- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തോടടുക്കുന്നു; 24 മണിക്കൂറിനിടെ 927 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 55,902 ആയി; രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതർ മഹാരാഷ്ട്രയിൽ; തൊട്ടു പിന്നിൽ തമിഴ്നാടും ആന്ധ്രാപ്രദേശും കർണാടകയും
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തോടടുക്കുന്നു. രാജ്യത്ത് ഇന്ന് 64,796 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ വൈറസ് ബാധിതരുടെ എണ്ണം 29,69,125 ആയി ഉയർന്നു. ഇന്ന് 927 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 55,902 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്ന 6,99,336 പേരിൽ 8,944 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 22,13,887 പേർ രോഗമുക്തി നേടി. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. തമിഴ്നാടും ആന്ധ്രാപ്രദേശും കർണാടകയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.
മഹാരാഷ്ട്രയിൽ ഇന്ന് 14,161 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 11,749 പേർ രോഗമുക്തി നേടുകയും 339 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,57,450 ആയി. 4,70,873 പേർ ഇതിനോടകം രോഗമുക്തി നേടി. നിലവിൽ 1,64,562 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 21,698 പേർക്കാണ് കോവിഡ് മൂലം മഹാരാഷ്ട്രയിൽ ജീവൻ നഷ്ടപ്പെട്ടതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ആന്ധ്രാപ്രദേശിൽ 24 മണിക്കൂറിനിടെ 9544 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 8827 പേർ രോഗമുക്തി നേടിയത് ആശ്വാസമായി. 24 മണിക്കൂറിനിടെ 91 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3092 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 3,34,940 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 87,803 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 2,44,045 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.
കർണാടകയിൽ ഇന്ന് 7,571 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6,561 പേർ ഇന്ന് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 93 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,64,546 ആയി. 83066 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,76,942 പേർ രോഗമുക്തരായപ്പോൾ 4,522 പേരാണ് ഇതുവരെ രോഗബാധയെ തുടർന്ന് മരിച്ചത്.
തമിഴ്നാട്ടിൽ 5,995 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 5,764 പേർ രോഗമുക്തി നേടി. 101 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടർന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,67,430 ആണ്. ഇതിൽ 53,413 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3,07,677 പേർ രോഗമുക്തി നേടി. 6,340 പേർ ഇതുവരെ മരിച്ചുവെന്നും സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
പ്രതിദിന രോഗബാധയിൽ വലിയ വർധനവ് രേഖപ്പെടുത്തുമ്പോഴും രോഗമുക്തി നിരക്കിലെ വർധനവ് ഇന്ത്യക്ക് ആശ്വാസമാകുന്നു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 74.30 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കോവിഡ് മരണനിരക്കിലും രാജ്യത്ത് വലിയ തോതിൽ കുറവ് വന്നിട്ടുണ്ട്. 1.89 ശതമാനമാണ് മരണനിരക്ക്. 24 മണിക്കൂറിനിടെ 62,282 പേരാണ് ഇന്ത്യയിൽ രോഗമുക്തി നേടിയത്. ഏറ്റവും കൂടിയ പ്രതിദിന വർധനയാണ് ഇത്.
അതിനിടെ, കോവിഡ് വാക്സിൻ ഈ വർഷം അവസാനത്തോടെ ജനങ്ങളിൽ എത്തിക്കാനാകും എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഈ വർഷം അവസാനത്തോടെ കോവാക്സിൻ ജനങ്ങളിലെത്തിക്കാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. പരീക്ഷണങ്ങൾ നടക്കുകയാണെന്നും ഈ വർഷം അവസാനത്തോടെ അത് ജനങ്ങളിലെത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓക്സഫഡ് വാക്സിൻ പരീക്ഷണം ആരംഭിച്ച കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. വാക്സിനുകളുടെ പരീക്ഷണങ്ങളെല്ലാം വിജയിച്ചാൽ തീർച്ചയായും 2021 ആദ്യത്തോടെ വിപണിയിലെത്തിക്കാമെന്നും അദ്ദേഹം പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ വാക്സിൻ പരീക്ഷണത്തെക്കുറിച്ച് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചത്.
ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായാണ് കോവാക്സിൻ വികസിപ്പിക്കുന്നത്. ഒപ്പം തന്നെ സിഡസ് കാഡിലയുടെ സൈക്കോവ്- ഡി വാക്സിൻ, സിറം ഇൻസ്റ്റിറ്റിയൂട്ടിന്റെ ഓക്സ്ഫഡ് വാക്സിൻ എന്നിവയും ഇന്ത്യയിൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ തങ്ങൾ പുറത്തിറക്കിയതായി ഈയടുത്ത് റഷ്യ അവകാശപ്പെട്ടിരുന്നു. കോവിഡ് വാക്സിൻ വലിയ തോതിൽ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ കഴിവിൽ റഷ്യയും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
മറുനാടന് ഡെസ്ക്