ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ച് ഉയരുന്നു. ഇരുപത്തിനാലുമണിക്കൂറിനിടെ 25,553 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 1,22,801 ആയും ഉയരുകയും ചെയ്തു. ഓമിക്രോൺ രോഗികളുടെ എണ്ണം 1525 ആയാണ് ഉയർന്നത്. ഇതുവരെ ഓമിക്രോൺ മുക്തരായവരുടെ എണ്ണം 56 ആയി. മഹാരാഷ്ട്രയിൽ ആണ് ഏറ്റവും കുടുതൽ പ്രതിദിന രോഗികൾ. ഇന്നലെ 9,170 പേർക്കാണ് രോഗബാധ. 7 പേർ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

32,225 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയിൽ ഇതുവരെ 460 പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. 180 പേർ രോഗമുക്തരായി.രാജ്യത്ത് ഏറ്റവും കുടുതൽ കോവിഡ്, ഓമിക്രോൺ കേസുകൾ മഹാരാഷ്ട്രയിലാണ്.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമത് പശ്ചിമബംഗാളാണ്. ഇരുപത്തിനാലുമണിക്കൂറിനിടെ നാലായിരത്തി അഞ്ഞുറോളം പേർക്കാണ് രോഗബാധ. 1913 പേർ രോഗമുക്തി നേടിയപ്പോൾ 9 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ സംസ്ഥാനത്ത് 13,300 സജീവകേസുകളാണ് ഉള്ളത്. ഇതുവരെ 16,09,914 പേർ രോഗമുക്തി നേടിയപ്പോൾ മരിച്ചവരുടെ എണ്ണം 19,773 കടന്നു.

കർണാടകയിലും ഡൽഹിയിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായി. 1033 പേർക്കാണ് കർണാടകയിൽ രോഗം സ്ഥിരീകരിച്ചത്. 354 പേർ രോഗമുക്തി നേടി. 5 പേർ മരിച്ചു. ഡൽഹിയിൽ 2,716 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെത്താക്കൾ ഇരട്ടിയാണ് രോഗികളുടെ എണ്ണത്തിൽ വർധന. നിലവിൽ 6,360 സജീവകേസുകളാണ് ഉള്ളത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,75,225 വാക്‌സിൻ ഡോസുകളാണ് രാജ്യത്താകമാനം നൽകിയത്. ഞായറാഴ്ച രാവിലെ ഏഴ് മണിവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ ഇന്ത്യയിൽ ആകെ നൽകിയ വാക്‌സിനേഷൻ ഡോസുകളുടെ എണ്ണം 145.44 കോടി (1,45,44,13,005) കവിഞ്ഞു. രാജ്യത്തുടനീളം കോവിഡ് പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 1.35 ശതമാനവുമാണ്. രാജ്യത്ത് ഇതുവരെ നടത്തിയത് 68 കോടി കോവിഡ് ടെസ്റ്റുകളാണ്.