ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ നാലാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെയാകുമെന്ന് വിലയിരുത്തൽ.രാജ്യതലസ്ഥാനത്തു കോവിഡ് നിരക്കു കൂടുകയാണെന്ന് ഐഐടി മദ്രാസിന്റെ പഠനം. കൊറോണ വൈറസിന്റെ വ്യാപനം കണക്കാക്കുന്ന 'ആർ' ഘടകം (പുനരുൽപാദന/വ്യാപന നിരക്ക്) ഈയാഴ്ച 2.1 ആയി. വൈറസ് ബാധിച്ച ഒരാൾ മറ്റു രണ്ടുപേർക്കു രോഗം കൈമാറുന്നുവെന്നാണു പഠനത്തിൽ കണ്ടെത്തിയത്.

'കോവിഡിന്റെ നാലാം തരംഗം ഉടനുണ്ടാകുമെന്നു പ്രവചിക്കുന്നതു വളരെ നേരത്തേയാകും. എന്നാൽ, കോവിഡ് ബാധിച്ച ഒരാൾ, മറ്റു രണ്ടുപേർക്കു വൈറസ് ബാധയ്ക്കു കാരണമാകുന്നുണ്ട് എന്നതു യാഥാർഥ്യമാണ്. ജനങ്ങളുടെ പ്രതിരോധനിലയെ കുറിച്ചും മൂന്നാം തരംഗത്തിൽ രോഗം വന്നവർക്കു വീണ്ടും കോവിഡ് വരുമോയെന്നതും നമുക്കിപ്പോൾ പറയാനാവില്ല. മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിൽ കേസുകൾ വളരെ കുറവാണ്' ഐഐടി മദ്രാസിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ജയന്ത് ഝാ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

മഹാമാരി നിയന്ത്രണവിധേയമാകണമെങ്കിൽ ആർ നിരക്ക് ഒന്നിലും താഴെ എത്തണമെന്നാണു ശാസ്ത്രസമൂഹം വിലയിരുത്തുന്നത്. ഐഐടി മദ്രാസിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് മാത്തമാറ്റിക്‌സ് ആൻഡ് സെന്റർ ഓഫ് എക്‌സ്‌ലൻസ് ഫോർ കംപ്യൂട്ടേഷനൽ മാത്തമാറ്റിക്‌സ് ആൻഡ് ഡേറ്റാ സയൻസ് വിഭാഗമാണു പഠനം നടത്തിയത്. പ്രഫസർമാരായ നീലേഷ് എസ്.ഉപാധ്യായ്, എസ്.സുന്ദർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. ഡൽഹിയിൽ 1.3 എന്ന കണക്കിൽനിന്നാണ് ആർ നിരക്ക് 2.1 ആയി വർധിച്ചത്.

കോവിഡ് കൂടുന്ന ന്യൂഡൽഹിയിൽ 1,042 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്തത്. 4.64 ആണ് പോസിറ്റിവിറ്റി നിരക്ക്. ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2.12 ആണു കൂടുതൽ സാംപിളുകളിലും കണ്ടെത്തിയത്. കോവിഡ് കേസുകൾ ഉയരുന്നതിനാൽ ഡൽഹിയിൽ മാസ്‌ക് വീണ്ടും നിർബന്ധമാക്കി. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 500 രൂപ പിഴ ചുമത്തും.

രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും രണ്ടായിരത്തിലേറെ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. ഇന്നലെ 2527 പേരാണു പോസിറ്റീവായത്. ഇതോടെ, രാജ്യത്ത് ആകെ പോസിറ്റീവായവരുടെ എണ്ണം 4,30,54,952 ആയി. ഇതിൽ 15,079 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഇന്നലെ 838 പേരുടെ വർധനയുണ്ടായി.പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യം ചർച്ച ചെയ്യും.