ന്യൂഡൽഹി: കോവിഡ് 19 രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ജനങ്ങൾ പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ കർശന നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ എട്ട് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

രാജ്യത്ത് പൊതുവിൽ ടിപിആർ കുറയുന്നുണ്ട്. എന്നാൽ കേരളം, ഗോവ, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ടിപിആർ 10ന് മുകളിലാണെന്നത് ആശങ്കയ്ക്ക് ഇടനൽകുന്നതാണ്.

വിനോദ സഞ്ചാര മേഖലകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതായുള്ള വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇക്കാര്യം പറഞ്ഞത്.

വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനാണ് ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ യോഗം ചേർന്നത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിലയിലാണുള്ളതെന്ന് യോഗം വിലയിരുത്തി.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടുതലായുള്ള സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് യോഗത്തിൽ നിർദ്ദേശം നൽകി. മാസ്‌ക്, സാമൂഹ്യ അകലം തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചുകൊണ്ടുമാത്രമേ വിനോദ സഞ്ചാരികളെ അനുവദിക്കാവൂ. വിനോദഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ സംസ്ഥാനങ്ങൾ പ്രത്യേക കരുതൽ എടുക്കണമെന്നും യോഗം നിർദ്ദേശിച്ചു.

മാസ്‌ക് ധരിക്കൽ, അകലം പാലിക്കൽ, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കൽ, വീട്ടിൽനിന്നു ജോലി ചെയ്യുക (വർക്ക് ഫ്രം ഹോം), ജോലിയുടെയും ബിസിനസിന്റെയും സമയം ക്രമീകരിക്കൽ, ശുചിത്വം പാലിക്കുക തുടങ്ങിയ കാര്യങ്ങളാണു കേന്ദ്രത്തിന്റെ മാർഗ നിർദ്ദേശങ്ങളിലുള്ളത്. പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോ ലഘൂകരിക്കുന്നതിനോ ഉള്ള തീരുമാനം കോവിഡ് സാഹചര്യം വിലയിരുത്തി മാത്രമാകണം.

കണ്ടെയ്ന്മെന്റ് പ്രദേശങ്ങളിൽ തുടർച്ചയായി ശ്രദ്ധിക്കണം. ഇളവുകൾ നടപ്പിലാക്കുന്നതിൽ ഏകീകൃത സ്വഭാവം വേണം. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് കോവിഡ് ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നു വ്യക്തമാക്കി എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്‌മിനിസ്‌ട്രേറ്റർമാർക്കും കത്ത് നൽകി.

കേരളം, ഗോവ, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് 19 സാഹചര്യവും വാക്സിനേഷൻ സംബന്ധിച്ച സ്ഥിതിയും യോഗത്തിൽ വിലയിരുത്തി. നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ, ചീഫ് സെക്രട്ടറിമാർ, ഡിജിപിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കാനും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ജൂലൈ 31ന് മുൻപ് ഉടനടി നടപ്പാക്കേണ്ട കോവിഡ് നിയന്ത്രണ നടപടികളെപ്പറ്റി ഉത്തരവ് പുറപ്പെടുവിച്ചെന്നും കേന്ദ്രം വ്യക്തമാക്കി.

കേസുകൾ കുറഞ്ഞാലും പ്രതിരോധ പ്രവർത്തനങ്ങൾ തുടരേണ്ടത് അത്യാവശ്യമാണെന്നു സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അറിയിച്ചിട്ടുണ്ട്. ഡൽഹിയിലെ വിവിധ മാർക്കറ്റുകളിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെപ്പറ്റി ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ, സ്റ്റാൻഡിങ് കോൺസൽ അനിൽ സോണി മുഖേന കേന്ദ്രം സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.