- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓകിസിജൻ കിടക്കകളും ഐസിയുവുകളും ആവശ്യത്തിനുള്ളത് ആശ്വാസം; ഓമിക്രോൺ പടർന്ന് പിടിക്കുമ്പോഴും ആശങ്കകൾ അസ്ഥാനത്തെന്ന് വിലയിരുത്തൽ; നിയന്ത്രണങ്ങളിൽ തീരുമാനത്തിന് ഇന്ന് കോവിഡ് അവലോകന യോഗം; ഞായറാഴ്ച ലോക്ഡൗണിൽ തീരുമാനം എടുക്കും
തിരുവനന്തപുരം: ഞായറാഴ്ചയിലെ ലോക്ഡൗൺ പിൻവലിക്കാൻ സാധ്യത. ഞായറാഴ്ചയിൽ ലോക്ഡൗൺ സമാന സമാന നിയന്ത്രണം തുടരണമോ എന്നതുൾപ്പടെയുള്ള തീരുമാനങ്ങളെടുക്കാൻ കോവിഡ് അവലോകന യോഗം ഇന്നു ചേരും. നിയന്ത്രണങ്ങൾ തിരുവനന്തപുരം ജില്ലയിൽ ഫലം ചെയ്‌തെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. രോഗികളുടെ എണ്ണം വർധിച്ചുവരുന്ന എറണാകുളം ജില്ലയിൽ സ്ഥിതി പ്രത്യേകം പരിശോധിക്കും. ഓമിക്രോൺ ആണ് പടരുന്നത്. ഇത് അത്ര അപകടകാരിയല്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ വേണ്ടെന്ന ആലോചന.
അതിനിടെ രോഗ വ്യാപനം പ്രതിസന്ധിയാകുമെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് തന്നെ നിയന്ത്രണം അനിവാര്യമാണെന്ന വാദവും ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും ഇനി നിർണ്ണായകം. സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിനു മുകളിലാണ്. ഇന്നലെ 1,03,366 സാംപിളുകളുടെ ഫലം വന്നപ്പോൾ 51,570 പേർ പോസിറ്റീവായി. സ്ഥിരീകരണ നിരക്ക് (ടിപിആർ) 49.89%. നിലവിൽ 3,54,595 പേരാണ് ചികിത്സയിലുള്ളത്. 32,701 പേർ കോവിഡ് മുക്തരായി. 14 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 53,666. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ട്. കേരളത്തിൽ അത് അതിതീവ്രവും. അതുകൊണ്ട് തന്നെ ആലോചിച്ച് നിയന്ത്രണങ്ങളിൽ തീരുമാനം എടുക്കും.
ഇന്നലെ കേരളത്തിൽ 51,570 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂർ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂർ 1976, ഇടുക്കി 1565, വയനാട് 1338, കാസർഗോഡ് 769 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,362 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,14,734 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 12,628 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1259 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 3,54,595 കോവിഡ് കേസുകളിൽ, 3.4 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചതുകൊണ്ടുള്ള 87 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 374 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 53,666 ആയി.
ഇന്നലെ് രോഗം സ്ഥിരീകരിച്ചവരിൽ 177 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,776 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3178 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 439 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,701 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 7461, കൊല്ലം 1278, പത്തനംതിട്ട 3343, ആലപ്പുഴ 2018, കോട്ടയം 2425, ഇടുക്കി 1361, എറണാകുളം 1382, തൃശൂർ 1012, പാലക്കാട് 2489, മലപ്പുറം 1131, കോഴിക്കോട് 5562, വയനാട് 964, കണ്ണൂർ 1728, കാസർഗോഡ് 547 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,54,595 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 55,74,535 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
ജനുവരി 23 മുതൽ 29 വരെയുള്ള കാലയളവിൽ, ശരാശരി 2,98,567 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 0.9 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും 0.4 ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവിൽ, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 97,357 വർധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 41 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.
നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ, ആശുപത്രികൾ, ഫീൽഡ് ആശുപത്രികൾ, ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആഴ്ചയിൽ യഥാക്രമം 73%, 95%, 88%, 53%, 56% 149% വർധിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ