ന്യൂഡൽഹി: ഓക്‌സിജന്റെ വില ഇന്ത്യ തിരിച്ചറിയുകയാണ്. രാജ്യത്ത് 3.52 ലക്ഷം പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; മരണം 2,688. ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കവിഞ്ഞു. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 1.73 കോടി. ആകെ മരണം 1,94,998. ഈ മരണങ്ങളിൽ പലതും ഓക്‌സിജൻ ഉണ്ടായിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്നു. പ്രാണവായു കിട്ടാതെ പിടയുന്നവർ, ജീവിതമാർഗം നഷ്ടപ്പെട്ട് പലായനം ചെയ്യുന്ന കുടിയേറ്റത്തൊഴിലാളികളും ഇന്ത്യയുടെ കൊറോണക്കാലത്തെ കണ്ണീരാണ്. മനുഷ്യജീവൻ പിടിച്ചുനിർത്താൻ യുദ്ധംചെയ്യുന്ന ആശുപത്രികളും ഉത്തരേന്ത്യൻ പ്രതിസന്ധിക്ക് തെളിവാണ്. കോവിഡ് രണ്ടാം വ്യാപനത്തിന്റെ പിടിയിലായ ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ്.

വാക്‌സിനേഷനിലൂടെയും ഓക്‌സിജൻ പ്ലാന്റുകൾ ഉണ്ടാക്കിയും പ്രതിസന്ധിയെ നേരിടാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഇനിയുള്ള ഒരാഴ്ച നിർണ്ണായകമാണ്. ഈ ദിനത്തിനിടെയിൽ കോവിഡിനെ പിടിച്ചു കെട്ടാനായില്ലെങ്കിൽ വമ്പൻ പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങും. രാജ്യവ്യാപക ലോക്ഡൗൺ പോലും വേണ്ടി വരും. ഉത്തരേന്ത്യയിലെ കൊടുംചൂടിൽ ആശുപത്രികൾക്കു മുന്നിൽ കാത്തുകിടക്കുകയാണ് രോഗികളും ബന്ധുക്കളുടെ മരണവിവരമറിഞ്ഞെത്തിയവരും. തുടർച്ചയായ ഏഴാംദിവസവും ഉത്തരേന്ത്യയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാണ്. ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ അധികാരകേന്ദ്രങ്ങൾക്ക് ഡൽഹിയിലെ ആശുപത്രികൾ അടിയന്തരസന്ദേശം നൽകി കാത്തിരിക്കുന്നു. ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാതെ പുതിയ രോഗികളെ പ്രവേശിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് ചില സ്വകാര്യ ആശുപത്രികൾ.

കർണ്ണാടകയിലും കേരളത്തിലും കോവിഡ് കേസുകൾ ഉയരുകയാണ്. എന്നാൽ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ സുസജ്ജം. തമിഴ്‌നാട്ടിലും സ്ഥിതി ഗൗരവമുള്ളതാണ്. ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഇന്നു പുലർച്ചെ നാലു മുതൽ കർശന നിയന്ത്രണങ്ങളുമായി മിനി ലോക്ഡൗൺ പ്രഖ്യാപിച്ചു. തിയറ്റർ, മാൾ, ഓഡിറ്റോറിയം, ബ്യൂട്ടി പാർലർ, സ്പാ, സലൂൺ, ബാർ, ജിം മുതലായവ പൂർണമായും അടച്ചിടും. ആരാധനാലയങ്ങളിൽ പ്രവേശനം വിലക്കിയെങ്കിലും ചടങ്ങുകൾ തുടരാം. വിവാഹത്തിനു പരമാവധി 50 പേരും സംസ്‌കാരത്തിന് 25 പേർക്കും മാത്രം പങ്കെടുക്കാൻ അനുമതി. കേരളമുൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നു തമിഴ്‌നാട്ടിൽ എത്തുന്നവർക്ക് ഇ-റജിസ്‌ട്രേഷൻ നിർബന്ധം. തമിഴ്‌നാട്ടിൽ പ്രതിദിന പോസിറ്റീവ് 15,000 കടന്നു. പുതുതായി 15,659 പോസിറ്റീവ്. 82 പേർ മരിച്ചു.

കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. പ്രതിദിന കോവിഡ് കേസുകളിൽ കുറവുണ്ടെങ്കിലും പോസിറ്റിവിറ്റി നിരക്ക് 30നു മുകളിൽ തുടരുന്നതിനാൽ നിലവിലെ ലോക്ഡൗൺ മെയ്‌ 3 വരെ തുടരും. സ്വകാര്യ വാക്‌സീൻ വിതരണ കേന്ദ്രങ്ങൾ മെയ്‌ ഒന്നു മുതൽ, കുത്തിവയ്ക്കുന്ന വാക്‌സീൻ, ഈടാക്കുന്ന നിരക്ക് തുടങ്ങിയ വിവരങ്ങൾ കോവിൻ പോർട്ടലിൽ മുൻകൂറായി നൽകണമെന്നു വ്യക്തമാക്കി ആരോഗ്യ സെക്രട്ടറി രാജേഷ്് ഭൂഷൺ സംസ്ഥാനങ്ങൾക്കു കത്തു നൽകി. കോവിൻ പോർട്ടലിൽ അപ്പോയ്ന്റ്‌മെന്റ് മൊഡ്യൂളിൽ ഇതു ലഭ്യമാകും. ഇതു പരിശോധിച്ചു വാക്‌സീന്റെ കാര്യത്തിലും കുത്തിവയ്‌പെടുക്കേണ്ട കേന്ദ്രത്തിന്റെ കാര്യത്തിലും ഗുണഭോക്താവിനു തീരുമാനമെടുക്കാൻ കഴിയുമെന്നതാണ് നേട്ടം.

18 മുതൽ 45 വരെയുള്ളവർക്കു കൂടി ലഭ്യമാക്കുന്ന മൂന്നാം ഘട്ട വാക്‌സീൻ കുത്തിവയ്പിനുള്ള റജിസ്‌ട്രേഷൻ 28ന് ആരംഭിക്കും. ഈ പ്രായപരിധിയിലുള്ളവർ കോവിൻ പോർട്ടൽ, ആരോഗ്യസേതു ഇവ വഴി രജിസ്റ്റർ ചെയ്തിരിക്കണം. സ്ലോട്ട് ബാക്കിയുണ്ടെങ്കിൽ മാത്രം നേരിട്ടെത്തുന്നവരെ പരിഗണിക്കും. സ്വകാര്യ ആശുപത്രികൾക്ക് 150 രൂപയ്ക്ക് വാക്‌സീൻ ലഭ്യമാക്കുന്നതു മെയ്‌ ഒന്നോടെ നിർത്തലാക്കും.ഏപ്രിൽ 30 വരെ ഉപയോഗിച്ചതു തിരിച്ചെടുക്കാനായി സ്റ്റോക് പരിശോധന നടത്തണം.

അതിനിടെ രാജ്യത്ത് 551 ജില്ലാ ആസ്ഥാനങ്ങളിലായി സർക്കാർ ആശുപത്രികളോടനുബന്ധിച്ച് ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ പിഎം കെയേഴ്‌സ് ഫണ്ടിൽനിന്നു പണം അനുവദിക്കും. ഓക്‌സിജൻ ക്ഷാമത്തെത്തുടർന്ന് കോവിഡ് സ്ഥിതി അതിഗുരുതരമായ സാഹചര്യത്തിലാണു തീരുമാനം. പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തന സജ്ജമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. രാജ്യത്തെ ഒട്ടുമിക്ക ജില്ലകളിലും ഓക്‌സിജൻ പ്ലാന്റ് ഉറപ്പാക്കുകയാണു ലക്ഷ്യം. 718 ജില്ലകളാണ് ഇന്ത്യയിലുള്ളത്. തുക അനുവദിക്കാൻ തത്വത്തിൽ അനുമതി നൽകി. പിഎം കെയേഴ്‌സ് ഫണ്ടിൽനിന്ന് കഴിഞ്ഞ ഒക്ടോബറിൽ 162 പ്ലാന്റുകൾക്കായി 201.58 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും പ്ലാന്റുകൾ യാഥാർത്ഥ്യമായിരുന്നില്ല.

മഹാരാഷ്ട്രയിലെ യവത്മാളിൽ കോവിഡ് കെയർ സെന്ററിൽ നിന്ന് ഇറങ്ങിയോടിയ 20 പേർക്കെതിരെ കേസെടുത്തു. കോവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള 'ഇന്ത്യൻ വകഭേദം' ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ഇടങ്ങളിലൊന്നാണ് യവത്മാൾ. മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഇന്നലെ 832 പേർ കൂടി മരിച്ചു. മരിച്ചവരിൽ 5 പേർ മലയാളികളാണ്. ഇന്നലെ 66191 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളിലെ 76% കിടക്കകളും കോവിഡ് ചികിത്സയ്ക്കായി നീക്കിവയ്ക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

രക്തത്തിലെ ഓക്‌സിജന്റെ അളവ് ( ഓക്‌സിജൻ സാചുറേഷൻ) 90 ശതമാനത്തിൽ താഴുന്നവരെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന് കർണാടക ആരോഗ്യവകുപ്പ്.