- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓക്സിജന്റെ സഹായത്തോടെ കഴിയുന്നത് ഒമ്പത് ലക്ഷം രോഗികൾ; 1,70,841 രോഗികൾ വെന്റിലേറ്ററിലും; കോവിഡ് മരണക്കണക്കിൽ ഇന്ത്യ എല്ലാ രാജ്യങ്ങളെയും കടത്തിവെട്ടുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ; ഓക്സിജൻ ക്ഷാമത്തിന് പിന്നാലെ ഡൽഹിയിൽ കോവിഡ് ബാധിച്ച് ആരോഗ്യ പ്രവർത്തകരും; വൻദുരന്തമുഖത്ത് രാജ്യം
ന്യൂഡൽഹി: കോവിഡ് ദുരന്തം ഇന്ത്യയെന്ന രാജ്യത്തിന് താങ്ങാവുന്നതിനും അപ്പുറത്തേക്ക് കാര്യങ്ങളെ എത്തിച്ചു കഴിഞ്ഞു. ലോകത്തെ കോവിഡ് മരണങ്ങളിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ അമേരിക്കയെയും പിന്നിലാക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. മരണനിരക്ക് ഉയരുമെന്ന് സൂചന നൽകി വെ്ന്റിലേറ്ററുകളെല്ലാം തികഞ്ഞു കഴിഞ്ഞു. ഓക്‌സിജൻ ക്ഷാമവും രാജ്യത്ത് ഇപ്പോഴും തുടരുന്ന അവസ്ഥയാണ് ഉള്ളത്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന രാജ്യത്ത് ഓക്സിജൻ ക്ഷാമം ഇപ്പോഴും തുടരുകയാണ്. രാജ്യത്താകമാനം ഒമ്പത് ലക്ഷം കോവിഡ് രോഗികൾ നിലവിൽ ഓക്സിജനെ ആശ്രയിച്ച് ചികിത്സയിൽ കഴിയുകയാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. രണ്ടു ലക്ഷത്തോളം പേരുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തിലാണ് നിലനിർത്തുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
കോവിഡ് മഹാമാരി വിലയിരുത്തുന്ന മന്ത്രിതല യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 4,88,861 പേരാണ് ഐ.സി.യുവിൽ കഴിയുന്നത്. 9,02,291 പേരാണ് ഓക്സിജൻ സഹായത്തിലുള്ളത്. 1,70,841 പേരാണ് വെന്റിലേറ്ററിലുള്ളത്. ലിക്വിഡ് മെഡിക്കൽ ഓക്സിജന്റെ രാജ്യത്തെ ഉൽപാദനം പരമാവധി വർധിപ്പിച്ചതായും യോഗത്തിൽ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടക്കം കേന്ദ്ര മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം കോവിഡ് വ്യാപനത്തിന് പിന്നാലെ ഡൽഹിയിലെ ആശുപത്രികളിലെ ജീവനക്കാരും കോവിഡ് രോഗികളാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ പതിനെട്ട് ദിവസമായി നേരിടുന്ന ഓക്‌സിജൻ ക്ഷാമത്തിന് പിന്നാലെയാണ് ഇത്. രോഹിണിയിലുള്ള സരോജ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ 86 ജീവനക്കാരാണ് കോവിഡ് പോസിറ്റീവായത്. സരോജിലെ മുതിർന്ന സർജനായ എ കെ റാവത്ത് കോവിഡ് ബാധിച്ചുമരിച്ചു.
ആശുപത്രിയിലെ മിക്ക വിഭാഗങ്ങളിലും ജീവനക്കാർ കോവിഡ് പോസിറ്റീവാകുന്നത്, ശേഷിച്ച ജീവനക്കാരിൽ ജോലി ഭാരം അധികരിക്കുന്നതിനും കാരണമാവുകയാണ്. ഡൽഹിയിൽ കഴിഞ്ഞ മാസത്തിനിടയിൽ 317 ആശുപത്രി ജീവനക്കാർക്ക് കോവിഡ് ബാധിച്ചെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സരോജ് ആശുപത്രിയിൽ 27 വർഷമായി സേവനം ചെയ്യുന്ന വ്യക്തിയാണ് ഡോക്ടർ റാവത്ത്. ഡോക്ടർമാരും നഴ്‌സുമാരും വാർഡ് ബോയിമാരും മറ്റ് ജീവനക്കാരുമടക്കം 86 പേരാണ് സരോജിൽ കോവിഡ് രോഗികളായിരിക്കുന്നതെന്നാണ് ആശുപത്രി മാനേജ്‌മെന്റ് വിശദമാക്കുന്നത്.
ബത്ര ആശുപത്രിയിൽ 20 ഡോക്ടർമാരും 20 പാരമെഡിക്കൽ ജീവനക്കാരും കോവിഡ് പോസിറ്റീവാണ്. കടുത്ത ഓക്‌സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്ത ആശുപത്രി കൂടിയാണ് ഇവിടം. വസന്ത് കുഞ്ചിലെ ഇന്ത്യൻ സ്‌പൈനൽ ഇൻജുറീസ് സെന്റിറിലെ നൂറ് ഡോക്ടർമാരാണ് കോവിഡ് പോസിറ്റീവായത്. ഇവരിൽ 30 ലേറെപ്പേർ ഇപ്പോഴും ക്വാറന്റൈനിലാണ്. കർകർദൂമയിലെ ശാന്തി മുകുന്ദ് ആശുപത്രിയിലെ 90 ആരോഗ്യ പ്രവർത്തകരാണ് കോവിഡ് പോസിറ്റീവായിട്ടുള്ളത്.
മറുനാടന് ഡെസ്ക്