ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. ഇന്ന് 46,634 പേർക്ക് കൂടി രോ​ഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 25,06,247 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 744 കോവിഡ് മരണങ്ങളാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 48,888 ആയി. നിലവിൽ ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്നത് 6,86,677 രോ​ഗികളാണ്. ഇവരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. 17,70,682 പേർ രാജ്യത്ത് ഇതുവരെ രോ​ഗമുക്തി നേടി.

മഹാരാഷ്ട്രയിൽ ഇന്ന് 12,608 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5,72,734 ആയി വർധിച്ചു. പുതുതായി 364 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 19,427 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. 4,01,442 പേർ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായി. വെള്ളിയാഴ്ച മാത്രം 10,484 പേർ രോഗമുക്തി നേടി. 70.09 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. ഒന്നരലക്ഷം രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. 30 ലക്ഷത്തിലധികം സാംപിളുകൾ ഇതുവരെ സംസ്ഥാന ആരോഗ്യവകുപ്പ് പരിശോധിച്ചു. 10,32,105 പേർ വീടുകളിൽ നിരീക്ഷണത്തിലും 37,386 ഇൻസ്റ്റിറ്റിയൂഷൻ ക്യാറന്റൈനിലുമാണ്.

തമിഴ്‌നാട്ടിൽ ഇന്ന് 5,890 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 117 പേർ മരിച്ചു.ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 3,26,245 ആയി. ഇന്ന് 117 മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 5,514 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 53,716 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് 5,556 പേർ രോഗ മുക്തരായി ആശുപത്രിവിട്ടു.

നാളെ, സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടത്തുന്നതും കോവിഡ് പശ്ചാത്തലതത്തിൽ മുൻകരുതലുകളും കർശന സുരക്ഷകളോടെയുമാണ്. നയതന്ത്രജ്ഞർ, ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവരടക്കം 4000 പേർക്കാണ് ചെങ്കോട്ടയിലെ ചടങ്ങുകളിലേക്ക് പ്രവേശനമുള്ളത്.