- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിൽ 70ഉം ഡൽഹിയിൽ 72ഉം രാജസ്ഥാനിൽ 33 ഉം ഗുജറാത്തിൽ 28ഉം മധ്യപ്രദേശിൽ 20ഉം ഹരിയാനയിൽ 34ഉം പഞ്ചാബിൽ 98ഉം പ്രതിദിന രോഗികൾ; ടെസ്റ്റുകൾ പരമാവധി കാട്ടി ഈ സംസ്ഥാനങ്ങൾ നേടിയത് കോവിഡ് പ്രതിരോധത്തിലെ അതിവേഗ വിജയം; ഇനി മൂന്നാം തരംഗം; ആശങ്ക മഹാരാഷ്ട്രയും കേരളവും മാത്രം
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ എത്തുമെന്ന് ഐസിഎംആർ. എന്നാൽ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര ഭീകരമാകില്ലെന്ന് ഐസിഎംആറിലെ സാംക്രമികരോഗ വിഭാഗം വിദഗ്ധൻ ഡോ. സമീരൻ പാണ്ഡ. രണ്ടാം തരംഗത്തിന്റെ തോത് ഏറെ കുറഞ്ഞിട്ടുണ്ട്. ഇന്നലെ 39068 രോഗികളാണ് പുതുതായി കണ്ടെത്തിയത്. കേരളത്തിലും മഹാരാഷ്ട്രയിലുമായി 21000ത്തിൽ അധികം രോഗികളും. അതായത് ബാക്കി എല്ലാ സംസ്ഥാനത്തുമായി 18000ൽ താഴെയാണ് രോഗികൾ.
ഇന്നലെ 544 പേരാണ് മരിച്ചത്. ഇതിൽ മഹാരാഷ്ട്രയിലെ 170 പേരും കേരളത്തിലെ 87 പേരുമുണ്ട്. ആകെയുള്ളത് 4.24 ലക്ഷം ആക്ടീവ് രോഗികളും. കേരളത്തിൽ 1,19,020 ആക്ടീവ് കേസുകളുണ്ട്. മഹാരാഷ്ട്രയിൽ 1,07,205 രോഗികളാണുള്ളത്. ബാക്കി സംസ്ഥാനത്തെല്ലാം രോഗികൾ 35,000ത്തിൽ താഴെയാണ്. കർണ്ണാടകയും തമിഴ്‌നാടും ആന്ധ്രാ പ്രദേശും രോഗത്തെ പിടിച്ചു കെട്ടുന്നതിൽ വിജയിക്കുന്നുണ്ട്. ഡൽഹിയിലും യുപിയിലും ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലും എല്ലാം 100ൽ താഴെയാണ് പ്രതിദിന രോഗികൾ. അതുകൊണ്ടു തന്നെ മൂന്നാം തരംഗത്തെ സമർത്ഥമായി പ്രതിരോധിക്കാൻ കഴിയുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ.
യുപിയിൽ 70ഉം ഡൽഹിയിൽ 72ഉം രാജസ്ഥാനിൽ 33 ഉം ഗുജറാത്തിൽ 28ഉം മധ്യപ്രദേശിൽ 20ഉം ഹരിയാനയിൽ 34ഉം പഞ്ചാബിൽ 98ഉം ആണ് ഇന്നലത്തെ പ്രതിദിന രോഗ ബാധിതരുടെ കണക്ക്. ഉത്തരാഖണ്ഡിൽ 55ഉം. കോവിഡ് പ്രതിരോധ മോഡലിന്റെ വിജയമായി ഇതിനെ കണക്കാക്കുന്നു. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാണ് ഈ സംസ്ഥാനങ്ങളെല്ലാം രോഗത്തെ പ്രതിരോധിച്ചത്. കേരളവും മഹാരാഷ്ട്രയും മാത്രമാണ് ആശങ്ക നൽകുന്നത്. ഇവിടെ നിന്ന് വൈറസ് വ്യാപനം ഉണ്ടാകാതെ നോക്കിയുള്ള പ്രതിരോധമാകും ഇനി നടപ്പാക്കുക.
മൂന്നാം തംരഗത്തിന്റെ മുന്നറിയിപ്പ് നേരത്തെ നൽകുന്നതും ഇതിന് വേണ്ടിയാണ്. 'നാല് കാരണങ്ങളാണ് മൂന്നാം തരംഗത്തിലേക്ക് നയിക്കുന്നത്. ഒന്നാമതായി ആദ്യ രണ്ടു തരംഗങ്ങളിൽ ആർജിച്ച പ്രതിരോധശേഷിയിൽ ഉണ്ടാകുന്ന കുറവ്. രണ്ടാമതായി പ്രതിരോധശേഷിയെ കടത്തി വെട്ടുന്ന വൈറസിന്റെ വകഭേദം. മൂന്നാമതായി പുതിയ വകഭേദത്തിന് പ്രതിരോധശേഷിയെ മറികടക്കാൻ കഴിയില്ലായിരിക്കാം, പക്ഷേ ആളുകൾക്കിടയിൽ വ്യാപകശേഷി കൂടുതലായിരിക്കും. അവസാനമായി, നിയന്ത്രണങ്ങളെല്ലാം സംസ്ഥാനങ്ങൾ പെട്ടെന്ന് എടുത്തു മാറ്റിയാൽ അത് ഒരു പുതിയ വ്യാപനത്തിന് കാരണമാകും.' ഐസിഎംആറിലെ സാംക്രമികരോഗ വിഭാഗം വിദഗ്ധൻ ഡോ. സമീരൻ പാണ്ഡ പറഞ്ഞു.
ഡെൽറ്റ, ഡെൽറ്റ പ്ലസ് വകഭേദങ്ങൾ രാജ്യത്ത് വ്യാപിച്ചിട്ടുണ്ടെന്നും എന്നാൽ അവ ഇനി കൂടുതൽ നാശം വിതയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇന്ത്യയിലെ ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ മൂന്നാം തരംഗം അടുത്തെത്തിയിരിക്കുന്നെന്നും സർക്കാരും പൊതുജനങ്ങളും അലംഭാവം കാട്ടരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളും, തീർത്ഥാടന കേന്ദ്രങ്ങളും തുറക്കുന്നത് നീട്ടിവയ്ക്കണമെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും ഐഎംഎ നിർദ്ദേശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ