്.

ഗ്ലൗസുകൾ 20- 25 തോതിലാണ് ഇപ്പോൾ കടകളിൽ വിൽക്കുന്നത്. സർക്കാർ വില 5.75 രൂപയാണ്. ഈ വിലയ്ക്ക് മെത്തക്കച്ചവടക്കാരിൽ നിന്നു ലഭിച്ചാൽ വിൽക്കാൻ തയാറാണെന്ന് വ്യാപാരികൾ പറയുന്നു. കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വരുമ്പോൾ ചൈനീസ് എന്നൊക്കെ പറയുന്ന ഉപകരണങ്ങൾ മാർക്കറ്റിലേക്ക് എത്തുമോയെന്ന ആശങ്കയുണ്ടെന്നാണ് മെഡിക്കൽ സ്റ്റോർ നടത്തിപ്പുകാർ പറയുന്നത്.

സർക്കാർ നിശ്ചയിച്ച വില

പിപിഇ കിറ്റ് -273 രൂപ,
എൻ 95 മാസ്‌ക്-22 രൂപ,
ട്രിപ്പിൾ ലെയർ മാസ്‌ക്- 3.90 രൂപ,
ഫെയ്‌സ് ഷീൽഡ്-21 രൂപ,
സർജിക്കൽ ഗൗൺ-65 രൂപ,
ഗ്ലൗസ്- 5.75 രൂപ,
സാനിറ്റൈസർ 500 മില്ലി- 192 രൂപ,
ഓക്‌സിജൻ മാസ്‌ക്- 54 രൂപ,
പൾസ് ഓക്‌സി മീറ്റർ-1500 രൂപ