ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 60 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 1,14,460 പേരാണ് ഇന്നലെ വൈറസ് ബാധിതർ. 1,89,232 പേർ രോഗമുക്തി നേടി. 2677 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചത്.

ഇതുവരെ 2,88,09,339 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,69,84,781 പേർ രോഗമുക്തി നേടി. 3,46,759 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. നിലവിൽ രാജ്യത്തെ ആക്ടിവ് കേസുകൾ 14,77,799.ജൂൺ 5 വരെ 36,47,46,522 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇതിൽ 20,36,311 സാംപിളുകൾ ഇന്നലെ മാത്രം പരിശോധിച്ചവയാണ്.ഡൽഹിയിൽ നാളെ അൺലോക്ക് തുടങ്ങുകയാണ്.

അതിനിടെ കോവിഡ് വാക്‌സീൻ വിതരണത്തിലെ അപാകതകളിൽ തർക്കം തുടരുകയാണ്. പഞ്ചാബിൽ സ്വകാര്യ ആശുപത്രികൾക്ക് നൽകിയ വാക്‌സീന്റെ 71 ശതമാനവും വാങ്ങിയത് ഒറ്റ ആശുപത്രി യാണെന്ന വിവരമടക്കം പുറത്തുവന്നു. 42,000 ഡോസുകളിൽ 30,000 ഡോസും ലഭിച്ചത് മാക്സ് സൂപ്പർ സ്‌പെഷ്യാലിറ്റആശുപത്രിക്കാണ്. ബാക്കി 39 ആശുപത്രികൾക്ക് 100 മുതൽ 1000 ഡോസ് മാത്രമാണ് ലഭിച്ചത്.

എന്നാൽ അതേ സമയം വാക്‌സീനേഷൻ വിതരണ നയത്തിൽ തുല്യതയില്ലെന്ന റിപ്പോർട്ടുകളെ തള്ളി കേന്ദ്രമന്ത്രി ഹർഷവർധൻ രംഗത്തെത്തി. സ്വകാര്യ ആശുപത്രികൾക്ക് വാക്‌സീൻ നൽകിയത് സുതാര്യമായാണെന്നും ഇതുവഴി സർക്കാർ സംവിധങ്ങളുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ സാധിച്ചു എന്നും ഹർഷവർധൻ ട്വിറ്ററിൽ കുറിച്ചു.