- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1550 രൂപയ്ക്കു പിപിഇ കിറ്റുകൾ വാങ്ങി; ഇംഗ്ലണ്ടിൽ നിന്ന് ഒരു കോടി ഗ്ലൗസ് ഇറക്കുമതി ചെയ്തു; ഗ്ലൗസിനു പരമാവധിവില നിശ്ചയിച്ച കോർപറേഷൻ തന്നെ നാലു ദിവസം കൊണ്ട് നിർദ്ദേശം ലംഘിച്ച് മൂന്നിരട്ടിയിലേറെ ഉയർന്ന വിലയ്ക്ക് ഓർഡർ കൊടുത്തു; കോവിഡ് കാലത്ത് നടന്നതെല്ലാം അഴിമതി തന്നെ
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) കോവിഡ് കാലത്ത് നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള സംശയങ്ങളും ദുരൂഹതകളും തുടരുന്നു. ജനങ്ങളുടെ രക്ഷയ്ക്കായി സ്വീകരിച്ച അടിയന്തര നടപടിയെ അഴിമതിയായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോഗ്യവകുപ്പിനെ ന്യായീകരിച്ചതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്.
ക്രമക്കേടു തെളിയിക്കുന്ന ഒട്ടേറെ നിർണായക രേഖകൾ ധനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരോപണങ്ങൾ എങ്ങനെ ഒതുക്കണം എന്ന ചർച്ചയിലാണ് ആരോഗ്യവകുപ്പ്. കെഎംഎസ്സിഎൽ എംഡി: ശ്രീറാം വെങ്കട്ടരാമനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇന്നലെ ഇതിനായി പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ട്. ഫയൽ നശിപ്പിക്കപ്പെട്ടത് അടക്കം നിരവധി വിവാദങ്ങൾ ആളിക്കത്തുന്നുണ്ട്. ഫയൽ കത്തലിൽ അന്വേഷണം എങ്ങുമെത്തുന്നില്ല.
കോവിഡ് കാലത്ത് ആരോഗ്യവകുപ്പു നടത്തിയ 49 ഇടപാടുകൾ സംശയകരമാണെന്നും അതുമായി ബന്ധപ്പെട്ട ഫയലുകൾ പൂർണ പരിശോധനയ്ക്കു വിധേയമാക്കണമെന്നുമാണു മുഖ്യമന്ത്രിയെ അനൗദ്യോഗികമായി അറിയിച്ചിരുന്നത്. എങ്കിലും നിയമസഭയിൽ ഉദ്യോഗസ്ഥർക്ക് അനുകൂലമായ വിശദീകരണം നൽകിയാൽ മതിയെന്ന തീരുമാനത്തെ തുടർന്നു തയാറാക്കിയ മറുപടിയാണു മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചത്.
1550 രൂപയ്ക്കു പിപിഇ കിറ്റുകൾ വാങ്ങിയത്, ഇംഗ്ലണ്ടിൽ നിന്ന് ഒരു കോടി ഗ്ലൗസ് ഇറക്കുമതി ചെയ്തത്, കോവിഡിന്റെ തുടക്കകാലത്തു ശുചീകരണത്തിനു ബ്ലീച്ചിങ് പൗഡർ വാങ്ങിയത്, തൃശൂരിൽ ആരോഗ്യ വകുപ്പിലെ കരാർ ജീവനക്കാരന്റെ സ്ഥാപനവുമായി 5 കോടിയുടെ ഇടപാടുകൾ നടത്തിയത്, കൂടിയ വിലയ്ക്കു തെർമോമീറ്റർ വാങ്ങിയത് എന്നിവയാണു സംശയമായി മാറുന്നത്. ഇറക്കുമതി ചെയ്തതിൽ ബാക്കിയായ 58.4 ലക്ഷം ഗ്ലൗസുകൾ തിരിച്ചെടുക്കാൻ കഴിഞ്ഞ ദിവസം വിതരണക്കാരനു മെഡിക്കൽ കോർപറേഷൻ കത്തു നൽകിയിട്ടുണ്ട്.
എല്ലാം സുതാര്യമായിരുന്നെങ്കിൽ എന്തിനു ഗ്ലൗസ് തിരികെ നൽകുന്നു എന്നാണു ചോദ്യം. വില നൽകി ഏറ്റെടുക്കാൻ ആരോഗ്യവകുപ്പ് സെക്രട്ടറി അനുമതി നൽകിയ ഗ്ലൗസുകളാണ് മന്ത്രി വീണാ ജോർജിന്റെ കർശന നിർദേശത്തെ തുടർന്നു തിരിച്ചെടുക്കാൻ വിതരണക്കാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്ലൗസിനു പരമാവധിവില നിശ്ചയിച്ച കോർപറേഷൻ തന്നെ നാലു ദിവസം കൊണ്ട് നിർദ്ദേശം ലംഘിച്ച് മൂന്നിരട്ടിയിലേറെ ഉയർന്ന വിലയ്ക്ക് ഓർഡർ കൊടുത്തതാണ് സംശയങ്ങൾക്ക് കാരണം.
2020 തുടക്കത്തിൽ 400450 രൂപയ്ക്കു മൂന്നു കമ്പനികളിൽ നിന്നു പിപിഇ കിറ്റ് വാങ്ങിയിരുന്ന കെഎംഎസ്സിഎൽ ഒരാഴ്ചയ്ക്കു ശേഷം സാൻ ഫാർമ എന്ന കമ്പനിക്ക് 1550 രൂപയ്ക്ക് ഓർഡർ നൽകിയതും ദുരൂഹമാണ്. ഒറ്റയടിക്ക് 9.3 കോടി രൂപയുടെ ഓർഡർ. അതും കെഎംഎസ്സിഎലുമായി നേരത്തേ ഇടപാടുകൾ നടത്തിയിട്ടില്ലാത്ത കമ്പനിക്ക്. ഈ ഇടപാടും ധനവകുപ്പിന്റെ പരിശോധനയിലാണ്.
മറുനാടന് മലയാളി ബ്യൂറോ