ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 56,565 പേർക്ക്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 28,23,191 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് 835 കോവിഡ് ബാധിതർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 53,849 ൽ എത്തി. 20,84,894 പേരാണ് ഇന്ത്യയിൽ ഇതുവരെ രോ​ഗമുക്തി നേടിയത്. നിലവിൽ 6,84,448 വൈറസ് ബാധിതരാണ് ചികിത്സയിലുള്ളത്. ഇതിൽ 8,944പേരുടെ നില അതീവ ​ഗുരുതരമാണ്. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെയാണ് ഇപ്പോഴും. 56,66,985 വൈറസ് ബാധിതരും 1,75,490 കോവിഡ് മരണങ്ങളുമായി അമേരിക്ക തന്നെയാണ് ഇപ്പോഴും പട്ടികയിൽ ഒന്നാമത്. 34,18,306 കോവിഡ് ബാധിതരും 1,10,171 മരണങ്ങളുമായി ബ്രസീലാണ് പട്ടികയിൽ രണ്ടാമത്. അതേസമയം, പ്രതിദിന രോ​ഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ. 24 മണിക്കൂറിനിടെ അമേരിക്കയിൽ 11,011കേസുകളും ബ്രസീലിൽ 6,434 കേസുകളുമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ത്യയിൽ 56,565 പേർക്കാണ് രോ​ഗബാധ റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിൽ ഇന്ന് 13,165 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 346 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 9,011 പേർ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,28,642 ആയി. 1,60,413 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 4,46,881 പേർ രോഗമുക്തരായപ്പോൾ 21,033 പേരാണ് ഇതുവരെ രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.

തമിഴ്‌നാട്ടിൽ ഇന്ന് പുതിയതായി 5795 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 116 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. 6,384 ഇന്ന് രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 3,55,449 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,96,171 പേർ രോഗമുക്തി നേടി. 53,155 പേരാണ് ചികിത്സയിലുള്ളത്. 6,123 പേർ ഇതുവരെ മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ആന്ധ്രപ്രദേശിൽ 9,742 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 86 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടർന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,16,003 ആണ്. ഇതിൽ 86,725 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,26,372 പേർ രോഗമുക്തി നേടി. 2,906 പേർ ഇതുവരെ മരിച്ചു.

ഡൽഹിയിൽ 1390 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 1,320 പേർ രോഗമുക്തി നേടി. 9 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടർന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,56,139 ആണ്. ഇതിൽ 11,137 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,40,767 പേർ രോഗമുക്തി നേടി. 4,235 പേർ ഇതുവരെ മരിച്ചു.

വാക്സിൻ പരീക്ഷണവും തകൃതി

അതേസമയം, കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനായുള്ള പരിശ്രമങ്ങളും രാജ്യത്ത് വളരെ സജീവമാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഡ് വാക്സിന്റെ രണ്ടും മൂന്നൂം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്നാണ് പരീക്ഷണം. വാക്‌സിന്റെ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും വിലയിരുത്തുന്നതിനായുള്ള പരീക്ഷണങ്ങളാണ് ആരംഭിച്ചത്. ഇന്ത്യയിലെ 17 കേന്ദ്രങ്ങളിലായി 18 വയസിന് മുകളിലുള്ള 1600 പേർ പഠനത്തിൽ പങ്കാളികളാകുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വിശാഖപട്ടണത്തെ ആന്ധ്ര മെഡിക്കൽ കോളേജ്, മുംബൈയിലെ സേത്ത് ജിഎസ് മെഡിക്കൽ കോളേജ്, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വാക്സിൻ നിർമ്മിക്കുന്ന ഏഴ് ആഗോള സ്ഥാപനങ്ങളിലൊന്നായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഓക്സ്ഫോർഡ് സർവകലാശാലയുമായി സഹകരണമുണ്ട്. വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം വിജയിച്ചാൽ ഒക്ടോബറോടെ വിപണിയിലെത്തിക്കാനാകുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. മറ്റ് വാക്‌സിനേക്കാൾ മനുഷ്യനിലെ പരീക്ഷണത്തിൽ ഏറെ കുറേ മുന്നിൽ നിൽക്കുന്നത് ഓക്‌സ്ഫഡ് സർവകലാശാലയുടെതാണ്. പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്റെ ഇന്ത്യയിലെ നിർമ്മാണ പങ്കാളി. വാക്‌സിന് അംഗീകാരം ലഭിക്കുന്നതിന് പിന്നാലെ ഇന്ത്യയിൽ എത്രയും പെട്ടെന്ന് നിർമ്മാണം ആരംഭിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഓക്‌സ്ഫഡിന്റെ വാക്‌സിൻ യുകെയിൽ പരീക്ഷണം പൂർത്തിയാക്കിയപ്പോൾ ശുഭ വാർത്തയായിരുന്നു പുറത്തുവന്നത്. ആദ്യ ഡോസ് നൽകിയവരുടെ ശരീരത്തിൽ 28 ദിവസത്തിനുള്ളിൽ ആന്റിബോഡി ഉത്പാദിപ്പിക്കുന്നുണ്ട്. രണ്ടാം ബൂസ്റ്റർ നൽകിയവർക്ക് അതിലും വേഗത്തിലാണ് ആന്റിബോർഡി പ്രതികരണം ഉണ്ടായത്. ഇന്ത്യയിൽ ഈ വാക്‌സിന് നിർമ്മാണ പങ്കാളിയുള്ളതുകൊണ്ട് തന്നെ രാജ്യത്ത് ഏറ്റവും വേഗത്തിൽ വാക്‌സിൻ എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.

ഇന്ത്യയിൽ മൂന്ന് വാക്സിനുകളാണ് നിർമ്മിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദി പ്രസംഗത്തിൽ പറഞ്ഞിരുന്നു. അതിൽ ഒന്നിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് എത്രയും പെട്ടെന്ന് നടക്കുമെന്ന് നനീതി അയോഗ് അംഗ വികെ പോൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മറ്റ് രണ്ട് വാക്സിനുഖലുടെ ഒന്നാമത്തെയും രണ്ടാമത്തെയും പരീക്ഷണ ഘട്ടങ്ങളിലാണെന്ന് വികെ പോൾ വ്യക്തമാക്കിയിരുന്നു.