ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് വ്യാപനതോത് വർദ്ധിക്കുകയാണെന്നു തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒപ്പം മരണനിരക്കും, ചികിത്സതേടി ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണവും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ ബ്രിട്ടനിൽ 32,058 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 31 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

അതുപോലെ ഇന്നലെ 104 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 14 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട് ഇക്കാര്യത്തിൽ. ഇതോടെ 1,31,581 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. എന്നാൽ, ഒ എൻ എസ് പ്രസിദ്ധീകരിച്ച പുതിയ കണക്കുകൾ പ്രകരം 1,56,000 പേർ കോവിഡ് മൂലം ബ്രിട്ടനിൽ മരണമടഞ്ഞിട്ടുണ്ട്. അതുപോലെ ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് ഓഗസ്റ്റ് 17 ന് 948 കോവിഡ് രോഗികളേയാണ് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുള്ളത് തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 6.6 ശതമാനത്തിന്റെ വർദ്ധനവ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്.

വാക്സിനേഷൻ പദ്ധതി പൂർത്തീകരിച്ചാലും ഏതുനിമിഷവും വൈറസ് പൂർവ്വാധികം ശക്തിയോടെ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റ് ഡോക്ടർ ക്രിസ് സ്മിത്ത് പറയുന്നത്. അതേസമയം വാക്സിന്റെ ബൂസ്റ്റർ ഡോൾസ് അടുത്തമാസം മുതൽ നൽകിത്തുടങ്ങാനാകുമെന്ന് ആരോഗ്യ സെക്രട്ടറി സജിദ് വാജെദ് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ, ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും കോവിഡ് പാടെ നീക്കം ചെയ്യാതെ ഈ പകർച്ചവ്യാധിയെ നിർമ്മാർജ്ജനം ചെയ്തു എന്ന് അവകാശപ്പെടാനാവില്ലെന്നാണ് ഡോ. ക്രിസ് സ്മിത്ത് പറയുന്നത്. അത് ഏതു നിമിഷവും തിരിച്ചടിക്കാം.

ലോകത്തിന്റെ ഒരു കോണിലുള്ള രാജ്യത്തിലെ ചെറിയൊരു നഗരത്തിൽ വളരെ കുറച്ചുപേരെ മാത്രം ബാധിച്ചാണ് ഈ മഹാമാരി തുടങ്ങിയതെന്ന കാര്യം മറക്കരുതെന്നു പറഞ്ഞ അദ്ദേഹം അതുപോലെ, എവിടെയെങ്കിലും ഒരു തരി അവശേഷിച്ചാൽ അത് വീണ്ടും കാട്ടുതീ പോലെ പടർന്നു പിടിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതുകൊണ്ടു തന്നെ ഇതുവരെ നാം എടുത്ത കരുതലുകളൊന്നും ഒഴിവാക്കരുതെന്നും അദ്ദേഹം പറയുന്നു. വരുന്ന ശൈത്യകാലത്ത് കൂടുതൽ കരുതൽ ആവശ്യമായി വരുമെന്നും അദ്ദേഹം പറയുന്നു.