ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിഭീകരമായി തുടരുമ്പോൾ ലോകത്തിന്റെ ആശങ്ക വർധിക്കുകയാണ്. കേന്ദ്രസർക്കാർ നേരിട്ട് പ്രതിരോധത്തിന് ഇറങ്ങിയിട്ടും ഒന്നും എങ്ങുമെത്താത്ത അവസ്ഥയിലാണ്. ര്ജായത്തെ 90 ശതമാനം പ്രദേശങ്ങളിലും ഉയർന്ന കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലാണ്. കേന്ദ്രസർക്കാർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 734 ജില്ലകളിൽ 640ലും ടിപിആർ കൂടുതലാണ്. കോവിഡിന്റെ കണ്ണി മുറിക്കേണ്ടത് അത്യാവശ്യമാണെന്നു പറഞ്ഞ അധികൃതർ ഗ്രാമങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് ആശങ്ക പരത്തുന്നതായും അറിയിച്ചു.

ഹിമാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കും കോവിഡ് പടരുകയാണ്. ഇത് തടയാനുള്ള മാർഗങ്ങൾ എത്രയും പെട്ടെന്നു തേടണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഗ്രാമപ്രദേശങ്ങളെ അടിസ്ഥാനമാക്കി പരിശോധനാ നയം ഐസിഎംആർ പുനഃക്രമീകരിച്ചു. ഇതുപ്രകാരം ആർടിപിസിആർ പരിശോധനകൾക്ക് പകരം ആന്റിജൻ പരിശോധനകൾ കൂട്ടണമെന്നും അത് നിരീക്ഷണത്തിനും വൈറസ് ശൃംഖല തകർക്കാനും സഹായിക്കുമെന്നും പറയുന്നു. പരിശോധന കൂട്ടുന്നതിനു പുറമെ ടെലി കൺസൾട്ടേഷൻ, ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കൽ എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്കു നിർദ്ദേശം നൽകി.

10 ശതമാനത്തിൽ കൂടുതൽ പോസിറ്റിവിറ്റി നിരക്കോ അല്ലെങ്കിൽ കഴിഞ്ഞ ആഴ്ചയിലേതിനേക്കാൾ കൂടുതൽ പോസിറ്റിവിറ്റി നിരക്കോ ഉള്ള ജില്ലകൾ കണ്ടെത്തി സംസ്ഥാന തലത്തിൽ നോഡൽ ഓഫിസർമാരെ അവിടേക്ക് വിടണം. അതീവ ശ്രദ്ധ വേണ്ട ജില്ലകളെ കണ്ടെത്തി പ്രതിദിന കണക്കുകൾ വിശകലനം ചെയ്യും. പോസിറ്റിവിറ്റി നിരക്ക് പത്തിൽ കൂടിയ ജില്ലകളിൽ ലോക്ഡൗൺ ഏർപ്പെടുത്താനും നിർദേശമുണ്ട്.

അതേസമയം രാജ്യത്തു ദിവസങ്ങളോളം 4 ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നിടത്തു കഴിഞ്ഞ രണ്ടു ദിവസമായി കേസുകൾ 4 ലക്ഷത്തിൽ താഴെയാണ്. തിങ്കളാഴ്ച 3.29 ലക്ഷം കേസുകളാണ്. എന്നാൽ, സ്ഥിതി ഇപ്പോഴും ആശാവഹമല്ല. ഒരു ലക്ഷത്തിലേറെപ്പേർ ചികിത്സയിലുള്ള 13 സംസ്ഥാനങ്ങളുണ്ട്. 4.20 ലക്ഷം പേർ ചികിത്സയിലുള്ള കേരളം മൂന്നാം സ്ഥാനത്താണ്. കോവിഡ് സ്ഥിരീകരണ നിരക്കിന്റെ കാര്യത്തിലും കേരളത്തിൽ സ്ഥിതി മോശമാണ്. 26 സംസ്ഥാനങ്ങളിൽ സ്ഥിരീകരണനിരക്കു 15 ശതമാനത്തിനു മുകളിലാണ്. ഡൽഹി, മഹാരാഷ്ട്ര, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകൾ കുറയുമ്പോൾ കേരളം, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടുകയാണ്.

രണ്ടാം ഡോസ് എടുക്കാനുള്ളവർക്കു മുൻഗണന നൽകണമെന്ന നിർദ്ദേശം ആവർത്തിച്ചു കേന്ദ്ര സർക്കാർ. കേന്ദ്രം അനുവദിക്കുന്ന സൗജന്യ വാക്‌സീൻ 45 വയസ്സിനു മുകളിലുള്ളവരുടെ ഉപയോഗത്തിനു മാത്രമാണ്. ഇതിൽ കുറഞ്ഞത് 70% രണ്ടാം ഡോസുകാർക്കായി ഉപയോഗിക്കണം. ആവശ്യമെങ്കിൽ പൂർണമായി ഉപയോഗിക്കാനും സംസ്ഥാനങ്ങൾക്ക് അനുമതി നൽകി. 3 ദിവസത്തിനുള്ളിൽ 7 ലക്ഷം ഡോസ് വാക്‌സീനുകൾ കൂടി സംസ്ഥാനങ്ങൾക്കു ലഭ്യമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം ഇന്ത്യയിൽ കണ്ടെത്തിയ 'ബി.1.617' കൊറോണ വൈറസ് വകഭേദം ആശങ്ക വിതയ്ക്കുന്നതാണെന്നു വ്യക്തമാക്കുന്നതാണ് ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചു. ഇതുവരെ പ്രത്യേകം ശ്രദ്ധിക്കേണ്ട വകഭേദം എന്ന നിലയിൽ ആയിരുന്നു. കൂടുതൽ അപകടകാരിയാണെന്നു തെളിഞ്ഞാൽ പരിണതഫലം കൂടിയത് എന്ന വിഭാഗത്തിൽപെടുത്തും. നേരത്തെ, യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ കണ്ടെത്തിയ വൈറസുകളും 'ആശങ്ക നൽകുന്ന' വിഭാഗത്തിലായിരുന്നു.

വേഗത്തിൽ വ്യാപിക്കുക, പെട്ടന്നു നീർവീര്യമാകാതിരിക്കുക, മരുന്നും ചികിത്സയും ഫലിക്കാതെ വരിക, വാക്‌സീൻ ഫലപ്രാപ്തി കുറയുക തുടങ്ങിയവയിൽ ഒന്ന് ബാധകമായാൽ തന്നെ ശ്രദ്ധിക്കേണ്ട വകഭേദം എന്ന വിഭാഗത്തിലാകും. ഇന്ത്യയിൽ ഈ വകഭേദത്തിന് വ്യാപനശേഷി കൂടുതലുണ്ടെന്നാണു കണ്ടെത്തൽ. അതേസമയം തൽക്കാലം ഇത്തരം സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ആത്മവിശ്വാസം.

ഇന്ത്യൻ വകഭേദത്തിന്റെ കാര്യത്തിൽ വ്യാപനശേഷിയല്ലാതെ മറ്റു പ്രശ്‌നമില്ലെന്നാണു ലോകാരോഗ്യ സംഘടനയും പറയുന്നത്. ഈ ദിശയിൽ കൂടുതൽ പഠനമുണ്ടാകുമെന്നു ഡബ്ല്യുഎച്ച്ഒ കോവിഡ് ടെക്‌നിക്കൽ ലീഡ് ഡോ. മരിയ വാൻ കെർഖോവ് പറഞ്ഞു. ബി.1.617 വകഭേദത്തിന്, ബി.1.617.1,ബി.1.617.2, ബി.1.617.3 എന്നിങ്ങനെ 3 പൈതൃക പരമ്പരകളുണ്ട്. ഇതിൽ ബി.1.617.2 ആണ് കൂടുതൽ ആശങ്ക നൽകുന്നത്. ഇതിനു വ്യാപനശേഷി കൂടുതലാണ്. അതേസമയം, യുഎസിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മൂന്നിനെയും ആശങ്ക വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.