ന്യൂഡൽഹി: കോവിഡിനെ ചെറുക്കാൻ കൂടുതൽ കരുതലിന് ആലോചന സജീവം. കോവിഡ് വാക്‌സീനെടുത്ത് 9 മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് എടുത്തിരിക്കണമെന്ന പുതിയ നിബന്ധന കൊണ്ടുവരാൻ യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നുത് ഇതിന്റെ ഭാഗമാണ്.കേന്ദ്ര സർക്കാരും ബൂസ്റ്റർ ഡോസിനെ പറ്റിയുള്ള ആലോചനയിലാണ്. കോവിഡിനെ പിടിച്ചു കെട്ടിയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. എന്നാൽ പുതിയ തരംഗം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് ബൂസ്റ്റർ ഡോസിൽ പ്രധാനമന്ത്രി മോദിയും ഉടൻ തീരുമാനം എടുക്കും.

യൂറോപ്പിന്റെ ബൂസ്റ്റർ ഡോസ് മാതൃക എല്ലാവർക്കും ഏറ്റെടുക്കേണ്ടി വരും. വാക്‌സീനെടുത്ത് നിശ്ചിത കാലാവധി പിന്നിട്ടവരാണെങ്കിൽ രാജ്യാന്തര യാത്രയ്ക്ക് യാത്രയ്ക്ക് ബൂസ്റ്റർ ഡോസ് എടുക്കുകയോ ക്വാറന്റീൻ നിബന്ധനകൾ പാലിക്കുകയോ വേണം. കോവിഡിന്റെ പുതിയ തരംഗം യൂറോപ്പിൽ സജീവമാകുന്ന സാഹചര്യത്തിലാണ് ഇത്. വാക്‌സീൻ കാലാവധിക്കുള്ളിലുള്ളവർക്കു വീസയ്ക്കുൾപ്പെടെ മുൻഗണനന നൽകും. ജനുവരി 10 മുതൽ യൂറോപ്യൻ യൂണിയനിലെ മുഴുവൻ രാജ്യങ്ങളും പൂർണമായി തുറന്നുകൊടുക്കാനും ശുപാർശയുണ്ട്. ഇതിനിടെ, യൂറോപ്യൻ യൂണിയൻ 5-11 പ്രായക്കാർക്കു ഫൈസർ വാക്‌സീൻ നൽകാൻ അനുമതി നൽകി.

റഷ്യയുടെ സ്പുട്‌നിക് വാക്‌സീന്റെ ഒറ്റ ഡോസ് പതിപ്പായ 'സ്പുട്‌നിക് ലൈറ്റ്' അടുത്ത മാസം ഇന്ത്യയിൽ ലഭ്യമാകും. പ്രത്യേക ട്രയൽ ആവശ്യമില്ലെന്നു കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബൂസ്റ്റർ ഡോസായി സ്പുട്‌നിക് ലൈറ്റ് നൽകാൻ കഴിയുമോയെന്ന് സർക്കാർ പരിഗണിക്കുമെന്നാണു കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഒറ്റ ഡോസ് കൊണ്ട് 79.4% ഫലപ്രാപ്തി ലഭിക്കുന്നുവെന്നാണു റഷ്യയിൽ നടന്ന ട്രയൽ ഫലം വ്യക്തമാക്കുന്നത്. 2 ഡോസ് എടുത്താൽ 91.6% ആണ് ഫലപ്രാപ്തി. ഈ സാഹചര്യത്തിലാണ് ഈ വാക്‌സിനെ കുറിച്ചുള്ള ആലോചനകൾ.

കോവിഡിനെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസ് നൽകുന്നത് നല്ലതാണ് എന്നതിന് ഇതുവരെ ശാസ്ത്രീയ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് രാജ്യത്തെ പ്രമുഖ പൊതുമേഖല മെഡിക്കൽ ഗവേഷണ സ്ഥാപനമായ ഐസിഎംആർ നേരത്തെ വ്യക്തമാക്കിയിരുന്നു. സമ്പൂർണ വാക്‌സിനേഷനാണ് കേന്ദ്രസർക്കാരിന്റെ മുന്നിലെ പ്രധാന പരിഗണന. പ്രായപൂർത്തിയായ എല്ലാവർക്കും രണ്ടു ഡോസ് വാക്‌സിനും ലഭിച്ചു എന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതിന് ശേഷം മാത്രമേ ബൂസ്റ്റർ ഡോസ് ചർച്ചകൾ ഉണ്ടാകൂവെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ റഷ്യൻ വാക്‌സിൻ എത്തിയാൽ അതുപയോഗിച്ച് വേണ്ടവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാനാകും.

ലോകത്താകമാനം സമ്പൂർണ വാക്‌സിനേഷൻ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യവും കേന്ദ്ര സർക്കാരിന് ഉണ്ട്. ഇതിന് പുറമേ ബൂസ്റ്റർ ഡോസ് നൽകുന്നത് ഗുണം ചെയ്യും എന്നതിനെ പിന്താങ്ങുന്ന ശാസ്ത്രീയ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഐസിഎംആർ നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ,സമ്പൂർണവാക്‌സിനേഷനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ ബൂസ്റ്റർ ഡോസിനെ കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഖത്തറും ഇക്കാര്യത്തിൽ ചില പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. വിദേശങ്ങളിൽനിന്ന് ആസ്ട്ര സെനക ഉൾപ്പെടെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഖത്തറിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഇവർക്ക് ആറു മാസം തികഞ്ഞാൽ ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിനോ മൊഡേണ വാക്സിനോ നൽകും. രണ്ട് തരം വാക്സിനുകൾ സ്വീകരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്നും അവർ പറഞ്ഞു. പുതിയ തീരുമാനം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഗുണകരമാണ്.

ലോകകപ്പ് പാശ്ചാത്തലത്തിൽ വാക്സിനേഷൻ ഊർജിതമാക്കുകയാണ് രാജ്യം. കൊറോണ മുക്ത ലോകകപ്പ് സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ നേരത്തെ വ്യക്തമാക്കിയിരുന്നു. കാണികൾക്കായി പത്ത് ലക്ഷം കോവിഡ് വാക്സിൻ ഒരുക്കുമെന്ന് ഖത്തർ പ്രഖ്യാപിച്ചിട്ടുണ്ട്.