ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം കെട്ടടങ്ങുന്നതിനിടെ ആശങ്ക ഉയർത്തി 40-ലധികം പുതിയ ഡെൽറ്റ പ്ലസ് വകേഭദം കണ്ടെത്തി. ആശങ്കയുടെ വകഭേദമെന്നാണ് സർക്കാർ ഇതിനെ വിശേഷപ്പിച്ചിരിക്കുന്നത്. ഡെൽറ്റ പ്ലസ് വകഭേദം സംബന്ധിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ പരിവർത്തന രൂപം ഈ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.

മഹാരാഷ്ട്രയിൽ 21, മധ്യപ്രദേശിൽ ആറ്, കേരളത്തിലും തമിഴ്‌നാട്ടിലും മൂന്ന് വീതം കർണാടകയിൽ രണ്ട്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ്ഡെൽറ്റപ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ വലിയ തോതിൽ രോഗവ്യാപനത്തിനും മരണങ്ങൾക്കും ഇടയാക്കിയത് ഡെൽറ്റ വകഭേദമായിരുന്നു.

കേരളത്തിൽ പത്തനംതിട്ടയിലും പാലക്കാടുമാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ രത്നഗിരി, ജൽഗാവ് എന്നിവിടങ്ങളിലും മധ്യപ്രദേശിലെ ഭോപ്പാലിലും ശിവ്പുരിയിലുമാണ് ഇവ കണ്ടെത്തിയത്. വകഭേദം കണ്ടെത്തിയവരുടെ റൂട്ട് മാപ്പ്, വാക്സിനേഷൻ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം ശേഖരിച്ചുവരികയാണ്. ആൾക്കൂട്ടനിയന്ത്രണം കർശനമായി നടപ്പാക്കുക, കേസുകൾ ഉള്ള പ്രദേശങ്ങളിൽ മുൻഗണന നൽകി വാക്സിനേഷൻ നടത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം രാജ്യത്ത് വീണ്ടും അര ലക്ഷത്തിനു മുകളിൽ രോഗികൾ ആയി.രാജ്യത്ത് ഇന്നലെ 50,848 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 68,817 പേർ രോഗമുക്തി നേടി. 1358 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത്.ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും അരലക്ഷം കടക്കുന്നത്. ഇന്നലെ നാൽപ്പത്തി മൂവായിരത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,00,28,709 ആയി. ഇതിൽ 2,89,94,855 പേർ രോഗമുക്തി നേടി. ആകെ കോവിഡ് മരണം-3,90,660. നിലവിൽ 6,43,194 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.