- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികൾ കുറഞ്ഞു; 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 3,11,170 പേർക്ക്; മരണനിരക്ക് 4000 ത്തിന് മുകളിൽ തന്നെ; കേരളത്തിൽ ഏഴു പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിശദീകരിച്ചു ആരോഗ്യവിദഗ്ദ്ധർ
ന്യൂഡൽഹി/തിരുവനന്തപുരം: ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഞായറാഴ്ചയും നേരിയ കുറവ്. രാജ്യത്ത് പുതുതായി 3,11,170 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 3,62,437 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേർ കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവിൽ 36,18,458 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 3,26,098 പുതിയ കോവിഡ് കേസുകളാണ്. 3,890 പേരുടെ മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
അതേസമയം കേരളത്തിൽ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തിയ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്‌നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
നിലവിൽ കേരളത്തിൽ 'മ്യൂക്കോമൈകോസിസ്' അഥവാ ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കും. സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോക്കോളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.
വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാൽ പൊതുവേ ഇത് മാരകമായ ഒന്നല്ല. കോവിഡ് ബാധിതർ, പ്രമേഹ രോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലുണ്ട്.
കോവിഡ് ബാധിതരിൽ ബ്ലാക്ക് ഫംഗസ് വലിയതോതിൽ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡൽഹി എയിംസിൽ മാത്രം 23 പേർക്ക് ഈ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ ബ്ലാക് ഫംഗസ് ബാധിച്ച 400-500 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഗുലേറിയ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ