ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 44,574 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 31,49,759 ആയി. 24 മണിക്കൂറിനിടെ 625 കോവിഡ് രോ​ഗികളാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങൾ 58,317 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 23,55,823 പേരാണ് രോ​ഗമുക്തി നേടിയത്. നിലവിൽ 7,35,619 വൈറസ് ബാധിതർ ചികിത്സയിലാണ്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്., കർണാടക എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ളത്.

മഹാരാഷ്ട്രയിൽ ഇന്ന് 11,015 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,93,398 ആയി. ഇന്ന് 212 പേരാണ് കോവിഡ് ബാധയെത്തുടർന്ന് മരിച്ചത്. ഇതിനോടകം 5,02,490 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയതെന്നും 1,68,126 പേർ നിലവിൽ ചികിത്സയിലുണ്ടെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ന് 36,63,488 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചു. 12,44,024 പേർ വീടുകളിലും 33,922 പേർ ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈനിലാണ്.

തമിഴ്‌നാട്ടിൽ ഇന്ന് 5,967 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പുതിയ രോ​ഗികളിൽ 1,278 പേർ ചെന്നൈയിലാണ്. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,85,352 ൽ എത്തി, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് നാലു ലക്ഷം കടക്കും. ആന്ധ്രയിൽ 8,601 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 8,741 കോവിഡ് രോഗികൾ സുഖം പ്രാപിച്ചു. മൊത്തം 2,68,828 രോഗികളായി.86 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 3,368 ആയി.

അതിനിടെ, കോവിഡ് കേസുകൾ വർധിക്കുന്നതിനിടയിലും കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന ക്വാറന്റൈൻ പൂർണമായും ഒഴിവാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കുള്ള 14 ദിവസത്തെ ക്വാറന്റൈൻ ആണ് ഒഴിവാക്കിയത്. സേവാ സിന്ധു പോർട്ടലിൽ രജിസ്‌ട്രേഷനും ഇനി ആവശ്യമില്ലെന്നും സർക്കാർ ഉത്തരവിലൂടെ വ്യക്തമാക്കി.

സംസ്ഥാന അതിർത്തികൾ, ബസ് സ്റ്റാൻഡ്, റെയിൽവെ സ്‌റ്റേഷൻ എന്നിവിടങ്ങളിലെ പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്. കൈകളിൽ ക്വാറന്റൈൻ മുദ്ര പതിക്കുന്നതും ആരോഗ്യ വകുപ്പ് അവസാനിപ്പിച്ചു. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും സർക്കാർ പുതുതായി ഇറക്കിയ ഉത്തരവിൽ പറയുന്നു.