- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെയിനിലും ഇറ്റലിയിലും ഇംഗ്ലണ്ടിലും കോവിഡ് അതിവേഗം വീണ്ടും എത്തി; മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കൊറോണയുടെ രണ്ടാം ആക്രമണം തുടങ്ങി; രണ്ടാം വരവിൽ രോഗികളാവുന്നതിൽ കൂടുതലും ചെറുപ്പക്കാർ; കോവിഡ് ബാധിക്കുന്ന വൃദ്ധരുടേയും രോഗികളുടെയും എണ്ണത്തിൽ ഇടിവ്
മാഡ്രിഡ്: യൂറോപ്പിൽ വീണ്ടും കൊറോണയുടെ താണ്ഡവം ആരംഭിക്കുമ്പോൾ, കർശനമായ പല നടപടികളുമായി ഭരണകൂടങ്ങൾ രംഗത്തെത്തുകയാണ് മുറിക്കുള്ളിലും പുറത്തും ആറ് പേരിലധികം കൂട്ടം കൂടുന്നത് നിരോധിച്ചുകൊണ്ടുള്ള ബോറിസ് ജോൺസന്റെ ഉത്തരവാണ് അതിൽ പ്രധാനമായുള്ളത്. സ്കൂളുകൾ, തൊഴിലിടങ്ങൾ പിന്നെ വിരലിലെണ്ണാവുന്ന മറ്റു ചില സ്ഥലങ്ങൾ എന്നിവയെ മാത്രമാണ് ഈ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.
രോഗവ്യാപനം ശക്തമാകുന്ന സ്പെയിനിലും നിയന്ത്രണങ്ങൾ എത്തിക്കഴിഞ്ഞു. എന്നാൽ ഇവിടെ പൊതുവായുള്ള ഒരു നിയന്ത്രണമില്ല. പല മേഖലകളിലും അതാത് സ്ഥലത്തിന്റെ സ്വഭാവത്തിനനുസരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. കാറ്റലോണിയയിൽ 10 പേരിൽ അധികം കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം മുർസിയയിൽ ഇത് ആറുപേരിൽ ഒതുക്കിയിട്ടുണ്ട്.ഗ്രീസിലെ ലെസ്വോസിലും ഹെരാക്ലിയോണിലും പ്രാദേശിക ലോക്ക്ഡൂണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെത്തന്നെ, ലെസ്വോസ് ദ്വീപുകൾ, ഹൽകിഡ്കി തീരപ്രദേശം, മൈക്കോനോസ് ദ്വീപുകൾ എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ ഉണ്ട്.
മുറിക്കകത്തായാലും പുറത്തായാലും ഒമ്പത് പേരിൽ അധികം കൂട്ടുകൂടരുത്, റെസ്റ്റോറന്റുകളിൽ ഒരു മേശക്ക് ചുറ്റും നാല് പേരിൽ കൂടുതൽ പേർ ഇരിക്കരുത് എന്നിവയെല്ലാം ഈ നിയന്ത്രണങ്ങളിൽ ഉൾപ്പെടും. എന്നാൽ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെങ്കിൽ. റെസ്റ്റോറന്റുകളിലെ ഒരു മേശക്ക് ചുറ്റും ആറ് പേർക്ക് വരെ ഇരിക്കാനുള്ള അനുവാദമുണ്ട്.പോർച്ചുഗലിൽ, എല്ലാ രണ്ടാഴ്ച്ചയിലും പുനപരിശോധനക് വിധേയമാക്കുന്ന തരത്തിലുള്ള പ്രാദേശിക നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കോവിഡ്-19 ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും അവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്കും നിർബന്ധിത ഐസൊലേഷൻ ഇവിടെ നിർബന്ധമാക്കിയിട്ടുണ്ട്. ഗ്രെയിറ്റർ ലിസ്ബണിൽ പൊതു സ്വകാര്യ ഇടങ്ങളിൽ 10 ആളുകളിലധികം കൂട്ടം കൂടരുതെന്ന നിബന്ധന നിലവിൽ വന്നു. മാത്രമല്ല, റെസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയവ ഒഴിച്ചുള്ള സ്ഥാപനങ്ങൾക്ക് രാവിലെ 10 മണിമുതൽ രാത്രി 8 മണിവരെ മാത്രമാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.
അയർലൻഡിൽ ആറുപേർക്ക് മാത്രമാണ് മുറിക്കുള്ളിൽ ഒരുമിച്ചു ചേരാനുള്ള അനുമതിയുള്ളത്. ജർമ്മനിയിലാണെങ്കിൽ സഞ്ചാരസ്വാതന്ത്ര്യത്തിനു വരെ നിയന്ത്രണം വരത്തക്കവണ്ണമുള്ള നിയന്ത്രണങ്ങളാണ് ദേശീയതലത്തിൽ തന്നെ നടപ്പാക്കിയിട്ടുള്ളത്. വർക്ക് ഫ്രം ഹോം സാധ്യമായിടങ്ങളിലെല്ലാം നടപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ബെർലിനിൽ, 50 പേരിലധികം പേർ പങ്കെടുക്കുന്ന പാർട്ടികളുടെ സംഘാടകർ അതിൽ പങ്കെടുക്കുന്നവരുടെ സമ്പർക്ക വിവിരം സൂക്ഷിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ടാം വരവിൽ കൊറോണ ലക്ഷ്യമിടുന്നത് യുവതലമുറയേയാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂലായ് മുതൽ ഇത്തരക്കാരുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചു. മാത്രമല്ല, ബ്രിട്ടനിൽ സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ 10 നും 19 നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ രോഗബാധിതരുടെ എണ്ണം നാലിരട്ടിയായി വർദ്ധിച്ചിരുന്നു. എന്നാൽ, 80 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ കൊറോണാ ബാധിതരുടെ എണ്ണം കാര്യമായി കുറഞ്ഞിട്ടുമുണ്ട്.
ഏറ്റവുമധികം അപകട സാധ്യതയുള്ള വിഭാഗമായ പ്രായമായവരിൽ രോഗവ്യാപനം ലോക്ക്ഡൗണിന് ശേഷം കാര്യമായി കുറഞ്ഞു എന്നത് ആശ്വാസകരമായ കാര്യമാണ്. സാമൂഹിക അകലം ഉൾപ്പടെയുള്ള നിയമങ്ങൾ പാലിക്കുന്നതിൽ ഇക്കൂട്ടർ കാണിക്കുന്ന ശുഷ്കാന്തിയാകാം ഇതിനു കാരണമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. അതേസമയം യുവ തലമുറ പാർട്ടികളും മറ്റുമായി കൂട്ടം ചേരുന്നതും, സാമൂഹിക അകലം പാലിക്കാത്തതുമൊക്കെ ഇവർക്കിടയിൽ രോഗവ്യാപനം ശക്തമാകുവാൻ ഇടയാക്കിയിട്ടുണ്ട്.
യുവാക്കൾക്കിടയിൽ രോഗവ്യാപനമുണ്ടായാൽ അത് വീട്ടിലെ മുതിർന്നവരിലേക്ക് പടരുവാൻ സാധ്യത ഏറെയാണ്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം മാറ്റ് ഹാൻകോക്ക്, തങ്ങളുടെ മുത്തശ്ശന്മാരേയും മുത്തശ്ശിമ്മാരേയും കൊല്ലരുത് എന്ന് യുവാക്കളോട് പറഞ്ഞത്. ഇംഗ്ലണ്ടിൽ നോർത്തും മിഡ്ലാൻഡിലുമാണ് ഇപ്പോൾ രോഗവ്യാപനം ശക്തമായിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച്, ബോൾട്ടൺ, ലീഡ്സ്,ബ്രിമ്മിങ്ഹാം, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ.
മറുനാടന് ഡെസ്ക്