ലണ്ടൻ: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടുപിടിച്ച കോവിഡ് മരുന്ന് ക്ലിനിക്കൽ ട്രയലിന് തയ്യാറെടുക്കുകയാണ്. ബ്രിട്ടനിലാകെ ഒരു ലക്ഷത്തിലധികം പേർ പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വന്നുകഴിഞ്ഞിരിക്കുന്നു. എല്ലാത്തരം മനുഷ്യരിലും വാക്സിൻ പരീക്ഷിക്കേണ്ടതുണ്ട്. ചില വിഭാഗങ്ങളിൽ ഉള്ളവർ കാര്യമായി പരീക്ഷണത്തിന് തയ്യാറായി മുന്നോട്ടു വന്നിട്ടില്ല എന്നാണ് സൂചന.

ഇന്ത്യൻ വംശജർ ഉൾപ്പടെയുള്ള എത്ത്നിക് മൈനോരിറ്റി വിഭാഗത്തിൽ പെട്ടവരോട് പരീക്ഷണത്തിന് തയ്യാറായി മുന്നോട്ടുവരാൻ ബ്രിട്ടീഷ് സർക്കാർ അപേക്ഷിച്ചിരിക്കുകയാണ്. വ്യത്യസ്ത വിഭാഗത്തിൽ പെട്ടവരിലേക്ക് സന്ദേശമെത്തിക്കുവാനായി ഗുജറാത്തി, പഞ്ചാബി, ബംഗാളി, ഉറുദു ഭാഷകളിലായി പരസ്യവും നൽകിക്കഴിഞ്ഞിരിക്കുന്നു. സുരക്ഷിതവും ഫലവത്തായതുമായ കൊറോണ വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിന്റെ വേഗത കൂട്ടുന്നതിന്റെ ഭാഗമായാണ് സർക്കാർ ഇത്തരത്തിൽ മുൻകൈ എടുത്ത് പരസ്യം ചെയ്യുന്നത്.

എത്ത്നിക് മൈനോരിറ്റി, 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, സോഷ്യൽ കെയർ വർക്കർമാർ എന്നിവരോട് വാക്സിൻ റിസർച്ച് റെജിസ്ട്രിയിൽ ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ട്, ഈ വിഭാഗത്തിൽ പെട്ട,, പരീക്ഷണത്തിന് തയ്യാറായി വന്നവർ എണ്ണത്തിൽ കുറവായതാണ് കാരണം. ബ്രിട്ടന്റെ കർശനമായ സുരക്ഷാ നിബന്ധനകൾ പാലിച്ചുകൊണ്ടുള്ള, ഫലവത്തായ ഒരു പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞന്മാർ അഹോരാത്രം കഷ്ടപ്പെടുകയാണെന്നും, ഇപ്പോൾ അത് പരീക്ഷിക്കുവാൻ ജനങ്ങൾ മുന്നോട്ട് വരണമെന്നുംബിസിനസ്സ് സെക്രട്ടറി അലോക് ശർമ്മ ആഹ്വാനം ചെയ്തു.

വ്യത്യസ്ത വിഭാഗത്തിൽ പെട്ടവരിൽ പരീക്ഷിക്കുമ്പോൾ, വാക്സിൻ ഓരോ വിഭാഗത്തിൽ പെട്ടവരിലുമുണ്ടാക്കുന്ന സ്വാധീനം മനസ്സിലാക്കുവാൻ സാധിക്കും. ഇത് ശാസ്ത്രജ്ഞന്മാർക്ക് ആവശ്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായകരമാകും. മാത്രമല്ല, വാക്സിൻ കണ്ടുപിടുത്തം എന്ന പ്രക്രിയ വേഗത്തിൽ ആക്കുവാനും സഹായിക്കും. ഒരു ലക്ഷം പേർ തയ്യാറായി വന്നു എന്നതുതന്നെ വലിയൊരു കാര്യമാണ്. എന്നാൽ, വംശം, പ്രായം, ആരോഗ്യസ്ഥിതി, തൊഴിൽ തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തരായവരിൽ ഇത് പരീക്ഷിക്കേണ്ടതുണ്ട്.

ഇത്തരത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ പരീക്ഷിച്ചാൽ മാത്രമേ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കു. ഈ പരീക്ഷണം വൈകുംതോറും, വാക്സിൻ വിപണിയിൽ ഇറങ്ങാനും വൈകും. അത് കോവിഡ് പ്രതിരോധ കാര്യത്തിൽ ഒരു പരാജയമായി മാറും. അതുകൊണ്ടാണ് സർക്കാർ തന്നെ മുൻകൈ എടുത്ത് ഇറങ്ങുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ പരീക്ഷണത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് പേർ റെജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി കഴിഞ്ഞമാസമാണ് എൻ എച്ച് എസ് കോവിഡ്-19 വാക്സിൻ റിസർച്ച് റെജിസ്ട്രി രൂപകല്പന ചെയ്തത്.

യു കെ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഫോർ ഹെൽത്ത് റിസർച്ച് ഡയറക്ടറും റെസ്പിരേറ്ററി ഫിസിഷ്യനും ഇന്ത്യൻ വംശജനുമായ ദിനേഷ് സരലയ പറയുന്നത് ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത്, പരീക്ഷണ വിധേയരുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് എന്നാണ്. ഭാവിയിൽ ഉണ്ടാകാനിടയുള്ള കൊറോണ ആക്രമണത്തിൽ നിന്നും രക്ഷനേടാനുള്ള ഒരേയൊരു വഴി ഫലവത്തായ വാക്സിൻ കണ്ടുപിടിക്കുക എന്നതുമാത്രമാണ്. അതുകൊണ്ട് തന്നെ നമ്മൾ എല്ലാവരും പരീക്ഷണത്തിന് തയ്യാറാകണം, അദ്ദേഹം പറയുന്നു.