ന്യൂഡൽഹി: കോവിഡിൽ വീണ്ടും രാജ്യത്ത് ആശ്വാസ കണക്കുകൾ. ഏറെ കാലത്തിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിൽ താഴെയായി. 1, 79,535 പേർക്കാണ് ഇന്നലെ രോഗബാധയുണ്ടായത്. ദിവസങ്ങൾക്ക് മുമ്പ് പ്രതിദിന രോഗികളുടെ എണ്ണം നാലു ലക്ഷത്തോട് അടുത്തായിരുന്നു. ഇതാണ് ക്രമാതീതമായി കുറഞ്ഞത്. ഇന്നലെ 3556 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്ര, കർണ്ണാടക, കേരളം തമിഴ്‌നാട്. ആന്ധ്രാപ്രദേശ്, ബംഗളാൽ എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് അതീവ ഗുരുതരസ്ഥതിയുള്ളത്. ഡൽഹിയിൽ ഇന്നലെ 1072 പേർക്കാണ് രോഗം ബാധിച്ചത്. ഉത്തർപ്രദേശിൽ 3178 പേർക്കും. ഇന്നലെ 2,64,182 പേർക്കാണ് രോഗമുക്തി. ഇതും ആശ്വാസമാണ്. മഹാരാഷ്ട്രയിൽ ഇന്നലെ 21273 പേർക്കാണ് രോഗം ബാധിച്ചത്. കർണ്ണാടകയിൽ 24214ഉം കേരളത്തിൽ 24166ഉം ആന്ധ്രാപ്രദേശിൽ 16167ഉം ബംഗാളിൽ 13046 ഉം പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഈ കണക്കുകളും രോഗ വ്യാപനം കുറയുന്നതിന്റെ സൂചനയാണ്. എന്നാൽ തമിഴ്‌നാട്ടിൽ ഇന്നലെ 33361 പേരിൽ രോഗം സ്ഥിരീകരിച്ചു.

കോവിഡ് രണ്ടാംതരംഗം താഴുന്നതു പ്രതീക്ഷ നൽകുന്നുവെന്ന് ആരോഗ്യമന്ത്രാലയവും പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായാണ് ഒഴിവാക്കുന്നതെങ്കിൽ ഈ നേട്ടം നിലനിർത്താൻ കഴിയും എന്നാണ് വിലയിരുത്തൽ. പ്രതിദിനം 100 ൽപരം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളുടെ എണ്ണം പോയവാരം 359 ആയി കുറഞ്ഞു. മെയ്‌ ആദ്യവാരം ഇത് 531 ആയിരുന്നു. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം മെയ്‌ 10ന് 37.45 ലക്ഷമായിരുന്നത് ഇപ്പോൾ 24.19 ലക്ഷമായി കുറഞ്ഞു. ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ കേരളം ഉൾപ്പെടെ 24 സംസ്ഥാനങ്ങളിൽ തുടർച്ചയായി കുറവു രേഖപ്പെടുത്തുന്നു. കോവിഡ് മുക്തിയിലും കോവിഡ് പരിശോധനയിലും തുടർച്ചയായി വർധനയുണ്ട് .

കോവിഡ് സ്ഥിരീകരണ നിരക്ക് സ്ഥിരതയാർന്ന രീതിയിൽ താഴ്ന്നു. നിലവിൽ 10.45 %. കഴിഞ്ഞ രണ്ടാഴ്ചയായി നിരക്ക് താഴ്ന്നു. രാജ്യത്തു കോവിഡ് ബാധിച്ചവരുടെ എണ്ണം 2.75 കോടിയിലേക്ക് കടക്കുകയാണ്. ഇതിൽ 2.47 കോടിയാളുകളും കോവിഡ് മുക്തി നേടിയപ്പോൾ 3.16 ലക്ഷം പേർ മരിച്ചു. അതനിടെ രാജ്യത്തെ വാക്‌സീൻ ലഭ്യതയും വിതരണവും സംബന്ധിച്ച പ്രശ്‌നങ്ങളിൽ പ്രതിക്കൂട്ടിൽ നിൽക്കവെ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തു വന്നു. പ്രതിരോധ കുത്തിവയ്പിലെ സത്യവും മിഥ്യയും തിരിച്ചറിയണമെന്നാണ് ആവശ്യം.

വാക്‌സീൻ വാങ്ങാൻ കഴിഞ്ഞവർഷം പകുതിയോടെ മുതൽ സർക്കാർ ശ്രമിക്കുന്നുണ്ട്. കമ്പനികൾക്ക് അവരുടേതായ മുൻഗണനകളും പരിമിതികളും നിർബന്ധങ്ങളുമുണ്ട്. ഫൈസറിന്റെ കാര്യത്തിൽ ചർച്ച തുടരുകയാണ്. സ്പുട്‌നിക് വാക്‌സീൻ ഇറക്കുമതി തുടങ്ങി. ആഗോളതലത്തിൽ അംഗീകൃതമായ എല്ലാ വാക്‌സിനുകളും ഇന്ത്യയിലെ ഉപയോഗത്തിന് ഇളവുകൾ ഏപ്രിലിൽ തന്നെ നൽകി. പ്രത്യേക ട്രയലുകൾ ഇല്ലാതെ തന്നെ ഇവയ്ക്ക് ഇന്ത്യയിൽ അനുമതി കിട്ടും. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിന് ഭാരത് ബയോടെക്കിന്റെ സ്വന്തം പ്ലാന്റുകൾ ഒന്നിൽ നിന്ന് 4 ആക്കി. മറ്റ് 3 കമ്പനികൾ കൂടി കോവാക്‌സീൻ ഉൽപാദിപ്പിക്കുമെന്നും ഉറപ്പാക്കി. സ്പുടിനിക്കിന്റെ കാര്യത്തിൽ ഇന്ത്യയിൽ 6 ഉൽപാദന കമ്പനികളുണ്ടാകും. ഇതുൾപ്പെടെ ഇന്ത്യയിൽ ഡിസംബറോടെ 200 കോടി വാക്‌സീൻ ലഭ്യമാകും.

ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്രം കയ്യൊഴിഞ്ഞിട്ടില്ല. വാക്‌സീൻ നിർമ്മാതാക്കൾക്ക് ധനസഹായം നൽകുന്നതു മുതൽ ഉൽപാദനം വർധിപ്പിക്കുന്നതു വരെ എല്ലാ കാര്യങ്ങളും കേന്ദ്രം നിർവഹിക്കുന്നു. വിദേശ വാക്‌സീനുകളുടെ അനുമതി കാര്യത്തിലും ഉത്തരവാദിത്തം നിർവഹിക്കുന്നു. സംസ്ഥാനങ്ങളുടെ നിരന്തര അഭ്യർത്ഥന മാനിച്ചു സ്വന്തമായി വാക്‌സീനുകൾ വാങ്ങാൻ കേന്ദ്രം സംസ്ഥാനങ്ങളെ അനുവദിക്കുകയാണു ചെയ്തത്. മാർഗനിർദേശങ്ങൾ അനുസരിച്ച് സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്‌സീൻ അനുവദിക്കുന്നുണ്ട്. ലഭ്യതയെക്കുറിച്ച് സംസ്ഥാനങ്ങളെ മുൻകൂട്ടി അറിയിക്കുന്നുണ്ടൈന്ന് വിശദീകരണത്തിൽ പറയുന്നു.

ഫൈസർ വാക്‌സീൻ ജൂലൈ മുതൽ രാജ്യത്തു ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. ചർച്ച തുടരുകയാണെന്നും കുറച്ചു ഡോസ് ജൂലൈയോടെ ലഭ്യമാക്കാനാകുമെന്ന് കരുതുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, വാക്‌സീനെടുക്കുന്നവരിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നാണു ഫൈസർ പറയുന്നത്. ബാധ്യതകളിൽനിന്ന് ഒഴിവാക്കണമെന്ന് ഫൈസർ ആവശ്യപ്പെട്ടതായി കേന്ദ്രം സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര തീരുമാനമാകാത്തതാണ് കരാറിനുള്ള തടസ്സം. രാജ്യത്ത് ഉപയോഗിക്കുന്ന മറ്റു വാക്‌സീനുകൾക്ക് ഈ പരിരക്ഷ നൽകിയിട്ടില്ല. യുഎസ് ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽ ഫൈസർ വാക്‌സീന് ഈ പരിരക്ഷയുണ്ട്.

ദീർഘകാലം വാക്‌സീൻ സൂക്ഷിക്കാൻ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ശീതീകരണ സംവിധാനം വേണമെന്നതായിരുന്നു ഫൈസറിന്റെ കാര്യത്തിലെ പ്രധാന പ്രതിസന്ധി. എന്നാൽ, ഒരു മാസം വരെ സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ ഇതു സൂക്ഷിക്കാനാകുമെന്ന് ഇന്നലെ ഫൈസർ അറിയിച്ചു. 12 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നൽകാൻ കഴിയും. ബി.1.617 വകഭേദത്തിനെതിരെ ഫലപ്രദമാണ് എന്നും കമ്പനി അറിയിച്ചു.