തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നത് അഞ്ച് ജില്ലകളിലായാണ്. ഈ ജില്ലകൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതൽ. ഈ ജില്ലകളിൽ ടിപിആർ കുറയ്ക്കാൻ കർശനമായ നടപടികളെടുക്കണമെന്നു കലക്ടർമാർക്കു സർക്കാർ നിർദ്ദേശം നൽകി.

എറണാകുളത്തും കൊല്ലത്തും രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും ടിപിആർ താരതമ്യേന കുറവാണ്. വ്യാപനം കൂടുതലുള്ള ജില്ലകളിലെ ആശുപത്രികളിലെ തിരക്ക് കൃത്യമായി വിലയിരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം കോവിഡ് പരിശോധനാ രീതിയിൽ അടക്കം മാറ്റം വരുത്താനുമാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്.

കേരളത്തിൽ 18 വയസ്സിനു മുകളിലുള്ള 71% പേർ ആദ്യ ഡോസ് വാക്‌സീൻ എടുത്ത പശ്ചാത്തലത്തിൽ കോവിഡ് പരിശോധനാരീതി പുതുക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലകളിലെ വാക്‌സിനേഷൻ നില അടിസ്ഥാനമാക്കിയായിരിക്കും പരിശോധന. രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയാൻ കൂടുതൽ പരിശോധന നടത്തും.

80 ശതമാനത്തിനു മുകളിൽ പേർ ആദ്യ ഡോസ് വാക്‌സീൻ എടുത്ത ജില്ലകളിൽ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമുള്ളവർക്ക് ആർടിപിസിആർ പരിശോധന നടത്തും. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആന്റിജൻ പരിശോധനകളും നടത്തും. 80% മുകളിൽ ആദ്യ ഡോസ് വാക്‌സീൻ എടുത്ത തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ഈ രീതി പിന്തുടരും.

80 ശതമാനത്തിൽ താഴെ ആദ്യ ഡോസ് വാക്‌സീൻ നൽകിയ തദ്ദേശ സ്ഥാപന പ്രദേശങ്ങളിൽ പഴയ രീതി തുടരും. ആന്റിജൻ പരിശോധനയാണ് ഇവിടെ കൂടുതലായി ചെയ്യുന്നത്. രണ്ട് ഡോസ് വാക്‌സീൻ എടുത്തു രണ്ടാഴ്ച കഴിഞ്ഞവർക്കു രോഗലക്ഷണമില്ലെങ്കിൽ റാൻഡം പരിശോധനയിൽ നിന്ന് ഒഴിവാക്കും. കോവിഡ് സ്ഥിരീകരിച്ചിട്ടു 2 മാസത്തിൽ താഴെ ആയവരെയും ഇതിൽ നിന്നും ഒഴിവാക്കും.

സാമൂഹിക സമ്പർക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ രോഗലക്ഷണങ്ങളില്ലെങ്കിലും ആന്റിജൻ പരിശോധന നടത്താനുമാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്. ലാബുകൾ സാംപിളുകളുടെ ഫലം എത്രയുംവേഗം അപ്ലോഡ് ചെയ്യണം. കൃത്യമായി ചെയ്യാത്ത ലാബുകൾക്കെതിരേ നടപടിയെടുക്കും. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന നടത്തി നടപടി സ്വീകരിക്കും.

ഇന്നുമുതൽ രാത്രി കർഫ്യൂ

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് ഇന്നുമുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ രാവിലെ 6 വരെയാണു സമയം. കർഫ്യൂ സമയത്തു വ്യക്തികളുടെ സഞ്ചാരം കർശനമായി തടയണമെന്നാണു പൊലീസിനു നൽകിയിരിക്കുന്ന നിർദ്ദേശം. ആശുപത്രി യാത്ര (കൂട്ടിരിപ്പിന് ഉൾപ്പെടെ), ചരക്കുനീക്കം, അവശ്യസർവീസുകൾ, അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്നുള്ള യാത്ര, ദീർഘദൂര യാത്ര കഴിഞ്ഞുള്ള മടക്കം (യാത്രാരേഖകൾ കാണിക്കണം) എന്നിവയ്ക്കു മാത്രമാണ് ഇളവുള്ളത്. മറ്റുള്ളവർ അടുത്ത പൊലീസ് സ്റ്റേഷനിൽനിന്നു യാത്രാനുമതി വാങ്ങണം.

ജനസംഖ്യ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്ക് (ഐപിആർ) 7ൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനപ്രകാരമുള്ള പട്ടിക ഇന്നു പുറത്തിറക്കും. ലോക്ഡൗൺ ബാധകമാകുന്ന തദ്ദേശസ്ഥാപന വാർഡുകളുടെ എണ്ണം കൂടിയേക്കും. സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയ ഇന്നലെ കർശന പരിശോധനയാണു പൊലീസ് നടത്തിയത്. അനാവശ്യമായി പുറത്തിറങ്ങിയവർക്കു പിഴ ചുമത്തി. സംസ്ഥാനത്തു പതിവു നിയന്ത്രണങ്ങളും ഇളവുകളും ഇന്നു മുതൽ തുടരും.

വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവരുടെ മരണസംഖ്യ വർധിക്കുന്നു

തദ്ദേശ സ്ഥാപനങ്ങളിലെ ഡിസിസികളിലേക്കും സിഎഫ്എൽടിസികളിലേക്കും മാറാതെ വീട്ടുനീരീക്ഷണത്തിലിരിക്കുന്ന കോവിഡ് രോഗികൾക്കിടയിൽ മരണനിരക്കു വർധിക്കുന്നതായി റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വീട്ടുനിരീക്ഷണം കർശനമാക്കിയ ശേഷമാണ് ഈ സ്ഥിതി. ആരോഗ്യപ്രവർത്തകർ ഇത്തരക്കാർക്കായി ആംബുലൻസ് വരെ ഏർപ്പാടാക്കുമെങ്കിലും മിക്കവരും ചികിത്സാകേന്ദ്രത്തിൽ പോകാൻ തയാറാകുന്നില്ല. ഇവരിൽ പ്രായമുള്ളവരിലാണു മരണനിരക്ക് ഉയരുന്നതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.

പലർക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായാണു റിപ്പോർട്ട്. കോവിഡ് ബാധിച്ചു മരിച്ച 8017 പേരുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ, വീട്ടുനിരീക്ഷണത്തിലുണ്ടായിരുന്ന 1795 പേർ ആശുപത്രിയിലെത്തുന്നതിന് മുൻപ് മരിച്ചതായാണു കണ്ടെത്തൽ. 441 പേർ വീട്ടിലും 691 പേർ ആശുപത്രിയിലെത്തുന്നതിന് മുൻപും 27 പേർ ആശുപത്രിയിലേക്കുള്ള വഴിയിലും 533 പേർ ആശുപത്രിയിലെത്തി 34 ദിവസത്തിനുള്ളിലും മരിച്ചതായാണു റിപ്പോർട്ടുകൾ. ടെസ്റ്റിൽ പോസിറ്റീവായ, മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരോടാണു ഡിസിസികളിലേക്കു മാറാൻ നിർദേശിക്കുന്നത്. കൂടുതൽ പ്രശ്‌നങ്ങളുള്ളവരെ സിഎഫ്എൽടിസികളിലും പ്രവേശിപ്പിക്കും.

ലക്ഷണങ്ങളൊന്നുമില്ലാത്തവർ പോസിറ്റീവ് ആയാലും ആരോഗ്യപ്രവർത്തകരെപോലും അറിയിക്കാതെ വീട്ടിലിരിക്കുന്ന സ്ഥിതിയുണ്ട്. ഇവരിൽ ഗുരുതരാവസ്ഥയിലാകുന്നവർ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നില വഷളായിട്ടുണ്ടാകും. അതേസമയം, ഫണ്ടിന്റെ കുറവു കാരണം പല തദ്ദേശ സ്ഥാപനങ്ങളിലും ഡിസിസികളുടെ പ്രവർത്തനം നിലച്ചു. മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ് ബാക്കിയുള്ളവ. സ്വന്തമായി വരുമാനമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. അവർക്ക് ജനറൽ ഫണ്ട് ചെലവഴിക്കുന്നതിനും പരിമിതിയുണ്ട്. പദ്ധതി വിഹിതത്തിൽനിന്നു പണം ചെലവഴിക്കാൻ അനുമതിയുണ്ടെങ്കിലും മറ്റു പല പ്രധാന വികസനപദ്ധതികളും തടസപ്പെടുകയാണ്. നേരത്തേ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും പല സഹായങ്ങളും നൽകിയിരുന്നെങ്കിലും അതെല്ലാം നാമമാത്രമായി.

എന്നാൽ, ചിലയിടങ്ങളിൽ കോവിഡ് ഗുരുതരമായവർക്കു പോലും ചികിത്സ തേടാൻ സൗകര്യപ്രദമായ ഡിസിസികളില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. കോവിഡ് മരണ കേസുകളിൽ, അവർ പോസിറ്റീവായ ദിവസവും മരണദിവസവും തമ്മിലുള്ള ഇടവേള കുറയുന്നതായും ആരോഗ്യപ്രവർത്തകർ പറയുന്നു. മരണക്കണക്കു താരതമ്യത്തിലാണ് ഈ സാഹചര്യം ശ്രദ്ധയിൽപ്പെട്ടത്. ഹോം ക്വാറന്റീനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തന്നെയാകും ഇതിനു പ്രധാന കാരണമെന്നാണു നിഗമനമെങ്കിലും വിശദമായ നിരീക്ഷണവും വിശകലനവും നടത്തിയാലേ അതു വ്യക്തമാകൂവെന്ന് അധികൃതർ പറഞ്ഞു.

കോവിഡ് ബാധിച്ചെങ്കിലും ലക്ഷണമില്ലാത്തതിനാൽ ടെസ്റ്റ് ചെയ്യാൻ വൈകുന്നവർക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും പോസിറ്റീവായി ഡിസിസി, സിഎഫ്എൽടിസി എന്നിവിടങ്ങളിലേക്കു മാറാൻ തയാറാകാത്തവർക്കുമിടയിലാണ് കുറഞ്ഞ ഇടവേളയും കണ്ടെത്തിയത്. വീട്ടു ക്വാറന്റീനിലുള്ളവരിൽ ശരാശരി 15 % പേർക്കാണു പൾസ് ഒാക്‌സീമീറ്ററുള്ളതെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. ഒാക്‌സീമീറ്റർ തദ്ദേശസ്ഥാപനങ്ങൾ സ്റ്റോക്ക് ചെയ്യണമെന്ന് ഉത്തരവുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ മാത്രമേ അതു പ്രായോഗികമായിട്ടുള്ളൂ. അതിൽ പലതും തകരാറിലുമാണ്. രണ്ടാം തരംഗത്തിലാണ് വീട്ടുനിരീക്ഷണം സർക്കാർ കർശനമാക്കിയത്.