- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനം: തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണം കടുപ്പിച്ചു; പൊതുപരിപാടികൾക്ക് വിലക്ക്; എല്ലാ സർക്കാർ തല പരിപാടികളും യോഗങ്ങളും ഓൺലൈനാക്കാനും നിർദ്ദേശം
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു. ജില്ലയിൽ പൊതുപരിപാടികൾക്ക് ജില്ലാ കളക്ടർ വിലക്ക് ഏർപ്പെടുത്തി. കോവിഡ് ടിപിആർ നിരക്ക് 32.76 ആയതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ നടപടി.
സാംസ്‌കാരിക പരിപാടികൾ അടക്കമുള്ള കൂട്ടം കൂടലുകൾ നിരോധിച്ചു. 50ൽ താഴെ ആൾക്കാർ പങ്കെടുക്കാവുന്ന പരിപാടികൾ അടക്കം മാറ്റിവയ്ക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. കല്യാണം, മരണം എന്നിവയ്ക്ക് 50 പേരിൽ താഴെ മാത്രമെ പങ്കെടുക്കാവു. ഇക്കാര്യം പൊലീസ് ഉറപ്പ് വരുത്തണം.
മാളുകളിൽ 25 സ്‌ക്വയർഫീറ്റിൽ ഒരാൾ എന്ന കണക്കിൽ മാത്രമേ പ്രവേശനം അനുവദിക്കാവൂ. കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 15 ദിവസം അടച്ചിടണം. എല്ലാ സർക്കാർ തല പരിപാടികളും യോഗങ്ങളും ഓൺലൈനാക്കാനും നിർദ്ദേശം നൽകി.
ടിപിആർ 30 ന് മുകളിലുള്ള ജില്ലകളിൽ പൊതു പരിപാടികൾ നിരോധിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരത്ത് ഇന്ന് ആറുപേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ 3556 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ