- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് പതിമൂവായിരത്തോളം കോവിഡ് മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തില്ല; സുപ്രീംകോടതി മാർഗ്ഗ നിർദ്ദേശത്തിൽ പുനപരിശോധന വന്നാൽ മരണം അഞ്ചിരട്ടിയായി ഉയരും; കെട്ടിഘോഷിച്ച കേരള മോഡൽ നാണക്കേടിൽ അവസാനിക്കുമോ?
തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ യഥാർഥ കണക്കുകൾ പുറത്തു വന്നാൽ കേരളത്തിലെ കോവിഡ് മരണ നിരക്കിൽ വലിയ മാറ്റമുണ്ടാകും. നിലവിൽ 0.5 ശതമാനമാണ് മരണ നിരക്ക്. ഇന്ത്യയിലെ ഏറ്റവും കുറവ്. ടെസ്റ്റ് പോസിറ്റീവ് കണക്കിൽ 10.2 ശതമാനവും. അതുകൊണ്ട് തന്നെ മരണ നിരക്കിലെ കണക്ക് മാറിയാൽ കോവിഡ് ആരോഗ്യ കേരളം എന്ന മോഡലിന് നൽകുക സമ്പൂർണ്ണ നാണക്കേടാകും.
നഷ്ടപരിഹാരം സംബന്ധിച്ച കേസിലാണു കോവിഡ് മരണങ്ങൾ കണക്കാക്കുന്നതിൽ പൊളിച്ചെഴുത്തു വേണമെന്നു കോടതി വിധിച്ചത്. കോവിഡ് ഭേദമായശേഷം അനുബന്ധ രോഗങ്ങൾ മൂലം 3 മാസത്തിനിടെ മരിച്ചാൽ പോലും അതു കോവിഡ് മരണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണു വിധി. 2020 മാർച്ച് 22 മുതലുള്ള മരണങ്ങൾക്ക് ഇതു ബാധകമാക്കി.സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെവരെ 13,640 പേരാണു കോവിഡ് ബാധിച്ചു മരിച്ചത്. സുപ്രീംകോടതി വിധി നടപ്പായാൽ മരണക്കണക്ക് അഞ്ചിരട്ടിയിലേറെ കൂടും.
അതിനിടെ സംസ്ഥാനത്ത് പതിമൂവായിരത്തോളം കോവിഡ് മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തില്ലെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി ഏഴായിരത്തോളം കോവിഡ് മരണം ഔദ്യോഗിക പട്ടികയിൽനിന്നു പുറത്തായതായി. ബാക്കി 8 ജില്ലകളിലായി ആറായിരത്തിലേറെ മരണം കൂടി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് വാർത്ത. അഘ്ഘനെ വന്നാൽ കണക്കുകൾ ഉയരും. ഇതിനൊപ്പം പുതിയ മാനദണ്ഡം കൂടിയാകുമ്പോൾ കേരളത്തിലെ മരണ നിരക്ക് ക്രമാതീതമായി ഉയരും.
സംസ്ഥാനമാകെ 13,000 കോവിഡ് മരണം ഔദ്യോഗിക പട്ടികയ്ക്കു പുറത്തായി എന്നാണ് സംശയം. ചില തദ്ദേശ സ്ഥാപനങ്ങളിലെ കണക്കുകൾ ലഭിച്ചിട്ടില്ല. മറ്റു ചില സ്ഥലങ്ങളിൽ ഇന്നലെ വരെയുള്ള കണക്ക് ലഭ്യമായിട്ടില്ല. ഇവയെല്ലാം കൂടി ചേരുമ്പോൾ പുറത്തായവരുടെ എണ്ണം ഇനിയും ഉയരും. സംസ്ഥാന ഡെത്ത് ഓഡിറ്റ് സമിതി പല മരണങ്ങളും കോവിഡിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നതും വസ്തുതയാണ്.
കോവിഡിനെ തുടർന്ന് ന്യൂമോണിയ ബാധിച്ചു വെന്റിലേറ്ററിൽ കഴിയവെ മരിച്ചവരെപ്പോലും ഒഴിവാക്കി. പ്രമേഹം, അർബുദം, ഹൃദ്രോഗം എന്നിവ ഉണ്ടായിരിക്കെ കോവിഡ് ബാധിച്ചു മരിച്ചവരെ മുഴുവൻ ഒഴിവാക്കിയെന്നാണു രേഖകൾ വ്യക്തമാക്കുന്നത്. സുപ്രീംകോടതി വിധി അനുസരിച്ചുള്ള നഷ്ടപരിഹാരത്തിന്റെ പട്ടികയിൽ നിന്ന് ഇവർ ഒഴിവാകും. ഇത് വലിയ വിവാദമായി മാറുകയും ചെയ്യും. ഇത് മനസ്സിലാക്കിയാണ് സർക്കാരും പുനപരിശോധനയ്ക്ക് തയ്യാറെടുക്കുന്നത്.
ചികിത്സിച്ച ഡോക്ടർ തന്നെ രേഖകൾ പരിശോധിച്ച് കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിക്കുന്നു. ജില്ല തിരിച്ചു കോവിഡ് മരണപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള ചുമതല സംസ്ഥാന സർക്കാരിനാണ്. ഓരോ മാസത്തെയും മരണം പ്രത്യേകമായി പ്രസിദ്ധീകരിക്കണം. ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അതും രേഖകൾ സഹിതം പുറത്തുവിടണമെന്നാണ് കോടതിയുടെ നിർദ്ദേശം.
ആവശ്യമായ രേഖകളുമായി ബന്ധുക്കൾ സമീപിച്ചാൽ അതു പരിശോധിച്ചു മരണ സർട്ടിഫിക്കറ്റുകളിൽ കോവിഡ് മരണമെന്നു രേഖപ്പെടുത്തി നൽകണം. മരണപ്പട്ടികയിൽ നിന്നു പുറത്തായവരുടെ കുടുംബാംഗങ്ങൾക്കു പരാതി നൽകാൻ ഡിഎംഒ ഓഫിസുകൾ ക്രമീകരണം ഒരുക്കണമെന്നും വിധിയിൽ നിർദ്ദേശിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ