- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
8000 മരണങ്ങൾ കൂടി ആ പട്ടികയിലേക്ക്; കേരളത്തിലെ കോവിഡ് മരണങ്ങൾ 30,000 കടന്നു; മരണം കോവിഡാക്കാൻ ഇനിയും ആശ്രിതർക്ക് അവസരവും; നഷ്ടപരിഹാരം നൽകാൻ വേണ്ടത് 164 കോടി രൂപ; പ്രളയകാല വിവാദം ഒഴിവാക്കാൻ പരമാവധി മുൻകരുതൽ; കോവിഡിൽ ഇനി ആശ്വാസ സഹായം
തിരുവനന്തപുരം: ആ മരണ കണക്ക് തെറ്റാണെന്ന് ഒടുവിൽ പിണറായി സർക്കാരും അംഗീകരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് ബാധിച്ചതിനെത്തുടർന്നുള്ള 8,000 മരണങ്ങൾ കൂടി ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ജില്ലാതലത്തിൽ മരണക്കണക്കുകൾ സ്ഥിരീകരിക്കാൻ തുടങ്ങിയ ജൂൺ 14 വരെ പല കാരണങ്ങളാൽ ഒഴിവാക്കപ്പെട്ട മരണങ്ങളാണു പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇതോടെ ആകെ മരണം ഏതാണ്ട് 33,000 ആകും. നിലവിലുള്ള ഔദ്യോഗിക മരണസംഖ്യ 24,810 ആണ്.
പുതുക്കിയ സംഖ്യയനുസരിച്ച് നഷ്ടപരിഹാരം നൽകാൻ ആകെ 164 കോടി രൂപ വേണം. സംസ്ഥാന ദുരന്ത നിവാരണനിധിയിൽ ഏകദേശം 160 കോടി രൂപയാണു ബാക്കിയുള്ളത്. ഒട്ടേറെ കോവിഡ് മരണങ്ങൾ മറച്ചുവച്ചതായി തെളിവുകൾ സഹിതം നിയമസഭയിൽ ഉൾപ്പെടെ വിമർശനം ഉയർന്നിരുന്നു. തുടർന്ന്, ഇവ പുനഃപരിശോധിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിക്കുമെന്നു ജൂലൈയിൽ സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പുറത്തുവിട്ടില്ല. നഷ്ടപരിഹാരം കൊടുക്കാൻ തുടങ്ങുമ്പോൾ ഇതെല്ലാം വിവാദത്തിന് വഴിവയ്ക്കും.
ഇൻഫർമേഷൻ കേരള മിഷനിൽ നിന്നുള്ള രേഖകൾ പ്രകാരം ഏഴായിരത്തിലേറെ മരണങ്ങൾ ഒഴിവാക്കിയെന്നു വ്യക്തമായിരുന്നു. ജില്ലകളിൽ നിന്നുള്ള മരണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 13,000 മരണം ഒഴിവാക്കിയതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇങ്ങനെ ഒഴിവാക്കപ്പെട്ടവരുടെ ആശ്രിതർ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിക്കുന്ന ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങണം. അവർക്കും നഷ്ടപരിഹാരം കിട്ടും.
കോവിഡ് ബാധിച്ചു 30 ദിവസത്തിനകമുള്ള മരണങ്ങളെല്ലാം കോവിഡ് മരണങ്ങളായി കണക്കാക്കണമെന്നും 50,000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുമുള്ള കേന്ദ്ര നിർദേശത്തെത്തുടർന്നാണു സർക്കാർ പട്ടിക പുതുക്കിയത്. സുപ്രീം കോടതി ഇടപെടലിനെത്തുടർന്നാണു കേന്ദ്രസർക്കാർ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. കോവിഡ് ബാധിച്ച ശേഷം ജീവനൊടുക്കിയവരെയും പട്ടികയിൽ പെടുത്തണമെന്ന നിർദേശപ്രകാരം അത്തരം അപേക്ഷകളും സർക്കാരിനു പരിഗണിക്കേണ്ടി വരും.
കോവിഡ് ബാധിച്ചു 30 ദിവസത്തിനകമുള്ള മരണങ്ങൾ പുതിയ പട്ടികയിലും ഇല്ലെങ്കിൽ അവ ചേർക്കാൻ ഇനിയും അവസരമുണ്ടാകും. മരിച്ചവരുടെ ആശ്രിതർക്ക് ആരോഗ്യ പ്രവർത്തകർ വഴി പരാതി നൽകാം. മെഡിക്കൽ രേഖ ഹാജരാക്കണം. പരാതികൾ വിദഗ്ധസമിതി പരിശോധിച്ച് തീരുമാനമെടുക്കും. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും.
സംസ്ഥാനത്തെ ഏറ്റവും വലിയ മരണ നഷ്ടപരിഹാര വിതരണ ദൗത്യത്തിന് സർക്കാർ ഒരുക്കം തുടങ്ങി. പ്രളയകാലത്ത് 10,000 രൂപ വീതമുള്ള നഷ്ടപരിഹാരത്തുക 4 ലക്ഷത്തോളം പേർക്ക് നൽകിയിരുന്നെങ്കിലും മരിച്ചവരുടെ ആശ്രിതർക്കുള്ള ഇത്രയും വലിയ നഷ്ടപരിഹാര വിതരണം ഇതാദ്യമാണ്. പ്രളയകാലത്ത് ബാങ്ക് അക്കൗണ്ടുകൾ രേഖപ്പെടുത്തിയതിലെ പിഴവുകൾ മൂലം ഒട്ടേറെ പേർക്ക് പണം കൈമാറുന്നതു തടസ്സപ്പെട്ടിരുന്നു.
കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ പ്രത്യേക ഫോം സർക്കാർ തയാറാക്കും. ഓൺലൈൻ വഴിയും നേരിട്ടും അപേക്ഷ നൽകാൻ സൗകര്യമുണ്ടാകും. മരിച്ചവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള മരണ റജിസ്‌ട്രേഷൻ നമ്പർ, ആശ്രിതരുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സമർപ്പിക്കണം. ഇതു പരിശോധിച്ചു വില്ലേജ് ഓഫിസർ തഹസിൽദാർക്ക് അർഹരായവരുടെ പട്ടിക കൈമാറും. തഹസിൽദാരാണു നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്യുക. ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു തുക തുല്യമായി വീതിച്ചു നൽകും.
മറുനാടന് മലയാളി ബ്യൂറോ