- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് മരണത്തെ പ്രതിരോധിക്കാനുള്ള കഴിവ് 95 ശതമാനം; ഒരു ഡോസ് സ്വീകരിച്ചവരിൽ ഇത് 82 ശതമാനവുമെന്ന് ഐസിഎംആർ പഠനം; തമിഴ്‌നാട്ടിലെ പൊലീസുകാരിൽ നടത്തിയ പഠനങ്ങൾ പ്രതീക്ഷയുടേത്
ചെന്നൈ: കോവിഡ് പ്രതിരോധത്തിന് വാക്‌സിൻ തന്നെ മികച്ചത്. കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ കോവിഡ് വാക്സിനേഷന് സാധിക്കുമെന്ന് ഐസിഎംആർ പഠനം തെളിയിക്കുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് മരണത്തെ പ്രതിരോധിക്കാനുള്ള കഴിവ് 95 ശതമാനമാണ്. ഒരു ഡോസ് സ്വീകരിച്ചവരിൽ ഇത് 82 ശതമാനമാണെന്നും ഐസിഎംആർ പഠനത്തിൽ വിശദീകരിക്കുന്നുണ്ട്.
തമിഴ്‌നാട് പൊലീസ് സേനയിൽ നിന്ന് കോവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഐസിഎംആർ പഠനം നടത്തിയിരിക്കുന്നത്. വാക്‌സിനേഷൻ സംബന്ധിച്ച് നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകൾക്കും വ്യാജ പ്രചാരണങ്ങൾക്കും പരിഹാരമാവുന്നുവെന്നാണ് വിലയിരുത്തൽ.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്ന ഫെബ്രുവരി ഒന്ന് മുതൽ മെയ് 14 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. തമിഴ്‌നാട്ടിലെ 1,17,524 പൊലീസുകാരിൽ 32,792 പേർ ആദ്യ ഡോസും 67,673 പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്. 17,059 പേർ വാക്‌സിന്റെ ഒരു ഡോസും സ്വീകരിച്ചിട്ടില്ല.
സംമൊത്തം പൊലീസുകാരിൽ ഈ വർഷം ഏപ്രിൽ 13 മുതൽ മെയ് 14 വരെയുള്ള കാലയളവിൽ 31 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ നാല് പേർ രണ്ട് ഡോസ് വാക്‌സിനും ഏഴ് പേർ ഒരു ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. 20 പേർ വാക്‌സിൻ സ്വീകരിച്ചിരുന്നില്ല. 34 മുതൽ 58 വരെ പ്രായമുള്ളവരാണ് മരിച്ചത്. ഇതിൽ 29 പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.
ആകെ റിപ്പോർട്ട് ചെയ്ത മരണത്തിൽ വാക്സിൻ സ്വീകരിക്കാത്തവർ, ഒരു ഡോസ് സ്വീകരിച്ചവർ, രണ്ട് ഡോസ് സ്വീകരിച്ചവർ എന്നിവരുടെ മരണനിരക്ക് യഥാക്രമം ആയിരം പൊലീസുകാരിൽ 1.17 ശതമാനം, 0.21 ശതമാനം, 0.06 ശതമാനം എന്നിങ്ങനെയാണ്.
കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിലെ മരണനിരക്ക് കുറവാണ് എന്ന് പഠനം തെളിയിക്കുന്നു. വാക്‌സിൻ സ്വീകരിക്കാത്തവരിൽ മരണനിരക്ക് ഉയർന്ന നിലയിലുമാണ്.