- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് 43,509 പുതിയ രോഗികൾ, പകുതിയിലധികം കേരളത്തിൽ; കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കുന്നു; കോവിഡ് പ്രതിരോധശേഷി ഏറ്റവും കുറവ് കേരളത്തിലെന്ന് ഐസിഎംആർ സർവ്വേ ഫലവും
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,509 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ പകുതിയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽനിന്നാണ്. ബുധനാഴ്ച 22,056 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം കുറയാതെ നിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം വീണ്ടും സംസ്ഥാനത്തെത്തുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ വിദഗ്ധ സംഘം കേരളത്തിലെത്തുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളം, മഹാരാഷ്ട്ര ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തുമെന്നും ആരോഗ്യസെക്രട്ടറി പറഞ്ഞു.
രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ നിന്നാണ്. അടുത്തിടെ ആഘോഷങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ ഇളവുകളാണ് ഇതിന് കാരണം. നിയന്ത്രണങ്ങളിലെ ഇളവുകൾ തീവ്രവ്യാപനത്തിന് വഴിവെച്ചതായും കേന്ദ്ര ആരോഗ്യസെക്രട്ടറി കുറ്റപ്പെടുത്തി. നിയന്ത്രണങ്ങൾ കർശനമാക്കാനും കേന്ദ്ര ആരോഗ്യവകുപ്പ് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.
അതേസമയം വാക്സിൻ വഴിയോ രോഗം വന്നതുമൂലമോ കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിലാണെന്ന റിപ്പോർട്ടും പുറത്തുവന്നു. നാലാമത് ദേശീയ സിറോ സർവേയിലെ കണ്ടെത്തലുകൾ അനുസരിച്ചാണിത്. കേരളത്തിൽ 44.4 ശതമാനം പേർക്കു മാത്രമാണ് ഇത്തരത്തിൽ പ്രതിരോധശേഷി ലഭിച്ചിട്ടുള്ളത്. ജൂൺ 14-നും ജൂലായ് ആറിനും ഇടയിലാണ് ഐ.സി.എം.ആർ.(ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) നാലാമത് ദേശീയ സിറോ സർവേ നടത്തിയത്. 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലായിരുന്നു സിറോ സർവേ. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ ആളുകൾ സിറോ പോസിറ്റീവ് ആയിട്ടുള്ളത്- 79 ശതമാനം. 11 സംസ്ഥാനങ്ങളിൽ സർവേയിൽ പങ്കെടുത്ത, കുറഞ്ഞത് മൂന്നിൽ രണ്ടു ശതമാനം പേരും സിറോ പോസിറ്റീവ് ആയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തിൽ വലിയൊരു ശതമാനം ആളുകൾക്കും ഇനി രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കുറഞ്ഞ സിറോ പോസിറ്റിവ് ശതമാനം സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകളിലെ വർധനയുടെ കാരണങ്ങളിലൊന്നും ഇതാണ്. കൂടുതൽ കേസുകൾ ദീർഘകാലം റിപ്പോർട്ട് ചെയ്യപ്പെടുന്നതും കുറഞ്ഞ രോഗവ്യാപന നിരക്കും സൂചിപ്പിക്കുന്നത് രോഗബാധ കണ്ടെത്തുന്നതിൽ കേരളം മികച്ച പ്രകടനം നടത്തുന്നു എന്നതാണ്. രാജ്യത്ത് 26-പേരിൽ ഒരാൾക്ക് രോഗബാധ സ്ഥിരീകരിക്കുമ്പോൾ, കേരളത്തിൽ ഇത് അഞ്ചിൽ ഒരാൾക്കാണെന്ന് മുൻപ് നടന്ന സിറോ സർവേകളിൽ വ്യക്തമായിരുന്നു.
കേരളത്തിൽ 33 ലക്ഷത്തിലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ചിൽ ഒരാൾക്ക് രോഗബാധ സ്ഥിരീകരിക്കപ്പെടുന്നു എന്ന കണക്കനുസരിച്ചാണെങ്കിൽ സംസ്ഥാനത്തെ 1.6 കോടിയാളുകൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാകാം. അതായത് 3.6 കോടി ജനസംഖ്യയുള്ള കേരളത്തിലെ 45 ശതമാനം പേരെയും കോവിഡ് ബാധിച്ചിട്ടുണ്ടാകാം. സർവേഫലം ചുവടേ:
രാജസ്ഥാൻ-76.2, ബിഹാർ-75.9, ഗുജറാത്ത്-75.3, ഛത്തീസ്‌ഗഢ്-74.6, ഉത്തരാഖണ്ഡ്-73.1, ഉത്തർപ്രദേശ്-71, ആന്ധ്രപ്രദേശ്-70.2, കർണാടക-69.8, തമിഴ്‌നാട്-69.2, ഒഡിഷ-68.1, പഞ്ചാബ്-66.5, തെലങ്കാന-63.1, ജമ്മുകശ്മീർ-63, ഹിമാചൽപ്രദേശ്-62, ജാർഖണ്ഡ്-61.2, പശ്ചിമബംഗാൾ-60.9, ഹരിയാണ-60.1, മഹാരാഷ്ട്ര-58, അസം-50.3.
മറുനാടന് ഡെസ്ക്