- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിദിന രോഗവ്യാപനം നാലുലക്ഷം കഴിഞ്ഞു; മരണം 3500ന് മുകളിൽ; മഹാരാഷ്ട്രയും ഡൽഹിയും കർണ്ണാടകയും കേരളവും ഉത്തർ പ്രദേശും നൽകുന്നത് വേദനിപ്പിക്കുന്ന കണക്കുകൾ; ഓക്‌സിജനൊപ്പം മരുന്നുക്ഷാമത്തിനും സാധ്യത; കോവിഡിൽ ഇന്ത്യയുടേത് സമാനതകളില്ലാത്ത പരാജയകഥ
ന്യൂഡൽഹി: കോവിഡിൽ ഇന്ത്യ നേരിടുന്നത് വമ്പൻ പ്രതിസന്ധി. പ്രതിദിന രോഗികളുടെ എണ്ണം നാലുലക്ഷം കടന്നു. ഇതിനൊപ്പം രാജ്യത്തു തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് മരണം 3500 കവിഞ്ഞു. ഇന്നലെ രാത്രി 11 വരെ 3501 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം രാജ്യത്ത് 3.79 കേസുകളും 3645 മരണവുമാണു റിപ്പോർട്ട് ചെയ്തത്. 4.01 ലക്ഷം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്താകെ ഇതുവരെ 1.87 കോടിയാളുകൾ കോവിഡ് ബാധിതരായി. ഇതിൽ 1.53 കോടിപ്പേരും മുക്തി നേടിയപ്പോൾ 2.08 ലക്ഷം പേർ മരിച്ചു. മഹാരാഷ്ട്രയിൽ കേരളവും കർണ്ണാടകവും ഉത്തർപ്രദേശും ഡൽഹിയും അതിവ്യാപനത്തിലാണ്. എല്ലായിടത്തും പ്രതിദിന രോഗികളെ കുറയ്ക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് കേന്ദ്രം എടുക്കുന്നത്. ലോക്ഡൗൺ വന്നിട്ടും ഡൽഹിയിലും മഹാരാഷ്ട്രയിലും രോഗികൾ കുറയാത്തത് വമ്പൻ പ്രതിസന്ധിയാണ്.
ബംഗാളിലും രാജസ്ഥാനിലും ബീഹാറിലും അടക്കം പ്രതിസന്ധി രൂക്ഷമാണ്. വാക്‌സിനേഷനെ പോലും ഇത് താളം തെറ്റിക്കുന്നു. ഇന്നലെ മഹാരാഷ്ട്രയിൽ മരിച്ചത് 828 പേരാണ്. ഡൽഹിയിൽ 375 പേരും. ബാഗാളിലും മരണ നിരക്കിന് ഉയർച്ചയാണുള്ളത്. കേരളത്തിൽ പോലും സ്ഥിതി ഗൗരവതരമാകുന്നത് കേന്ദ്രത്തെ വെട്ടിലാക്കുന്നുണ്ട്. ബീഹാറിൽ ചീഫ് സെക്രട്ടറി പോലും കോവിഡ് ബാധിച്ചു മരിച്ചു. സാധാരണക്കാർക്ക് ചികിൽസ നൽകാൻ രോഗികളുടെ എണ്ണത്തിലെ വർദ്ധന വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ഓക്‌സിജനൊപ്പം മരുന്നു ക്ഷാവും സർക്കാർ മുന്നിൽ കാണുന്നുണ്ട്.
പല ലോകരാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം തരംഗം ദൃശ്യമാണ്. എന്നാൽ ഇന്ത്യയിലേതിന് സമാനമായ ഗുരുതരാവസ്ഥ ഒരിടത്തും ഇല്ല. ആദ്യ വ്യാപനത്തേക്കാൾ പത്തിരട്ടയിൽ അധികമാണ് ഓരോ ദിവസവും രാജ്യത്ത് കേസുകൾ കൂടുന്നത്. ഇത് തീർത്തും അപ്രതീക്ഷിതമാണ്. ജനിത മാറ്റം വന്ന വൈറസുകളെ നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും വന്ന പരാജയമാണ് ഇന്ത്യയെ ഈ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നത്.
അതിനിടെ കോവിഡ് കേസുകൾ പരിഗണിക്കുന്ന ചില ഹൈക്കോടതി ബെഞ്ചുകൾ വലിയ രീതിയിൽ വിമർശിക്കുന്നുവെന്ന് കേന്ദ്രസർക്കാരിന് പരാതി. കോടതികൾ പെട്ടെന്നുള്ള വികാരപ്രകടനത്താലുള്ള വിമർശം കഴിവതും ഒഴിവാക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേന്ദ്രത്തേയും സംസ്ഥാനസർക്കാരുകളെയും മുറിവേൽപ്പിക്കുന്ന ഗുരുതരപരാമർശം ചില അവസരങ്ങളിൽ കോടതികൾ നടത്തുന്നുവെന്നാണ് സോളിസിറ്റർ ജനറൽ പരാതിപ്പെട്ടത്. 'കേസുകൾ പരിഗണിക്കുമ്പോൾ ജഡ്ജിമാർ പലതരത്തിലുള്ള നിരീക്ഷണങ്ങളും നടത്തും. അത് തുറന്ന സംവാദത്തിന്റെ ഭാഗമാണ്. ഏതെങ്കിലും രീതിയിലുള്ള തീർപ്പ് കൽപ്പിക്കലായി അതിനെ വിലയിരുത്തേണ്ട കാര്യമില്ല' - ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. കോടതികൾ രണ്ടാമതൊന്ന് ആലോചിക്കാതെയുള്ള വിമർശനങ്ങൾ കഴിവതും ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ കോവിഡ് വ്യാപനം അതീവഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു കഴിഞ്ഞു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് അറിയിക്കാനും സർക്കാരിന് കോടതി നിർദ്ദേശം നൽകി. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്കുകൾ കുറയ്ക്കുകയും ഏകീകരിക്കുകയും വേണമെന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു സംസ്ഥാനത്തെ കോവിഡ് സാഹചര്യം സംബന്ധിച്ചുള്ള ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. കേരളത്തിലെ കോവിഡ് വ്യാപനം അതിവ ഗുരുതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വർധിച്ചുവരുന്ന കോവിഡ് കണക്കുകൾ മനസിനെ അലട്ടുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്കുകൾ നിശ്ചയിച്ച് കഴിഞ്ഞ വർഷം തന്നെ ഉത്തരവിറക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
നിരക്കുകൾ കുറയ്ക്കുന്നത് പരിഗണിക്കാൻ തയാറാണെന്നും സർക്കാർ അറിയിച്ചു. കഴിഞ്ഞ വർഷം നിരക്കുകൾ നിശ്ചയിച്ചപ്പോൾ ഉള്ളതിനേക്കാൾ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരക്ക് ചൂഷണവും കൊള്ളയും അല്ല എന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്. സ്വകാര്യ ആശുപത്രികളുമായി ചർച്ച ചെയ്ത് നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് ചൊവ്വാഴ്ചയ്ക്കകം അറിയിക്കാനും ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ