തിരുവനന്തപുരം: കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന്റെ പുതിയ മാർഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാർഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കകം മാർഗരേഖയ്ക്ക് അന്തിമ രൂപമാകുന്നതാണ്. നെഗറ്റീവായാലും 30 ദിവസത്തിനുള്ളിലെ മരണം കോവിഡ് മരണമാണന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ളതാകും പുതിയ മാർഗരേഖ.

കോവിഡിൽ കേരളത്തിൽ ഇതുവരെ മരിച്ചത് 24039 എന്നാണ് കണക്ക്. ഇന്നലെ 142 പേർ മരിച്ചു. ഇതുവരെ 45ലക്ഷം പേരിലാണ് വൈറസ് ബാധയുണ്ടായത്. മരണ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ കുറവാണ്. എന്നാൽ പല മരണങ്ങളും കേരളം കണക്കിൽ ഉൾപ്പെടുത്തുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെയാണ് നഷ്ടപരിഹാരം കൊടുക്കണമെന്ന ചർച്ച സുപ്രീംകോടതി ഉയർത്തിയത്. കേന്ദ്രവും അനുകൂല നിലപാട് എടുത്തു. ഈ സാഹചര്യത്തിൽ കണക്കിലെ പ്രശ്‌നങ്ങൾ കാരണം പലർക്കും ആനുകൂല്യം നിഷേധിക്കപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പട്ടിക പുനപരിശോധിക്കുമെന്ന് നേരത്തെ തന്നെ ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.

കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്യേണ്ടി വന്നവരെയും പട്ടികയിൽ പരിഗണിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 50,000 രൂപ നൽകുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കോടതി ആവശ്യപ്രകാരമാണ് സർക്കാർ നിലപാട് തിരുത്തിയത്. നേരത്തെ കോവിഡ് മരണങ്ങൾ നിശ്ചയിക്കുന്ന മാർഗരേഖയിൽ ആത്മഹത്യ ചെയ്തവരെ ഒഴിവാക്കിയിരുന്നു. ഇതെല്ലാം കേരളത്തിലെ കോവിഡ് മരണ നിരക്കിലും പ്രതിഫലിക്കും.

ഇപ്പോൾ കേന്ദ്രവും മാർഗ്ഗ നിർദ്ദേശത്തിൽ മാറ്റം വരുത്തിയതാണ് ഇതിന് സാഹചര്യമൊരുക്കുന്നത്. ആത്മഹത്യയും പരിധിയിലേക്ക് കൊണ്ടു വന്നു. അതുകൊണ്ട് കൂടിയാണ് കേരളവും മാർഗ്ഗ രേഖ പുതുക്കുന്നത്. ഇതുസംബന്ധിച്ച് സമഗ്രമായ ലിസ്റ്റ് തന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന മെഡിക്കൽ കോളേജിലെ പുതിയ ഐ.സി.യു.കൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് തന്നെ ഒരു അന്വേഷണം നടത്തുകയും അത് പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇതോടൊപ്പം പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പ് തന്നെ അതിനൊരു ഇടപെടൽ നടത്തി പട്ടിക പ്രസിദ്ധീകരിക്കുക തന്നെ ചെയ്യും. അർഹരായവർക്കെല്ലാം ഇതുസംബന്ധിച്ച ആനുകൂല്യം ലഭിക്കണമെന്ന് തന്നെയാണ് സർക്കാരിന്റെ തീരുമാനം. അതിന് വേണ്ടി സംസ്ഥാന സർക്കാർ ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡിൽ കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. ആഴ്ചകൾക്കുള്ളിൽ കോവിഡിനെ പ്രതിരോധിക്കുന്നതിൽ നിർണ്ണായക പുരോഗതിയുണ്ടാകുമെന്നും വിലയിരുത്തുന്നു.

മെഡിക്കൽ കോളേജിൽ രണ്ടാഴ്ചത്തേയ്ക്കുള്ള സ്റ്റെൻഡ് ലഭ്യമാണ്. കൂടുതൽ സ്റ്റെൻഡ് എത്തിക്കാനുള്ള നടപടി സ്വീകരിക്കും. കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകും എന്ന് തന്നെയാണ് കരുതുന്നത്. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ സാമൂഹിക ഇടപെടലുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെ വേണം എന്നതാണ്. മാസ്‌ക് ശരിയായവിധം ധരിക്കണം. സാമൂഹിക അകലം പാലിക്കണം. സാമൂഹിക കൂടിച്ചേരലുകൾ ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തന്നെ മുന്നോട്ട് പോകണം. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്തിൽ 90 ശതമാനത്തിലധികം പേർ ആദ്യഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. ഒരു കോടിയിലധികം ആളുകൾ സമ്പൂർണ വാക്സിനേഷനുമായി.

കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടാണ് മെഡിക്കൽ കോളേജിൽ രണ്ട് ഐ.സി.യു.കൾ സജ്ജമാക്കിയത്. അത്യാധുനിക 100 ഐ.സി.യു. കിടക്കകളാണ് സജ്ജമാക്കിയത്. 5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 7, 8 വാർഡുകൾ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു. സംവിധാനം സജ്ജമാക്കിയത്. ഈ ഐ.സി.യു.കൾക്കായി ആദ്യഘട്ടത്തിൽ 17 വെന്റിലേറ്ററുകളാണ് സ്ഥാപിച്ചത്. ബാക്കിയുള്ള വെന്റിലേറ്ററുകൾ ഉടൻ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.