- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയം തിയേറ്ററുകളെ കൂടുതൽ സജീവമാക്കി; മേപ്പടിയാനും വാരിക്കൂട്ടി; അപ്രതീക്ഷിതമായി വീണ്ടും കൂടുതൽ ജില്ലകൾ സി കാറ്റഗറിയിലേക്ക്; ആറാട്ട് അടക്കം റിലീസിങ് മാറ്റാൻ സാധ്യത; എറണാകുളത്തെ സാഹചര്യവും രോഗവ്യാപനത്തിന്റേത്; കോവിഡ് വാർറൂം വീണ്ടും സെക്രട്ടറിയേറ്റിൽ; ഓമിക്രോൺ പ്രതിസന്ധി തുടരുമ്പോൾ
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചതോടെ വീണ്ടും സമ്പൂർണ്ണ നിയന്ത്രണങ്ങൾക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളെയാണ് പുതിയതായി സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സി കാറ്റഗറിയിൽ 5 ജില്ലകളായി. കൂടുതൽ ജില്ലകൾ സി കാറ്റഗറിയിൽ എത്താൻ സാധ്യത ഏറെയാണ്.
തിരുവനന്തപുരം ജില്ലയെ നേരത്തെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് കാറ്റഗറി തിരിച്ചിട്ടുള്ളത്. എറണാകുളത്തും പ്രതിസന്ധി രൂക്ഷമാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകൾ കാറ്റഗറി രണ്ടിലും, മലപ്പുറം, കോഴിക്കോട് ജില്ലകൾ കാറ്റഗറി ഒന്നിലുമാണ്. വെള്ളിയാഴ്ച മുതൽ ഈ ജില്ലകളിൽ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കാസർഗോഡ് ജില്ല നിലവിൽ ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല.
തിയേറ്ററുകൾ അടക്കം അടയ്ക്കുന്നതാണ് സി കാറ്റഗറി. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ പുതിയ സിനിമകളുടെ റീലീസും പ്രതിസന്ധിയിലാകും. പ്രണവ് മോഹൻലാലിന്റെ ഹൃദയം തിയേറ്ററിൽ ചലനമുണ്ടാക്കിയിരുന്നു. ഉണ്ണി മുകുന്ദന്റെ മേപ്പടിയാനും വിജയമായി. ഇതിന് പിന്നാലെയാണ് കോവിഡ് മാനദണ്ഡം കടുപ്പിക്കുന്നത്. മോഹൻലാൽ ചിത്രമായ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിനെ അടക്കം നിയന്ത്രണം ബാധിക്കും. കൂടുതൽ നിയന്ത്രണം വേണ്ടി വരുമെന്ന വിലയിരുത്തലിലാണ് സർക്കാരും.
സെക്രട്ടേറിയറ്റിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോവിഡ് വാർ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്ഡ്, ഐ.സി.യു ബെഡ്ഡ്, വെന്റിലേറ്റർ ഉൾപ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റർ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വർദ്ധിക്കുമെന്നതിനാൽ മുൻകരുതൽ എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കരുതൽവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടൽ വളരെ പ്രധാനമാണ്. കോവിഡ് ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തണം.
ആശുപത്രികളിൽ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു.
ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, അവ കാറ്റഗറി 3 ൽ ഉൾപ്പെടും. ഇത്തരം ജില്ലകളിൽ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികൾ അനുവദിക്കില്ല. ജിം, തിയറ്റർ, നീന്തൽകുളങ്ങൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല. അതിനിടെ കോവിഡ് ബാധിച്ചാൽ ഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിത്സയ്ക്കും തുല്യ പ്രാധാന്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഓമിക്രോൺ വകഭേദത്തിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. ഓരോ തരംഗത്തിലും വ്യത്യസ്തമായ പ്രതിരോധ തന്ത്രമാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചത്. മൂന്നാം തരംഗത്തിലും ഒന്നും രണ്ടും തരംഗത്തിൽ നിന്നും വ്യത്യസ്തമായ പ്രതിരോധ മാർഗങ്ങളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 'ഓമിക്രോൺ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരിൽ സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മഹാഭൂരിപക്ഷത്തിനും പ്രത്യേക യഞ്ജത്തിലൂടെ വാക്സിൻ നൽകാനായി. അതേസമയം ഒമിക്രോണെ നിസാരമായി കാണരുത്. 97 ശതമാനത്തോളം രോഗികൾ വീടുകളിൽ ഗൃഹ പരിചരണത്തിലാണ്. വീട്ടിൽ വിദഗ്ധമായ പരിചരണം അത്യാവശ്യമാണ്. ആർക്കൊക്കെ ഗൃഹ പരിചരണം എടുക്കാൻ കഴിയും. ഇതു സംബന്ധിച്ച് കൃത്യമായ പരിശീലനം ആവശ്യമാണ്. ഇതിലെല്ലാം കൃത്യമായ അവബോധം നൽകാനാണ് ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്.
കോവിഡ് വ്യാപന സമയത്ത് പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. അവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പരിശീലനം നൽകുന്നത്. പൊതുജനത്തിന് ഇതേറെ പ്രയോജനപ്പെടും. ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ, മരുന്ന് ലഭ്യത എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. ഈ പരിശിലീനം ഏറ്റവും ഫലപ്രദമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.
കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സർക്കാർ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ എന്നിവ ചർച്ച ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ