- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ മെയ് മാസം പന്ത്രണ്ടാം തിയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 70 കോവിഡ് മരണങ്ങളുണ്ടായിരുന്നെന്ന് ഡോക്ടർമാർ പറയുന്നു; സർക്കാർ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിൽ മരിച്ചത് 14 പേരും; കണക്കുകളിൽ പൊരുത്തക്കേട് വ്യക്തമെന്ന ആരോപണം ശക്തം; കോവിഡ് മരണക്കണക്കിൽ വീണ്ടും ചർച്ച സജീവം
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് രണ്ടാം തരംഗം പങ്കുവയ്ക്കുന്നത് ഭയാനകമായ മരണ ചിത്രം. അതിനിടെ മരണകണക്കിൽ ജില്ലകൾ തമ്മിൽ വലിയൊരു അന്തരവുമുണ്ട്. മരണക്കണക്കിൽ മുന്നിൽ നിൽക്കുന്ന തിരുവനന്തപുരത്തു പോലും കോവിഡ് ബാധിച്ചുള്ള എല്ലാ മരണങ്ങളും രേഖകളിൽ ഉൾക്കൊള്ളിക്കുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം കോർപറേഷന്റെ ശാന്തികവാടം ശ്മശാനത്തിലെ കണക്കുകൾ പ്രകാരം ജനുവരി മുതൽ മെയ് വരെ 615 കോവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിച്ചിട്ടുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി മുരളീധരനും ഇക്കാര്യത്തിൽ ചില സംശയങ്ങൾ ഉയർത്തിയിരുന്നു. ഇന്നലെ കേരളത്തിൽ 177 പേരാണ് കോവിഡ് ബാധിച്ചു മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. ആകെ മരണം 7732ഉം.
രോഗവ്യാപനത്തിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലും ദേശീയ ശരാശരിക്ക് മുകളിലാണ് കേരളം. 12.6 ആണ് ടിപിആർ. 18.7 ശമാനമുള്ള ഗോവയും 16.8 ശതമാനമുള്ള മഹാരാഷ്ട്രയും മാത്രമാണ് മുന്നിൽ. ആകെ രോഗികളുടെ എണ്ണത്തിൽ മൂന്നാമതും. മഹാരാഷ്ട്രയും കർണ്ണാടകയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഇത്രയേറെ രോഗ വ്യാപനം ഉണ്ടായിട്ടും മരണ നിരക്ക് വെറും 0.3 ശതമാനമാണ്. ഇത് കേരളത്തിന്റെ ആരോഗ്യ മേഖലയുടെ കരുത്തായി പലരും വിലയിരുത്തുന്നു. സർക്കാരും ഇതു തന്നെയാണ് പറയുന്നത്. എന്നാൽ ചില കേന്ദ്രങ്ങൾ സംശയത്തിലുമാണ്.
കോവിഡ് മരണനിരക്ക് പിടിച്ചുനിർത്താനായി എന്നതാണ് മറ്റുസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ നേട്ടമെന്ന് സംസ്ഥാനസർക്കാർ ആവർത്തിച്ച് അവകാശപ്പെടുന്നു...... രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം നിരയിൽ എത്തിയപ്പോളും ഈ അവകാശവാദം ഉന്നയിക്കപ്പെട്ടു.... യഥാർഥത്തിൽ കേരളത്തിലെ മരണനിരക്ക് എത്രയാണ്....? മുഖ്യമന്ത്രിയുടെ വൈകുന്നേര വാർത്താസമ്മേളനങ്ങളിൽ പറയുന്ന കണക്കുമായി ഒട്ടും പൊരുത്തപ്പെടാത്തതാണ് കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വെളിപ്പെടുത്തിയ കണക്ക്..... ഈ മെയ് മാസം പന്ത്രണ്ടാം തിയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 70 കോവിഡ് മരണങ്ങളുണ്ടായിരുന്നെന്ന് ഡോക്ടർമാർ പറയുന്നു.... എന്നാൽ അന്നേ ദിവസം സർക്കാർ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിലാകെ മരിച്ചത് 14 പേരാണ്...-ഇതാണ് മുരളീധരന്റെ ഫെയ്‌സ് ബുക്ക് ചർച്ചയാക്കുന്നത്.
സംസ്ഥാനത്ത് ആകെ മരണം അന്ന് ഔദ്യോഗിക കണക്കനുസരിച്ച് 95 ആണ്.... അപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച 56 പേർ എവിടെപ്പോയി ...? എന്തുകൊണ്ട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഡോക്ടർമാർ പറയുന്നതുപോലെ മൃതദേഹം സൂക്ഷിക്കാൻ ഇടമില്ലാത്ത സാഹചര്യമുണ്ടായി...? ഡോക്ടർമാരാണോ സർക്കാരാണോ കള്ളം പറയുന്നത് ...? കേരളം മരണക്കണക്കുകൾ മറച്ചുവയ്ക്കുന്നു എന്ന് ആരോഗ്യരംഗത്തെ പലരും അനൗപചാരിക സംസാരത്തിനിടെ പറഞ്ഞിട്ടുണ്ട്.... പത്രങ്ങളുടെ ചരമക്കോളങ്ങൾ നിറഞ്ഞുവകവിയുന്നതായി ചില സുഹൃത്തുക്കളും ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി... ഇതെല്ലാം ശരിവയ്ക്കുന്നതാണ് തിരുവനന്തപുരത്തെ ഡോക്ടർമാരുടെ വെളിപ്പെടുത്തൽ..... മറച്ചുവയ്ക്കലുകളും കള്ളക്കണക്കുകളുമാണ് കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കിയ ഒരു ഘടകം...-ഇങ്ങനെ പോകുന്നു കുറ്റപ്പെടുത്തലുകൾ.
മെയ് 1 മുതൽ 23 വരെയുണ്ടായ 1858 മരണങ്ങളിൽ 419 എണ്ണം തിരുവനന്തപുരത്താണ്. ആകെ മരണങ്ങളിൽ 22.5%. രണ്ടാമത് പാലക്കാട് ജില്ലയാണ്260. കോഴിക്കോട്240, തൃശൂർ210, എറണാകുളം 171 എന്നിങ്ങനെയാണ് മരണം കൂടുതലുള്ള ജില്ലകൾ. അതേസമയം, ഇടുക്കിയിൽ മൂന്നും കാസർകോട് ആറും മരണങ്ങൾ മാത്രമാണ് ആരോഗ്യവകുപ്പിന്റെ രേഖകളിലുള്ളത്. രോഗവ്യാപനം ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നായ മലപ്പുറത്ത് ഇതുവരെ 51 മരണങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. 23ലെ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം പാലക്കാട്ട് 38, കോഴിക്കോട്ട് 28 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ മലപ്പുറത്ത് 4 മരണങ്ങൾ മാത്രം.
കോവിഡ് ബാധയെത്തുടർന്നുള്ള മരണങ്ങൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞു മറച്ചുവയ്ക്കുന്നുവെന്ന് നേരത്തെ മുതൽ ആരോപണമുണ്ട്. ചില ജില്ലകളിൽ കോവിഡ് വ്യാപന നിരക്കും മരണക്കണക്കുകളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും ആരോഗ്യവിദഗ്ദ്ധർ പറയുന്നു. കോവിഡ് നെഗറ്റീവ് ആയ ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളൊന്നും സർക്കാർ കണക്കിൽപ്പെടുത്തുന്നില്ല. ശാസ്ത്രീയ മാനദണ്ഡങ്ങൾ പ്രകാരം കണക്കെടുത്താൽ നിലവിലെ 7554 (മെയ് 24 വരെ) മരണങ്ങളുടെ രണ്ടിരട്ടിയെങ്കിലും മരണങ്ങൾ കേരളത്തിൽ സംഭവിച്ചിരിക്കാനിടയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് മരണങ്ങളുടെ കണക്കിൽ ജില്ലകൾ തമ്മിൽ ഇത്രയും വലിയ വ്യത്യാസം വരാൻ ഇടയില്ലെന്നാണ് ആരോഗ്യ, ഡേറ്റ വിദഗ്ധരുടെ അഭിപ്രായം. കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെയും ഒളിപ്പിക്കുന്നതിന്റെയും വ്യത്യാസമാണ് കണക്കിൽ വലിയ അന്തരത്തിനു കാരണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മരണക്കണക്കിൽ സർക്കാർ കൃത്രിമം നടത്തുന്നുവെന്ന് ഡേറ്റ സഹിതം തുടക്കം മുതൽ ചൂണ്ടിക്കാട്ടുന്ന ഡോ.എൻ.എം.അരുൺ പറയുന്നത് ഇങ്ങനെ: 'കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും അധികം പോസിറ്റീവ് കേസുകൾ ഉണ്ടായത് എറണാകുളം ജില്ലയിലാണ്. രണ്ടാം സ്ഥാനം കോഴിക്കോടിനും 3, 4 സ്ഥാനങ്ങൾ മലപ്പുറത്തിനും തൃശൂരിനുമാണ്.
അഞ്ചാം സ്ഥാനം തിരുവനന്തപുരത്തിനും ആറാം സ്ഥാനം പാലക്കാടിനുമാണ്. എന്നാൽ മെയ് മാസത്തെ ഔദ്യോഗിക മരണം കണക്കുകൾ പ്രകാരം മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ എറണാകുളത്തും മലപ്പുറത്തും മരണം വളരെ കുറവ്. മാധ്യമ സമ്മർദം കാരണം പാലക്കാട്ടെയും പത്തനംതിട്ടയിലെയും കണക്കുകളിൽ കുറച്ച് വർധനവുണ്ട്. സത്യത്തിൽ കേരളത്തിൽ കേസ് ഫേറ്റലിറ്റി റേറ്റിൽ ജില്ലകൾ തമ്മിൽ വലിയ വ്യത്യാസം വരേണ്ട കാര്യമില്ല. ഇപ്പോൾ കാണുന്ന വലിയ വ്യത്യാസം മരണങ്ങൾ ഒളിപ്പിക്കുന്നതിന്റെ ഏറ്റകുറച്ചിലുകൾ കാരണമാണെന്ന് വ്യക്തമാണ്'.
സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ ഭൂരിഭാഗവും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. എന്നാൽ, രണ്ടാം തരംഗത്തിൽ യുവാക്കളുടെ മരണങ്ങൾ വർധിക്കുന്നുവെന്ന് ഔദ്യോഗികരേഖകളിൽ വ്യക്തമാകുന്നു.
മറുനാടന് മലയാളി ബ്യൂറോ