തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിനെ നേരിടാൻ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നത്. രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നില്ല. എന്നാൽ നിയന്ത്രണങ്ങൾ കർക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപനം പരമാവധി തടത്തുനിർത്താനാണ് ശ്രമിക്കുന്നത്. സ്വകാര്യ ആശുപത്രികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം ഉടൻ വിളിച്ചു ചേർക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന ദിവസം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാർട്ടികളുമായി ആലോചിക്കും. നോമ്പുകാലത്ത് ഭക്ഷണ വിതരണം തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കും. അയൽ സംസ്ഥാനങ്ങളിൽ കോവിഡ് വർധിക്കുന്നതിനാൽ നല്ല ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം തടയാനുള്ള ശ്രമം വിജയിപ്പിക്കാൻ കഴിയുന്ന ഒരു സമൂഹമാണ് നമ്മുടേതെന്ന് നേരത്തെ തെളിയിച്ചതാണ്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുകൂടി ജാഗ്രതയോടെ നീങ്ങണം. അങ്ങനെ വന്നാൽ മറ്റു കടുത്ത നടപടികളിലേക്കൊന്നും പോകാതെ കാര്യങ്ങൾ പരിമിതപ്പെട്ടു നിർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, ഡിസ്ട്രിക്റ്റ് കോവിഡ് സെന്ററുകൾ എന്നിവയെല്ലാം ചേർന്ന് 2249 കേന്ദ്രങ്ങളിലായി 199256 ബെഡുകൾ സജ്ജമാണ്. ഇതിനു പുറമേ, കോവിഡ് ചികിത്സ നൽകാൻ തയ്യാറായ 136 സ്വകാര്യ ആശുപത്രികളിലായി 5713 ബെഡുകളും ലഭ്യമാണ്. ഇത്തരത്തിൽ വളരെ സമഗ്രവും സുസജ്ജവുമായ സംവിധാനം ഈ ഘട്ടത്തെ നേരിടാൻ സർക്കാർ ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അവ കൂടുതൽ വിപുലമാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും.

കഴിഞ്ഞ തരംഗത്തിൽ 'ഡിലേ ദ പീക്ക്' എന്ന നയമാണ് സ്വീകരിച്ചതെങ്കിൽ, ഇത്തവണ 'ക്രഷ് ദ കർവ്' എന്ന സ്ട്രാറ്റജിയാണ് സ്വീകരിച്ചിട്ടുള്ളത്. പ്രധാനമാായും മൂന്നു കാര്യങ്ങളാണ് ഇതിന്റെ ഭാഗമായി വരുന്നത്. അതിൽ ഒന്നാമത്തേത് 'ബാക് റ്റു ബേസിക്സ്' അഥവാ അടിസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചുപോവുക എന്നതാണ്. മാസ്‌ക് ധരിച്ചും സാമൂഹ്യഅകലം പാലിച്ചും കൈകൾ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീർക്കുക എന്നതാണത്. പ്രതീരോധത്തിന്റെ ആദ്യപാഠം വീഴ്ചയില്ലാതെ നടപ്പിലാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മാസ്‌കുകൾ ശരിയായ രീതിയിൽ ധരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ ഫലപ്രദമാണ് മാസ്‌കുകളുടെ ശരിയായ ഉപയോഗം. അതോടൊപ്പം 'ബ്രേയ്ക്ക് ദ ചെയിൻ' കൂടുതൽ ശക്തമാക്കിത്തന്നെ മുൻപോട്ടു പോകണം. അക്കാര്യം ഉറപ്പുവരുത്താൻ തദ്ദേശഭരണ സ്ഥാപനങ്ങൾ മുൻകൈ എടുത്തേ മതിയാകൂ. ഓരോ തദ്ദേശഭരണ സ്ഥാപനവും അവരുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ ബ്രെയ്ക്ക് ദ ചെയിൻ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.