- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിൽ ഒറ്റ ദിവസം കൊണ്ട് രാജ്യത്തുണ്ടായത് ഇരട്ടിയോളം വർധന; ഒരാഴ്ച്ചത്തെ കണക്കിൽ ഉണ്ടായത് 35 ശതമാനം കേസുകളുടെ വർധനയും; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ; എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോങ്കോങ്ങ്; ആശങ്ക പടർത്തി വീണ്ടും രാജ്യത്ത് കോവിഡ് കുതിക്കുന്നു
ഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ അപേക്ഷിച്ച് ഇന്നലെ മാത്രം ഇരട്ടിയോളം വർധനയാണ് കോവിഡ് കേസിൽ ഉണ്ടായിരിക്കുന്നത്.214 മരണവുമുണ്ട്.അവധി ദിവസങ്ങളിലെ കേസുകളുൾപ്പെടെ ഇന്നലെ ഒരുമിച്ചു റിപ്പോർട്ട് ചെയ്തതാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ, ഒരാഴ്ചത്തെ കണക്കെടുത്താൽ കേസുകളിൽ 35% വർധനയുണ്ട്. ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കവിഞ്ഞു.
എന്നാൽ, ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നില്ലെന്നതാണ് ആശ്വാസമാകുന്നത്. കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഡൽഹി, യുപി, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. യുപിയിലെ 7 ജില്ലകളിൽ മാസ്‌ക് വീണ്ടും കർശനമാക്കി. ഹരിയാനയിൽ 4 ജില്ലകളിൽ മാസ്‌ക് നിർബന്ധമാക്കി.
നേരത്തേ, നിർബന്ധിത മാസ്‌ക് ഉപയോഗം ഒഴിവാക്കിയ ഡൽഹി ദുരന്തനിവാരണ അഥോറിറ്റിയുടെ നാളത്തെ യോഗത്തിൽ തുടർനടപടി തീരുമാനിക്കും.ആശങ്കപ്പെടേണ്ട സാഹചര്യം ഡൽഹിയിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.എന്നാൽ പ്രതിദിന കോവിഡ് റിപ്പോർട്ടിങ്ങിൽ കേരളം ഗുരുതര വീഴ്ച വരുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരിനു കത്തെഴുതി.
കഴിഞ്ഞ 5 ദിവസമായി കേരളം കോവിഡ് കണക്കുകൾ നൽകിയിട്ടില്ല. ഈ സമീപനം പ്രതിരോധത്തെ ബാധിക്കുമെന്നും പ്രതിദിന റിപ്പോർട്ടിങ്ങിൽ മുടക്കം പാടില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ കേരളത്തിലെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്ക് എഴുതിയ കത്തിൽ പറയുന്നത്.
അതേസമയം യാത്രക്കാർ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങ് ഈ മാസം 24 വരെ വിലക്കേർപ്പെടുത്തി. കഴിഞ്ഞ ദിവസം എത്തിയ 3 യാത്രക്കാർ കോവിഡ് പോസിറ്റീവ് ആണെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു. വിലക്കിന്റെ പശ്ചാത്തലത്തിൽ ഇന്നു മുതൽ 24 വരെ അവിടേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.
മറ്റു വിമാനങ്ങളിൽ എത്തുന്നവർ 48 മണിക്കൂർ മുൻപുള്ള നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്ന് ഹോങ്കോങ് അധികൃതർ അറിയിച്ചു. യാത്രക്കാരെ വിമാനത്താവളത്തിലും പരിശോധിക്കും.
മറുനാടന് മലയാളി ബ്യൂറോ