- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടു പിടിക്കാനായി മാസ്ക്ക് വലിച്ചെറിഞ്ഞു ചിരിച്ച മുഖവുമായി സ്ഥാനാർത്ഥികൾ; നേതാക്കളെ കാണാൻ ഇരമ്പിയാർത്ത് അണികൾ; കോവിഡ് അതിവേഗം പടരാൻ കാരണം തിരഞ്ഞെടുപ്പ് ചൂട് തന്നെ; പ്രതിദിന കോവിഡ് കണക്ക് പതിനായിരത്തിലെത്തിയേക്കുമെന്ന് ആശങ്കയിൽ കൂടുതൽ സി.എഫ്.എൽ.ടി.സി.കൾ തുറക്കും; കൂട്ട വാക്സിനേഷനുമായി ആരോഗ്യ വകുപ്പും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഭരണനേതൃത്വം നിയമസഭാ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്നതോടെ പ്രതിരോധപ്രവർത്തനങ്ങൾ പാളിയതാണ് ഇപ്പോൾ കോവിഡ്നിരക്ക് ഉയരാൻ ഉയർന്നത്. എന്നാൽ, തെരഞ്ഞെടുപ്പു കാലത്ത് സർക്കാറിനെ പ്രതിരോധത്തിലാക്കാതിരിക്കാൻ കണക്കുകൾ കുറച്ചുകാട്ടിയെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
രാഷ്ട്രീയനേതൃത്വം പൂർണമായും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. പൊലീസുകാർ അടക്കമുള്ള ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയമിതരായതോടെ പരിശോധനാ നടപടികളും വഴിപാടായി. നിയന്ത്രണ ഉത്തരവുകൾ നിലവിലുണ്ടെങ്കിലും ആരോഗ്യവകുപ്പിലെ ഉന്നതോദ്യോഗസ്ഥർതന്നെ നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിച്ചുവെന്നുമാണ് ഉയരുന്ന ആക്ഷേപങ്ങൾ.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവർത്തിച്ചെങ്കിലും ആൾക്കൂട്ടം പതിവായി. ഭരണ, പ്രതിപക്ഷ കക്ഷികൾ ആളെക്കൂട്ടുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു. മുഖാവരണമില്ലാതെ പ്രചാരണത്തിന് ഇറങ്ങിയ ചില നേതാക്കളും അണികൾക്ക് തെറ്റായസന്ദേശം നൽകി. നേതാക്കളെ കാണാൻ അണികൾ ചുറ്റുകൂടിയതും കാര്യങ്ങൾ വഷളാക്കി.
സാമൂഹിക അകലം പാലിക്കാതെ യോഗങ്ങളും റാലികളും നടന്നപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനും കാര്യമായി ഇടപെട്ടില്ല. പ്രചാരണം അവസാനിപ്പിക്കുന്ന ദിവസത്തെ കൊട്ടിക്കലാശവും ബൈക്ക് റാലികളും കമ്മിഷൻ നിരോധിച്ചെങ്കിലും ആൾക്കൂട്ടം ഒഴിവാക്കാൻ പര്യാപ്തമായിരുന്നില്ല. പ്രതിദിന രോഗപരിശോധന ഒരു ലക്ഷത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പല ആവർത്തി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ മാസംപോലും പ്രതിദിന രോഗപരിശോധന 55,000-ൽ താഴെയായിരുന്നു. റെയിൽവേ ഒഴികെയുള്ള പൊതുവാഹനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ലംഘിക്കപ്പെട്ടു. ബസുകളിൽ ആളെക്കുത്തിക്കയറ്റി പഴയപടി യാത്ര ആരംഭിച്ചു. യാത്രക്കാരുടെ എണ്ണം കുറച്ച് ബസ് ഓടിക്കുമെന്ന പ്രഖ്യാപനം ജനങ്ങൾതന്നെ തള്ളിക്കളഞ്ഞു.
ഇപ്പോഴത്തെ ഘട്ടത്തിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിലെത്തിയേക്കുമെന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അതത് പ്രദേശങ്ങളിൽ കോവിഡ് പ്രാഥമികചികിത്സാ കേന്ദ്രങ്ങൾ (സി.എഫ്.എൽ.ടി.സി.) അടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കും. നിലവിലുണ്ടായിരുന്ന പല കേന്ദ്രങ്ങളും രോഗികളുടെ എണ്ണം കുറഞ്ഞതോടെ നിർത്തലാക്കിയിരുന്നു. കളക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ആശുപത്രികളിലെ ചികിത്സാസൗകര്യം വർധിപ്പിക്കുന്നതിനൊപ്പം മെഡിക്കൽ കോളേജുകളിൽ ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യവും സജ്ജമാക്കും. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികൾക്ക് വീട്ടിലെ ചികിത്സ തുടരും. വീടുകളിൽ സൗകര്യമുള്ളവർക്ക് മാത്രമാകും ഇതിന് അനുമതി നൽകുക. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. വെള്ളിയാഴ്ച രോഗികളുടെ എണ്ണം 5000 കടന്നു. നിലവിൽ 560-ഓളം രോഗികളാണ് ഐ.സി.യു.വിൽ കഴിയുന്നത്. 168 പേർക്ക് വെന്റിലേറ്ററിന്റെ സഹായവും നൽകിയിട്ടുണ്ട്.
ക്രഷിങ് ദ കർവ് കർമപദ്ധതി: കൂട്ട വാക്‌സിനേഷൻ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്
45 വയസ്സിനുമുകളിലുള്ള പരമാവധി പേർക്ക് ഒരു മാസത്തിനുള്ളിൽ കോവിഡ് പ്രതിരോധമരുന്ന് നൽകാനുള്ള കൂട്ടവാക്സിനേഷൻ നടപ്പാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം സൂചിപ്പിക്കുന്ന ഗ്രാഫ് താഴ്‌ത്തിക്കൊണ്ടുവരുന്നതിനായി 'ക്രഷിങ് ദ കർവ്' എന്ന പേരിലുള്ള കർമപദ്ധതിയാണ് ലക്ഷ്യം.
രോഗം ബാധിച്ചിട്ടില്ലാത്തവരെ സുരക്ഷിതരാക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ മരുന്നുവിതരണം വേഗത്തിലാക്കുന്നത്. 11.48 ലക്ഷം പേർക്ക് രോഗം പിടിപെട്ടിട്ടുണ്ട്. സിറോ സർവയലൻസ് സർവേ പ്രകാരം സംസ്ഥാനത്ത് 11 ശതമാനത്തോളം പേർ കോവിഡ് വന്നുപോയത് അറിഞ്ഞിട്ടില്ല. 95 ശതമാനത്തിലധികം ആരോഗ്യ പ്രവർത്തകർക്കും വാക്സിനെടുത്തു. ആവശ്യത്തിന് വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യപ്രവർത്തകരിൽ 4,90,625 പേർ ആദ്യ ഡോസും 3,21,209 പേർ രണ്ടാംഡോസും സ്വീകരിച്ചു. മുൻനിരപ്രതിരോധ പ്രവർത്തകരിൽ 1,13,191 പേരാണ് ആദ്യഡോസ് സ്വീകരിച്ചത്. 76,104 പേർ രണ്ടാംഡോസും കുത്തിവെച്ചു. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന 3,27,167 ഉദ്യോഗസ്ഥർക്ക് ആദ്യ ഡോസും 20,336 പേർക്ക് രണ്ടാം ഡോസും നൽകി. 45-നുമേൽ പ്രായമുള്ള 29,66,007 പേർക്ക് ആദ്യ ഡോസ് നൽകി. 36,327 പേർ രണ്ടാം ഡോസും സ്വീകരിച്ചു. അറുപതിനുമേൽ പ്രായമായവരും 45-നുമേൽ പ്രായമായ മറ്റുരോഗമുള്ളവരും അടക്കമാണിത്.
3 ആഴ്ചയ്ക്കുള്ളിൽ കേസുകൾ കുറയുമെന്ന് വിലയിരുത്തൽ
സംസ്ഥാനത്ത് ഇന്നലെ 5063 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 63,240 സാംപിളുകളാണു പരിശോധിച്ചത്. പോസിറ്റിവിറ്റി നിരക്ക് 8.01 %. ഫെബ്രുവരി 13നു ശേഷം ആദ്യമായാണ് പ്രതിദിന കേസുകൾ 5000 കടക്കുന്നത്. ഇന്നലെ ഉറവിടം കണ്ടെത്താത്ത കേസുകൾ 413; കേരളത്തിനു പുറത്തു നിന്നു വന്നവർ 162; ആരോഗ്യപ്രവർത്തകർ 25. 2475 പേർ കോവിഡ് മുക്തരായി. 36,185 പേരാണു ചികിത്സയിലുള്ളത്. 22 മരണം കൂടി. ആകെ മരണം 4750. ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് 715, എറണാകുളം 607, കണ്ണൂർ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂർ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസർകോട് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152.
അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകൾ 3 ആഴ്ചയ്ക്കുള്ളിൽ കുറഞ്ഞു തുടങ്ങുമെന്ന് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് പ്രചാരണവും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വരവും വ്യാപനത്തിന്റെ തോത് ഉയർത്താൻ സാധ്യതയുണ്ട്. ഒരാഴ്ചയിലധികം സംസ്ഥാനത്തു തങ്ങുന്നവർ ക്വാറന്റീനിൽ കഴിയുന്നുവെന്ന് ഉറപ്പാക്കണമെന്ന് എല്ലാ വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശം നൽകി. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വാക്‌സീൻ സ്വീകരിച്ചശേഷം വരുന്നവർ ക്വാറന്റീനിൽ കഴിയേണ്ടതില്ല. ഒരാഴ്ചയിൽ കൂടുതൽ സംസ്ഥാനത്തു തങ്ങുന്നെങ്കിൽ അവർ സ്വയം നിരീക്ഷണത്തിലായിരിക്കണം. വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധനയ്ക്കു വിധേയമാകണം.
തിരഞ്ഞെടുപ്പു കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പാളിച്ച പറ്റിയിട്ടുണ്ടെന്ന് ഉന്നതതല യോഗത്തിനുശേഷം മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പലരും മാസ്‌ക് ധരിച്ചിരുന്നെങ്കിലും അകലം പാലിക്കാനായില്ല. ബാക് ടു ബേസിക്‌സ് ക്യാംപെയ്ൻ ശക്തമാക്കും. ചടങ്ങുകൾക്ക് ആൾക്കൂട്ടം കുറയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം. പ്രതിരോധ പ്രവർത്തനങ്ങൾ വീണ്ടും ശക്തമാക്കും. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികൾക്കു സൗകര്യങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ചികിത്സ തുടരാം. അതിനുള്ള സൗകര്യങ്ങൾ അതിനുള്ള അനുമതി നൽകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞുആദ്യഘട്ടത്തിൽ കേസുകൾ ക്രമേണയാണ് ഉയർന്നതെങ്കിൽ രണ്ടാം തരംഗത്തിൽ അതിവേഗമാണു വർധന.
പിണറായിയുടെയും ഉമ്മൻ ചാണ്ടിയുടെയും നില തൃപ്തികരം
കോവിഡ് ബാധിച്ചു ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഗവ.മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ന്യുമോണിയ ബാധയില്ല. ഇന്നലെ വിവിധ സ്‌കാനിങ്ങുകൾ നടത്തി. വകുപ്പു മേധാവികൾ ഉൾപ്പെടുന്ന പത്തംഗ മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിലാണു ചികിത്സ. ഈ നിലയിൽ മുന്നോട്ടുപോയാൽ 45 ദിവസത്തിനകം കോവിഡ് ഭേദമാകുമെന്നു പ്രതീക്ഷിക്കുന്നതായി മെഡിക്കൽ കോളജിലെത്തിയ മന്ത്രി കെ.െക. ശൈലജ പറഞ്ഞു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു. പനിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ല.
മറുനാടന് മലയാളി ബ്യൂറോ