- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരാർ വ്യവസ്ഥ ലംഘനം; കാസർകോട് ടാറ്റ നിർമ്മിച്ച കോവിഡ് ആശുപത്രി ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി വഖഫ് ബോർഡ്
കാസർകോട് : സർക്കാരിന് നൽകിയ വഖഫ് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി വഖഫ് ബോർഡ്. കാസർകോട് ടാറ്റ കോവിഡ് ആശുപത്രിക്കായി നൽകിയ 1.66 ഏക്കർ തിരിച്ചു പിടിക്കാനാണ് നടപടി ആരംഭിച്ചത് . ആശുപത്രിക്കായി നൽകിയ ഭൂമിക്ക്, പകരം ഭൂമി വഖഫ് ബോർഡിന് നൽകാത്തതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് നീങ്ങിയത്
വഖഫ് ബോർഡ് കാസർകോട് ജില്ലാ പ്രസിഡന്റിന് നോട്ടീസയച്ചു. ഭൂമി കൈമാറിയത് കലക്ടറും വഖഫ് ബോർഡും സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളും തമ്മിലുള്ള കരാറിലൂടെയായിരുന്നു. വഖഫിന്റെ സ്വത്തിന് പകരം കൈമാറ്റം ചെയ്യാൻ പാടില്ലെന്നാണ് വഖഫ് നിയമം. ഏത് കാര്യത്തിനാണോ വഖഫ് ചെയ്തത് അതിന് വേണ്ടി ഉപയോഗിക്കണമെന്നാണ് വഖഫിന്റെ ഏറ്റവും അടിസ്ഥാനപരമായ തത്വം.
കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ കാസർകോഡ് കോവിഡ് ചികിത്സക്ക് ആശുപത്രിയില്ലാത്ത സാഹചര്യത്തിലാണ് സമസ്തക്ക് കീഴിലുള്ള വഖഫ് ഭൂമി കരാർ നിബന്ധനകളോടെയാണ് സർക്കാരിന് കൈമാറിയത്. കാസർകോട് ജില്ലാ കലക്ടർ സജിത്ത് ബാബു, വഖഫ് ബോർഡ് ചെയർമാൻ, വഖഫ് ട്രസ്റ്റിന്റെ ചെയർമാനും സമസ്ത നേതാവുമായ ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നീ ത്രികക്ഷി ചർച്ചക്കു ശേഷം ഇപ്പോൾ കൈമാറുന്ന 1.66 ഏക്കർ ഭൂമിക്ക് പകരം ചട്ടഞ്ചാൽ ആശുപത്രിക്ക് സമീപം തെക്കിൽ വില്ലേജിലെ 1.66 ഏക്കർ അളവിലുള്ള മറ്റൊരു സ്ഥലം കൈമാറാമെന്നായിരുന്നു കരാർ.
ഇളവുകളോടെ വഖഫ് ബോർഡ് വഖഫ് സ്വത്ത് കരാറിലൂടെ കൈമാറ്റം ചെയ്യാൻ അനുമതി നൽകുകയായിരുന്നു. പകരം ഭൂമിയായി പറഞ്ഞ സ്ഥലം ഇത്രയും കാലത്തിനിടയിൽ കൈമാറാത്ത സാഹചര്യത്തിലാണ് വഖഫ് ബോർഡ് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങുന്നത്. ടാറ്റ നിർമ്മിച്ച ആശുപത്രിക്ക് വേണ്ടി മലബാർ ഇസ്ലാമിക് കോപ്ലക്‌സിന്റെ വഖഫ് സ്ഥലം ഏറ്റെടുത്ത് കരാർ പ്രകാരം വാഗ്ദാനം ചെയ്ത പകരം സ്ഥലം ഇത് വരെ നൽകാത്ത സർകാർ നിലപാട് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ കമിറ്റിയും യൂത്ത് ലീഗും അറിയിച്ചു.
ജില്ലാ ഭരണകൂടവും സർകാറും വഞ്ചിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ നീതി നടപ്പിലാക്കി അടിയന്തിരമായും പകരം സ്ഥലം നൽകാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അതെ സമയം നേരത്തെ ഉണ്ടാക്കിയ കരാർ പ്രകാരം പകരം ഭൂമി വഖഫ് ബോർഡിന് നല്കാൻ നടപടികൾ വേഗത്തിലാക്കൻ നിർദ്ദേശം ലഭിച്ചതായി സൂചനയുണ്ട് .
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്