ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിതീകരിച്ചത് 73,303 പേർക്ക്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത രോ​ഗബാധിതരുടെ എണ്ണം 33,81,052 ആയി. 24 മണിക്കൂറിനിടെ 1,035 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 61,664 ആയി. ഇന്ത്യയിൽ ഇതുവരെ രോ​ഗമുക്തി നേടിയത് 25,80,797 പേരാണ്. 7,38,591 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ കോവിഡ് സ്ഥിതി ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ 89 ശതമാനം കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തത് ഈ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക എന്നി സംസ്ഥാനങ്ങൾക്ക് പുറമേ തെലങ്കാന, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീർ എന്നി സംസ്ഥാനങ്ങളാണ് കോവിഡ് സ്ഥിതി ഗുരുതരമായ സംസ്ഥാനങ്ങൾ. മരണസംഖ്യ കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ഈ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ ഇന്ന് 14,718 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,33,568 ആയി വർധിച്ചു. വ്യാഴാഴ്ച 355 മരണം റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് മരണം 23,444 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.5,31,563 പേർ ഇതുവരെ രോഗമുക്തരായി. വ്യാഴാഴ്ച മാത്രം 9,136 പേർ രോഗമുക്തരായി. 72.42 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 1,78,234 രോഗികൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്. 38,62,144 സാംപിളുകൾ സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചു.

ആന്ധ്രയിൽ പുതുതായി 10,621 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 3,93,090 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92 പേർകൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 3,633 ആയി ഉയർന്നു. നിലവിൽ 94,209 പേർ സംസ്ഥാനത്തുടനീളം ചികിത്സയിലുണ്ട്. 2,95,248 പേർ ഇതുവരെ രോഗമുക്തരായി.

തമിഴ്‌നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 5,981 പേർക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. 109 പേർ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 6,948 ആയി. 3,43,930 പേർ ഇതുവരെ രോഗമുക്തരായി. വ്യാഴാഴ്ച മാത്രം 5,870 പേർ രോഗമുക്തി നേടി. 52,364 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിൽ തുടരുന്നത്. കർണാടകയിൽ 9,386 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 3,09,792 ആയി. 24 മണിക്കൂറിനിടെ 141 പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,232 ആയി. 2,19,554 പേർ ഇതുവരെ രോഗമുക്തരായി. 84,987 പേർ നിലവിൽ ചികിത്സയിലുണ്ട്.