പത്തനംതിട്ട: കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് പാലക്കാട് ജില്ലയിൽ 2 പേർക്കും പത്തനംതിട്ട ജില്ലയിൽ ഒരാൾക്കും സ്ഥിരീകരിച്ചതോടെ ആശങ്ക ശക്തമാകുന്നു. പാലക്കാട്ടുനിന്നും കഴിഞ്ഞമാസം അയച്ച സാംപിളുകളിലാണു ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഡൽഹിയിൽ നടത്തിയ ജനിതക പഠനത്തിലൂടെയാണ് ഇപ്പോഴിതു സ്ഥിരീകരിച്ചത്.

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിൽ വന്നിട്ടുള്ള പ്രസക്തമായ ജനിതകമാറ്റത്തെയാണ് ഡെൽറ്റ പ്ലസ് എന്നു പറയുന്നത്. ഡെൽറ്റയാണ് ഇന്ത്യയിൽതന്നെയും കേരളത്തിലും ഇപ്പോൾ കൂടുതൽ. ഇന്ത്യയിൽ കാണപ്പെടുന്ന കോവിഡ് ഡെൽറ്റ വകഭേദത്തിന് ജനിതകമാറ്റം. സാർസ് കോവി-2 വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് വൈറസ് വകഭേദത്തെയാണ് കണ്ടെത്തിയത്. ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ അഥവാ ബി.1.617.2 (B.1.617.2) എന്ന വൈറസ് വകഭേദത്തിൽ ജനിതകമാറ്റം വന്നതാണ് ഡെൽറ്റ പ്ലസ് അഥവാ എവൈ.1 വകഭേദം.

കെ417എൻ മ്യൂട്ടേൽനാണ് ഡെൽറ്റ വകഭേദത്തിലുള്ളതെന്ന് ഡൽഹി സിഎസ്‌ഐആർ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞനായ ബാനി ജോളി അറിയിച്ചു. ഇപ്പോഴത്തെ കണക്കനുസരിച്ച്, 10 രാജ്യങ്ങളിൽ നിന്നുള്ള ജീനോമുകളിൽ ഈ സീക്വൻസുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഡെൽറ്റ പ്ലസ് എന്ന് ഇപ്പോൾ വിശേഷിപ്പിക്കുന്ന ജനിതകമാറ്റത്തിന് കെ417എൻ എന്നാണു ഗവേഷകർ നൽകിയ പേര്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡി കോക്ടെയിലുകളെ ചെറുക്കാനും ശേഷിയുള്ളതാണിത്. വാക്‌സീൻ എടുത്തവരെ വളരെ ചെറിയ തോതിൽ മാത്രമേ ബാധിക്കുന്നുള്ളൂ. വാക്‌സീൻ ശേഷിയെ അതിജീവിച്ചതിന് തെളിവില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡെൽറ്റ പ്ലസ് കോവിഡ് മൂന്നാം തരംഗത്തിന് വഴിവെക്കുമോ എന്ന ആശങ്കയും ശക്തമാണ്.

കോവിഡ് തരംഗത്തിന്റെ തീവ്രത കുറയുമ്പോൾ കൂടുതൽ ജാഗ്രത വേണം. കാരണം, അപ്പോഴാണു കാര്യമായ ജനിതകമാറ്റം സംഭവിക്കുക. കേരളത്തിൽനിന്ന് ശേഖരിച്ച സാംപിളുകളിൽ മൂന്നെണ്ണത്തിലാണ് ഡെൽറ്റ പ്ലസ് കണ്ടെത്തിയിട്ടുള്ളത്. തമിഴ്‌നാട്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രപ്രദേശ്, ഗുജറാത്ത് സാംപിളുകളിൽ നേരത്തെതന്നെ ഡെൽറ്റ പ്ലസ് കണ്ടു.

ഡെൽറ്റ പ്ലസിലൂടെ മൂന്നാം തരംഗം എന്നു പറയാവുന്ന സ്ഥിതിയായിട്ടില്ല. ഡെൽറ്റ കഴിഞ്ഞ വർഷം ജൂൺ ജൂലൈ മുതൽ മഹാരാഷ്ട്രയിൽ കാണുന്നതാണ്. കെ417എൻ എന്നത് ഡെൽറ്റയിൽ മാത്രമല്ല, മുൻപുണ്ടായ വകഭേദത്തിലും കണ്ടിട്ടുള്ളതാണ്. പല സ്ഥലത്തും സ്വതന്ത്രമായി വൈറസിൽ സംഭവിച്ചിട്ടുള്ള മാറ്റത്തിലൂടെ കെ417എൻ വകഭേദം രൂപപ്പെടുന്നുണ്ട്. ഡെൽറ്റയിൽ സംഭവിച്ചപ്പോൾ അതിനെ ഡെൽറ്റ പ്ലസ് എന്നു വിളിച്ചു.

ഡെൽറ്റ പ്ലസ് കണ്ടെത്തിയ സാഹചര്യത്തിൽ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ജാഗ്രത വർധിപ്പിച്ചു. പത്തനംതിട്ട കടപ്രയിൽ ഒരാൾക്കും പാലക്കാട് രണ്ട് പേർക്കുമാണ് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പാലക്കാട് ജില്ലയിലെ പറളി,പിരായരി പഞ്ചായത്തുകളിലെ രണ്ട് സ്ത്രീകളിലാണ് ഡെൽറ്റ പ്ലസ് കണ്ടെത്തിയത്. രണ്ടിടത്തും ജാഗ്രത ശക്തമാക്കുമെന്ന് ഡിഎംഒ ഡോ. റീത്ത പറഞ്ഞു. 50 വയസ്സിൽ താഴെയുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ് വകഭേദം കണ്ടെത്തിയത്. ഇരുവർക്കും രോഗം ഭേദമായി.

പറളിയിൽ റിപ്പോർട്ട് ചെയ്ത കേസിൽ ലക്ഷണങ്ങളുണ്ടായിരുന്നില്ല. എന്നാൽ പിരായനിയിൽ റിപ്പോർട്ട് ചെയ്ത കേസിൽ ലക്ഷണങ്ങളുണ്ടായിരുന്നു. ഇവരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് ടെസ്റ്റ് നടത്തിയതാണ്. വൈറസിന് വ്യാപനം കൂടുതലായതിനാൽ കരുതൽ വേണം. പരിശോധനകൾ കൂട്ടും. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഡിഎംഒ ഡോ. റീത്ത അറിയിച്ചു.