- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂൺ 22 ന് നാലാം തരംഗം; ഓഗസ്റ്റ് 23 ൽ മൂർധന്യത്തിൽ എത്തും; ഒക്ടോബർ 24 ആകുമ്പോഴേക്കും തീവ്രത കുറയും; ഓമിക്രോൺ എ ക്സ് ഇ വൈറസിന്റെ വ്യാപനശേഷി സമാനതകളില്ലാത്തതും; വാക്സിനേഷനും മാസ്കും ഗുണം ചെയ്യും; കോവിഡ് കണക്കുകൾ വീണ്ടും ഉയരുമ്പോൾ വേണ്ടത് ജാഗ്രത
കൊച്ചി: കേരളം വീണ്ടും കോവിഡ് ഭീതിയിൽ. നാലാം തരംഗം എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും മാസ് അടക്കം നിർബന്ധമാക്കി. കൊറോണ വൈറസ് ഒരു ആർഎൻഎ വൈറസ് ആയതിനാൽത്തന്നെ അതിന്റെ സഹജ സ്വഭാവമാണ് മ്യൂട്ടേഷൻ നടത്തിക്കൊണ്ടിരിക്കുക എന്നത്. ആർഎൻഎ വൈറസിന് അതിനുള്ള സവിശേഷ കഴിവുണ്ട്. അതുകൊണ്ട് ആർഎൻഎ വൈറസ് വീണ്ടും പുതിയ വകഭേദങ്ങളുമായി പ്രത്യക്ഷപ്പെടും, മ്യൂട്ടേഷൻ ഉണ്ടായി നാലാം തരംഗത്തിനുള്ള സാധ്യതയുണ്ടെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കരുതൽ തുടരേണ്ടി വരും. വാക്‌സിനേഷൻ രോഗ വ്യാപനത്തെ ഭീതിജനകമായ അന്തരീക്ഷമുണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ.
നാലാം തരംഗം ഉണ്ടായാലും ഇതിന്റെ തീവ്രത കുറവായിരിക്കും. കാരണം ഭൂരിഭാഗവും രണ്ടു ഡോസ് വാക്‌സീൻ എടുത്തിട്ടുണ്ട്. പകുതിയലധികം പേർക്കും ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഉണ്ട്. ഹെർഡ് ഇമ്മ്യൂണിറ്റി(സാമൂഹിക പ്രതിരോധം) ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. എഴുപതു ശതമാനത്തിലേറെ ആൾക്കാർക്ക് ഈ പറയുന്ന പ്രതിരോധ ശേഷി ഉണ്ടെങ്കിൽ അത് ഹെർഡ് ഇമ്മ്യൂണിറ്റിയിലേക്ക് പോകും. അങ്ങനെ വരുമ്പോൾ ശക്തമായ ഇംപാക്റ്റ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പിന്നെ വൈറസിന്റെ ഇൻഫെക്ടിവിറ്റി, അതിന്റെ പ്രഹരശേഷി, വ്യാപന ശേഷി അതൊക്കെ കാണാനിരിക്കുന്നതേ ഉള്ളൂ. ഇതിനേക്കാളുപരിയായി മുൻകാലങ്ങളിൽ കേസുകൾ കൈകാര്യം ചെയ്ത പരിചയം ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ഉണ്ട്. ആ പരിചയം നമുക്ക് ഗുണകരമാകും. അതുകൊണ്ട് നാലാം വരവ് ഉണ്ടാകുമെങ്കിലും തീവ്രമാകാനുള്ള സാധ്യത ഇല്ലെന്നാണ് തോന്നിയത്.
രാജ്യത്ത് കോവിഡ് കേസുകൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഉയരുന്നു. ഏപ്രിൽ 19 ചൊവ്വാഴ്ചയേ അപേക്ഷിച്ച് ഏപ്രിൽ 20 ന് കോവിഡ് കേസുകളിൽ 65 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഈ ഉയർച്ച അടുത്ത ദിവസവും ഉണ്ടായി. ഒരിടവേളയ്ക്ക് ശേഷം കോവിഡ് ഉയരുന്നതിലുള്ള ആശങ്കയിലാണ് മിക്ക സംസ്ഥാനങ്ങളും. ഡൽഹിയിൽ കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് സമീപ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശം നടപ്പിലാക്കി തുടങ്ങിയിരുന്നു. ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, മിസോറാം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്രം പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
ആദ്യത്തെ തരംഗത്തിലെ സാർസ് കൊറോണ വൈറസ്, രണ്ടാമത്തെ തരംഗത്തിൽ ഡെൽറ്റ വൈറസായി മൂന്നാം തരംഗത്തിൽ ഓമിക്രോൺ ആയി ആർഎൻഎ വൈറസ് തരംഗ മാതൃകയിൽ പടർന്നു പിടിക്കുകയാണ്. അത് ഇനിയും തുടരാം എന്നാണ് വിലയിരുത്തൽ. ഐഐടി കാൺപൂർ നടത്തിയ പഠനങ്ങൾ പറയുന്നത് ജൂൺ 22 ന് നാലാം തരംഗം ഉണ്ടാകും. അത് ഓഗസ്റ്റ് 23 ൽ മൂർധന്യത്തിൽ എത്തും. അതിനു ശേഷം ഒക്ടോബർ 24 ആകുമ്പോഴേക്കും അതിന്റെ തീവ്രത കുറയും എന്നാണ് പഠനം നൽകുന്ന സൂചന. ഇനി വരാനിരിക്കുന്നത് വ്യാപന ശേഷി കൂടിയ വൈറസാകും. പക്ഷേ വാക്‌സിനേഷൻ കാരണം ഇതിന് മരങ്ങളുണ്ടാക്കാനോ സങ്കീർണ്ണത കൂട്ടാനോ കഴിയില്ലെന്നതാണ് വസ്തുത.
തായ്ലൻഡിലെയും ചൈനയിലെയും പഠനങ്ങൾ പറയുന്നത് ഏറ്റവും കൂടുതൽ വ്യാപന ശേഷിയുള്ള വൈറസാണ് എക്‌സ്ഇ എന്നാണ്. ഡെൽറ്റയെക്കാളും വ്യാപന ശേഷി കൂടുതലായിരുന്നു ഒമിക്രോണിന്. ഒമിക്രോണിനെക്കാളും വ്യാപനശേഷിയായിരുന്നു ബിഎ1 വേരിയന്റിന്, ബിഎ 1 വേരിയന്റിനെക്കാളും വ്യാപനശേഷിയായിരുന്നു ബിഎ 2 വിന് ഉണ്ടായിരുന്നത്. ഈ അനുപാതം വച്ചു നോക്കുമ്പോൾ ഓമിക്രോൺ എക്‌സ്ഇ വ്യാപനശേഷി കൂടിയ വൈറസ്തന്നെയായിരിക്കും. എക്‌സ്ഇക്ക് ബിഎ2നേക്കാൾ പത്ത് മടങ്ങ് വ്യാപനശേഷി കൂടുതൽ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ഏജൻസികൾ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
നാലാം തരംഗത്തെയും അതിജീവിക്കണമെങ്കിൽ എല്ലാവരും നിർബന്ധമായും വാക്‌സീൻ എടുക്കുകയും മാസ്‌ക് ഉപയോഗം ഉറപ്പാക്കുകയും ചെയ്യണം. ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കേണ്ടതും അനിവാര്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഡൽഹിയിലെ കോവിഡ് വ്യാപനത്തെ തുടർന്ന് ഏറ്റവും ശക്തമായ ജാഗ്രത തുടരുന്നത് ഉത്തർപ്രദേശിലാണ്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി യുപി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഉത്തർപ്രദേശ് തലസ്ഥാനമായ ലക്‌നൗവിലും ഡൽഹിയോട് ചേർന്നു കിടക്കുന്ന ആറ് നാഷണൽ ക്യാപ്പിറ്റൽ റീജിയൻ(ചഇഞ) ജില്ലകളിലുമാണ് മാസ്‌ക് നിർബന്ധമാക്കിയത്.
രാജ്യ തലസ്ഥാനത്തോട് ചേർന്നു കിടക്കുന്ന ഗൗതം ബുദ്ധ് നഗർ, ഗസ്സിയാബാദ്, ഹപൂർ, മീററ്റ്, ബുലൻഷഹർ, ബാഹ്പാട്ട് എന്നിവിടങ്ങളിലും ലക്‌നൗവിലും മാസ്‌ക് നിർബന്ധമായും ധരിക്കണം. കൂടുതൽ നിയന്ത്രണങ്ങൾ വരുംദിവസങ്ങളിൽ ഉണ്ടായേക്കാമെന്നും ഉദ്യോഗസ്ഥർ സൂചന നൽകുന്നു.
മറുനാടന് മലയാളി ബ്യൂറോ