ന്യൂഡൽഹി: ദിവസവും ഒരു കോടി വാക്‌സീൻ ഡോസുകൾ നൽകാനുള്ള ലക്ഷ്യവുമായി ഇന്ത്യ. കോവിഡിന്റെ മൂന്നാം തരംഗത്തെ ചെറുക്കാൻ ഇത്. രണ്ടാം തരംഗത്തെ ഫലപ്രദമായി പിടിച്ചു കെട്ടിയെന്നാണ് വിലയിരുത്തൽ. പ്രതിദിന കേസുകൾ രണ്ടു ദിവസം കൊണ്ട് അമ്പതിനായിരത്തിൽ താഴെയാണ്.

ഈ സാഹചര്യത്തിലാണ് അടുത്ത ആറു എട്ടു മാസം ഒരു കോടി വാക്‌സിൻ കൊടുക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽന്നെ പ്രതിദിനം ഒരു കോടി ഡോസുകൾ നൽകുകയാണു ലക്ഷ്യമെന്ന് കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ.കെ.അറോറ അറിയിച്ചു. വാക്‌സിൻ വിരുദ്ധ പ്രചരണങ്ങൾക്കെതിരേയും പ്രചരണം നടത്തും. പ്രധാനമന്ത്രി മോദി തന്നെ ഇത്തരം ശ്രമങ്ങൾക്ക് നേതൃത്വം നൽകും.

'കോവിഡിന്റെ മൂന്നാം തരംഗം വൈകാൻ സാധ്യതയുണ്ടെന്നാണ് ഐസിഎംആറിന്റെ പഠനം പറയുന്നത്. രാജ്യത്തെ എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ് നൽകാൻ നമുക്ക് 6-8 മാസം കിട്ടും. വരും ദിവസങ്ങളിൽ ദിവസവും ഒരു കോടി വാക്‌സിനേഷൻ എന്നതാണു ലക്ഷ്യം. സൈഡസ് കാഡിലയുടെ പരീക്ഷണം ഏതാണ്ടു തീർന്നു. ജൂലൈ അവസാനമോ ഓഗസ്റ്റിലോ ഈ വാക്‌സീൻ 12നും 18നും ഇടയിൽ പ്രായമുള്ളവർക്കു നൽകാനാകും.'-അറോറ പറയുന്നു.

കുട്ടികളിലേക്കും വാക്‌സിൻ എത്തിച്ച് ജനജീവിതം സാധാരണ നിലയിലാക്കുകയാണ് ലക്ഷ്യം. ഈ വർഷം ഡിസംബർ 31നകം മുഴുവൻ മുതിർന്നവർക്കും വാക്‌സീൻ നൽകാനാണ് ശ്രമം. 18 വയസ്സിനും അതിനുമുകളിലും പ്രായമുള്ള 93-94 കോടി ആളുകൾക്കു കുത്തിവയ്പ് നൽകാൻ 186 188 കോടി വാക്‌സീൻ ഡോസ് ആവശ്യമാണ്. ജൂലൈ 31നകം 51.6 കോടി ഡോസ് ലഭ്യമാക്കും.

വിവിധ വാക്സീനുകളുടെ 135 കോടി ഡോസുകൾ ഈ വർഷം ഓഗസ്റ്റ് ഡിസംബർ കാലയളവിൽ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അതിവേഗ വാക്‌സിനേഷൻ എന്ന ലക്ഷ്യം നേടാനാകുമെന്നാണ് പ്രതീക്ഷ. വാക്‌സിനേഷന് എതിരായ പ്രചരണത്തേയും അതിജീവിക്കാൻ ബോധ പൂർവ്വമായ ശ്രമമുണ്ടാകും. കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ ജനം വിശ്വസിക്കരുതെന്നും പ്രായമേറെയായ തന്റെ അമ്മ പോലും വാക്‌സീൻ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞത് ഈ സാഹചര്യത്തിലാണ്. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 78-ാം പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വാക്‌സീനെടുക്കാൻ ആളുകൾ മടി കാണിക്കരുതെന്നും മോദി പറഞ്ഞു.

'ശാസ്ത്രത്തെ വിശ്വസിക്കണമെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മുടെ ശാസ്ത്രജ്ഞരെ വിശ്വസിക്കുക. ധാരാളം ആളുകൾ വാക്‌സീൻ എടുത്തിട്ടുണ്ട്. ഞാൻ രണ്ടു ഡോസും എടുത്തു. എന്റെ അമ്മയ്ക്ക് ഏകദേശം നൂറ് വയസ്സ് പ്രായമുണ്ട്. അമ്മ രണ്ടു ഡോസ് വാക്‌സീനും സ്വീകരിച്ചു. വാക്‌സീനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളൊന്നും ദയവായി ഒരിക്കലും വിശ്വസിക്കരുത്.' മോദി പറഞ്ഞു.

വാക്‌സിനേഷൻ എടുക്കുന്നതിലൂടെ മാത്രമേ ഒരാൾക്കു കോവിഡിൽനിന്നു രക്ഷനേടാനാകൂ. വാക്‌സീനുകളെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ അതു ചെയ്യട്ടെ. നാമെല്ലാവരും ജോലി ചെയ്യുകയും ചുറ്റുമുള്ള ആളുകൾക്കു വാക്‌സിനേഷൻ ലഭിക്കുമെന്ന് ഉറപ്പാക്കുകയും വേണം. കോവിഡിന്റെ ഭീഷണി നിലനിൽക്കുന്നതിനാൽ വാക്‌സിനേഷനിൽ ശ്രദ്ധിക്കുകയും പ്രോട്ടോക്കോളുകൾ പാലിക്കുകയും വേണം പ്രധാനമന്ത്രി വ്യക്തമാക്കി.