ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം ഉയർന്നതോതിൽ തുടരുന്നതിനാൽ രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്ര സർക്കാർ. എന്നാൽ, എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസറായ കെ. വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുതിയ കോവിഡ് തരംഗങ്ങൾ നേരിടാൻ നാം സജ്ജരാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറസിന് തുടർ ജനിതകമാറ്റങ്ങളുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. വാക്സിൻ കാലാകാലങ്ങളിൽ പുതുക്കേണ്ടിവരും. കേരളം, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം ശക്തമാണെന്ന് കേന്ദ്രം നിരീക്ഷിച്ചു. കേരളമടക്കം 12 സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിക്കും മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

നിലവിലെ കോവിഡ് വൈറസ് വകഭേദങ്ങൾക്ക് വാക്സിനുകൾ ഫലപ്രദമാണ്. പുതിയ വകഭേദങ്ങൾ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാൽ വേഗത്തിൽ വ്യാപിക്കുന്ന വകഭേദങ്ങൾ കുറയും. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കും- വിജയരാഘവൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ കൊവിഡിന്റെ അതിതീവ്രവ്യാപനമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ വൈറസ് വ്യാപനം രൂക്ഷമാണ്. പാലക്കാട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ രോഗവ്യാപനം ആശങ്കാജനകമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിൽ അധികം സജീവ കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. അമ്പതിനായിരം മുതൽ ഒരുലക്ഷം വരെ സജീവ കേസുകളുള്ള ഏഴ് സംസ്ഥാനങ്ങളുമുണ്ട്. മഹാരാഷ്ട്ര, കേരളം, കർണാടക, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഒന്നരലക്ഷത്തോളം സജീവകേസുകൾ വീതമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.