കോയമ്പത്തൂർ: മഹാരാഷ്ട്രയിലും കർണാടകയിലും പ്രതിദിന കോവിഡ് രോഗനിരക്ക് കുറയുമ്പോഴും ആശങ്കയായി തമിഴ്‌നാട്. രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 1,86,364 പുതിയ കോവിഡ് കേസുകളിൽ 33,361 ഉം റിപ്പോർട്ട് ചെയ്തത് തമിഴ്‌നാട്ടിലാണ്.

രോഗവ്യാപനം വലിയ പ്രതിസന്ധിയിലാക്കിയ മഹാരാഷ്ട്രയിലും കർണാടകയിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 25000 താഴെയായി. എന്നാൽ തമിഴ്‌നാട്ടിൽ മുപ്പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗനിരക്ക്. 3,13,048 പേരാണ് കോവിഡ് ബാധിച്ച് തമിഴ്‌നാട്ടിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത്.

രോഗപ്രതിരോധ നടപടികളിലൂടെ വൻ നഗരങ്ങളായ മുംബൈയിലും ഡൽഹിയിലും ബാംഗ്ലൂരിലും ചെന്നൈയിലുമടക്കം രോഗവ്യാപനത്തിൽ കുറവ് വരുത്താൻ സാധിക്കുമ്പോഴും കോവിഡിന്റെ തലസ്ഥാനമായി കോയമ്പത്തൂർ നഗരം മാറുകയാണ്.

നിരവധി മലയാളികൾ ജോലി ചെയ്യുന്ന വ്യവസായ യൂണിറ്റുകൾ കോവിഡ് ക്ലസ്റ്ററുകളാവുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. അതേസമയം ലോക്ഡൗണിൽ ഇളവുകൾ വരുന്നതോടെ പാലക്കാടു നിന്നുള്ളവർ ദൈനംദിന ആവശ്യങ്ങൾക്കു വ്യവസായ നഗരത്തെ ആശ്രയിക്കും. ഇതു രോഗവ്യാപനത്തിന് കാരണായേക്കുമെന്ന ആശങ്കയും ശക്തമാണ്.

2020 മാർച്ചിനു ശേഷം ഇതാദ്യമായാണു ദൈംദിന കേസുകളിൽ ചെന്നൈയെ തമിഴ്‌നാട്ടിലെ മറ്റൊരു നഗരം മറികടക്കുന്നത്. ഇതോടെ തമിഴ്‌നാട്ടിലെ കോവിഡ് തലസ്ഥാനമായിമാറി കോയമ്പത്തൂർ. മാസങ്ങളായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ചെന്നൈയിൽ ഇന്നലെ 2779 പോസിറ്റീവ് കേസുകൾ മാത്രം. അതേസമയം കോയമ്പത്തൂരിൽ റിപ്പോർട്ട് ചെയ്തത് 4,734 കേസുകൾ.

തമിഴ്‌നാടിന്റെ മറ്റുഭാഗങ്ങളിൽ രോഗവ്യാപനം കുറയുമ്പോഴും കോയമ്പത്തൂരും തിരുപ്പൂരും ഉൾപ്പെടുന്ന പടിഞ്ഞാറൻ ജില്ലകളിൽ രോഗികൾ വർധിക്കുകയാണ്. മേഖലയിലുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ കോവിഡ് ക്ലസ്റ്ററുകളായി മാറുന്നു. പത്തുദിവസം മുമ്പുവരെ ഇതിൽ പലതും നിയന്ത്രണങ്ങൾ മറികടന്നു പ്രവർത്തിച്ചിരുന്നു. നിലവിൽ പുതിയ രോഗികളാവുന്നവരിൽ 70 ശതമാനവും വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികളാണ്.

തിരുപ്പൂരിൽ തുണിവ്യവസായ മേഖലയിലാണു രോഗം പടരുന്നത്. ഹോം ക്വാറന്റീൻ നിബന്ധനങ്ങൾ പാലിക്കാത്തതും രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കേരളം ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ചാൽ ദൈനംദിന കാര്യങ്ങൾക്കായി പാലക്കാടു നിന്നുള്ളവർ കോയമ്പത്തൂരിലേക്കു വരും. തിരിച്ചും കോയമ്പത്തൂർ നിവാസികൾ പാലക്കാട്ടേക്കും വരാം. ഇത്തരം സാഹചര്യമുണ്ടായാൽ പാലക്കാട്ടെ രോഗനിയന്ത്രണ നടപടികളെ അത് ഗുരുതരമായി ബാധിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

അതേസമയം കോയമ്പത്തൂർ, തിരുപ്പൂർ, അടക്കമുള്ള പടിഞ്ഞാറൻ ജില്ലകൾ വരും ദിവസങ്ങളിലും ഇളവുകൾ നൽകാതെ അടച്ചിടാനാണ് തമിഴ്‌നാട് സർക്കാർ ആലോചിക്കുന്നത്. ഇന്നോ നാളയോ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.

രാജ്യത്ത് കഴിഞ്ഞ 44 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3660 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം ഇതോടെ 2,75,55,457 ആയി ഉയർന്നു. ഇതുവരെ കോവിഡ് ബാധിതരായി രാജ്യത്ത് മരണപ്പെട്ടത് 3,18,895 പേരാണ്. 23,43,152 സജീവകേസുകളാണ് രാജ്യത്തുള്ളത്.

രോഗമുക്തി നിരക്ക് 90.34 തമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് കേസുകളിൽ കുറവുണ്ടെങ്കിലും സജീവകേസുകളുടെ എണ്ണം ഉയർന്നുതന്നെയാണ് നിൽക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ ജൂൺ മുപ്പത് വരെ തുടരണമെന്ന് സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 20 കോടി കടന്നു. 20,50,20,660 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.