തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്നു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനായി അവലോകന യോഗം ഇന്ന് ചേരും. കൂടുതൽ ജില്ലകൾ കടുത്ത നിയന്ത്രണങ്ങളുടെ പരിധിയിൽ വന്നേക്കുമെന്നാണ് സൂചനകൾ. തിരുവനന്തപുരം ജില്ലയിൽ പരിശോധിക്കുന്നവരിൽ രണ്ടിൽ ഒരാൾക്ക് കോവിഡ് എന്ന വിധത്തിലാണ് രോഗവ്യാപനം. ഈ സ്ഥിതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് നിഗമനം.

നിലവിൽ കാറ്റഗറി തിരിച്ച് ജില്ലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമാണെന്നാണ് വിലയിരുത്തൽ. അടുത്ത മാസം ആറുവരെ അരലക്ഷത്തിനടുത്ത് പ്രതിദിനരോഗികൾ ഉണ്ടാകുമെന്നാണ് സർക്കാരിന് ലഭിച്ച പുതിയ പ്രൊജക്ഷൻ റിപ്പോർട്ടിലുള്ളത്.

ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതലാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ വരിക. നിലവിൽ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയിലുള്ളത്. ഈ മാനദണ്ഡം കണക്കിലെടുത്താൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾ സി വിഭാഗത്തിലുൾപ്പെടാൻ സാധ്യതയുണ്ട്. മൂന്നു ജില്ലകളിലും കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം കവിഞ്ഞു.

കാറ്റഗറി എയിലുള്ള മലപ്പുറത്തും നിയന്ത്രണങ്ങളിൽപ്പെടാത്ത കോഴിക്കോടും രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഈ ജില്ലകളിലും കൂടുതൽ നിയന്ത്രണം വന്നേക്കും. ജില്ല തിരിച്ച് ഏർപ്പെടുത്തിയിട്ടുള്ള ആൾക്കൂട്ട നിയന്ത്രണത്തോട് ജനങ്ങൾ സഹകരിക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഈ രീതിയും ഞായറാഴ്ച ലോക്ഡൗണും തുടർന്നേക്കും.