ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം എത്തുമെന്ന ആശങ്കയിൽ ഇന്ത്യ. ഇതിനുള്ള സാധ്യത തള്ളാതെ, തയ്യാറെടുപ്പുകൾ ശക്തമാക്കുകയാണ് കേന്ദ്രം. കഴിഞ്ഞ ദിവസം 21 462 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 12288 കേസുകൾ കേരളത്തിലും. അകെ ഇന്നലെ റിപ്പോർട്ട് ചെയ്ത 276 മണത്തിൽ 141ഉം കേരളത്തിൽ. അതുകൊണ്ട് തന്നെ കോവിഡിൽ കേരളം ഒഴികെയുള്ള സംസ്ഥാനത്ത് എല്ലാം രോഗ വ്യാപനം നിയന്ത്രണ വിധേയമാണ്. ഇത് കൈവിട്ടു പോയാൽ സ്ഥിതി ഗുരുതരമാകും. 

ഈ സാഹചര്യത്തിലാണ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യ വകുപ്പ് നൽകുന്നത്. പ്രതിദിനം 4.5 5 ലക്ഷം കേസുകൾ വരെയുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പാണു നടത്തുന്നതെന്ന് കോവിഡ് കർമസമിതി അധ്യക്ഷൻ ഡോ. വി.കെ.പോൾ പറഞ്ഞു. രാജ്യത്തെ 71% പേരും ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തതിനാൽ, ഇനിയൊരു തരംഗമുണ്ടായാൽ വ്യാപ്തി പറയാനാകില്ല. വാക്‌സിൻ എടുത്തിട്ടും കോവിഡ് എത്തിയാൽ അത് സ്ഥിതി ഗതികൾ അതിരൂക്ഷമാക്കും. കേരളത്തിലെ വ്യാപനം ഇപ്പോഴും ഭീഷണിയുമാണ്.

രണ്ടാം വ്യാപനം കുറഞ്ഞുവെന്ന പ്രതീതിയുണ്ടെങ്കിലും സ്ഥിതി സുരക്ഷിതമല്ല. ഇപ്പോഴും പ്രതിദിനം 20,000 കേസുകളുണ്ട്. ഇതിൽ 56% കേരളത്തിലാണ്. 28 ജില്ലകളിൽ കോവിഡ് സ്ഥിരീകരണ നിരക്ക് 5-10% എന്ന നിലയിലാണ് ഇപ്പോഴും. ഇതിൽ പകുതിയോട് അടുത്തും കേരളത്തിൽ. രാജ്യത്തെ 34 ജില്ലകളിൽ പ്രതിവാര സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിനു മുകളിലാണ്. ഉത്സവകാലം കൂടി വരാനിരിക്കെ ഒക്ടോബർ ഡിസംബർ കാലയളവ് നിർണായകമാണ്.

ആളുകൾ ജാഗ്രത കാട്ടണം. ദുർഗാപൂജയും രാമലീലയും ദീപാവലിയും ഉൾപ്പെടെയുള്ളവയിൽ ബന്ധുക്കളെ ഓൺലൈനായി കണ്ട് ആശംസ നേരുന്നതാകും ഉചിതമെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. ആഘോഷങ്ങൾ രോഗ വ്യാപനം കൂട്ടും. പരിശോധന കൂടുതൽ ഊർജ്ജിതമാക്കാനാണ് ആലോചന. കേരളത്തിൽ പരിശോധന കുറവാണെന്നതും കേന്ദ്രത്തെ അലോസരപ്പെടുത്തുന്നുണ്ട്. പരിശോധന കുറയ്ക്കുന്നത് മൂന്നാം തരംഗത്തിന് സാധ്യത ഒരുക്കുമെന്നാണ് വിലയിരുത്തൽ.

കൂടുതൽ വാക്‌സിനുകളും വിപണിയിൽ എത്തിക്കും. ഇതും കോവിഡ് പ്രതിരോധത്തിൽ നിർണ്ണായകമാകും. സൈകോവ്ഡി വാക്‌സിനിൽ പ്രതീക്ഷ ഏറെയാണ്. വില നിർണയത്തിലെ ചർച്ച മാത്രമല്ല, വാക്‌സീന്റെ ഉപയോഗം സംബന്ധിച്ച പരിശീലനം, വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള കാലതാമസം തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് സൈഡസ് കാഡില വികസിപ്പിച്ച സൈകോവ്ഡി വാക്‌സീൻ വൈകുന്നതെന്നാണ് സൂചനകൾ. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതു കുത്തിവയ്പു പദ്ധതിയുടെ ഭാഗമാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മറ്റു വാക്‌സീനുകളിൽനിന്നു വ്യത്യസ്തമായി, കുത്തിവയ്ക്കുന്നതിനു പകരം വാക്‌സീൻ ഉള്ളിലേക്കു നൽകാൻ ഫാർമജെറ്റ് നീഡിൽഫ്രീ ഇൻജക്ഷനാണ് അവലംബിക്കുന്നത്.