- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുംബൈയിലെ കോവിഡ് രോഗികളിൽ 89 ശതമാനം പേർക്കും ഓമിക്രോൺ; രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും താഴേക്ക്; വാക്‌സിനേഷനിൽ കൈവരിച്ച പുരോഗതി കോവിഡ് വ്യാപനം കുറയാൻ ഇടയാക്കിയെന്ന് ആരോഗ്യ മന്ത്രാലയം
മുംബൈ: രാജ്യത്തെ കോവിഡ് മൂന്നാം തരംഗത്തിൽ പടർന്നുപിടിക്കുന്നത് ഓമിക്രോണെന്ന് സൂചന. മുംബൈയിലെ കോവിഡ് രോഗികളിൽ 89 ശതമാനം പേർക്കും ഒമിക്രോണെന്ന് സർവേയിൽ കണ്ടെത്തൽ. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) 280 സാമ്പിളുകൾ പരിശോധിച്ചതിൽ 89 ശതമാനം ഒമിക്രോണും എട്ട് ശതമാനം ഡെൽറ്റ ഡെറിവേറ്റീവുകളും മൂന്ന് ശതമാനം ഡെൽറ്റ വേരിയന്റുകളും മറ്റ് ഉപവിഭാഗങ്ങളുമാണ്.
കഴിഞ്ഞ ദിവസം പരിശോധനകൾക്കായി 373 സാമ്പിളുകളാണ് അയച്ചത്. ഇതിൽ 280 സാമ്പിളുകളും ബിഎംസി മേഖലയിൽ നിന്നുള്ളതായിരുന്നെന്ന് മുനിസിപ്പൽ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. 280 സാമ്പിളുകൾ പരിശോധിച്ചതിൽ 34 ശതമാനം അതായത് 96 രോഗികൾ 21 മുതൽ 40 വയസ് വരെ പ്രായമുള്ളവരാണ്. 28 ശതമാനം രോഗികൾ(79 പേർ) 41- 60 നും വയസിനിടയിലുള്ളവരാണ്.
22 പേർ 20 വയസിന് താഴെയുള്ളവരാണ്.ഈ രോഗികളിൽ ഏഴ് പേർ ആദ്യ ഡോസ് വാക്സിൻ മാത്രമാണ് എടുത്തിട്ടുള്ളത്. ഇതിൽ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് രോഗികളെ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്സിനും എടുത്ത 174 രോഗികളിൽ 89 പേരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ട് രോഗികൾക്ക് ഓക്സിജൻ സഹായം വേണ്ടിവന്നു. 15 രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൊത്തം രോഗികളിൽ 99 പേരും കോവിഡ് വാക്സിൻ എടുത്തിട്ടില്ല. ഇതിൽ 76 രോഗികളും ആശുപത്രിയിൽ ചികിത്സയിലാണ്. 12 രോഗികൾക്ക് ഓക്സിജൻ സഹായത്തോടെയാണ് ചികിത്സ നടത്തുന്നത്. അഞ്ച് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
കോവിഡിന്റെ വിവിധ വകഭേദങ്ങളുടെ വ്യാപനം കണക്കിലെടുത്ത് എല്ലാവരും പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബിഎംസി അറിയിച്ചു. മാസ്‌കുകൾ ശരിയായി ഉപയോഗിക്കുക, സുരക്ഷിതമായ അകലം പാലിക്കുക, പതിവായി കൈകഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം കോവിഡിന്റെ മൂന്നാം തരംഗത്തിലേക്ക് കടന്ന ഇന്ത്യക്ക് ആശ്വാസമേകി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,874 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 3,06,064 പേർക്കായിരുന്നു രോഗബാധ. ഇതിനൊപ്പം രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്. 15.52 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം ഇത് 20.75 ശതമാനമായിരുന്നു.
കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് 439 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ മരണം 4,89,848 ആയി ഉയർന്നു. നിലവിൽ ഇന്ത്യയിൽ 22,36,842 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 93.15 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. ഇതുവരെ ഇന്ത്യയിൽ 162.92 കോടി ഡോസ് കോവിഡ് വാക്‌സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് രോഗബാധ അതിരൂക്ഷമായ തുടർന്നിരുന്ന ഡൽഹി, മഹാരാഷ്ട്ര, പശ്ചിമബംഗാൾ പോലുള്ള സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുറയുന്നതും ഇന്ത്യക്ക് ആശ്വാസകരമാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് അനുഭവപ്പെട്ടിരുന്നു. അതേസമയം, ഫെബ്രുവരി പകുതിയോടെ രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുമെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാക്‌സിനേഷനിൽ രാജ്യം കൈവരിച്ച പുരോഗതിയാണ് വ്യാപനം കുറയുന്നതിന്റെ കാരണങ്ങളിലൊന്നായി ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.
മറുനാടന് ഡെസ്ക്