ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് ​ബാധ സ്ഥിരീകരിച്ചത് 64,539 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 36,13,742 ആയി. 24 മണിക്കൂറിനിടെ 882 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 64,539ൽ എത്തി. നിലവിൽ 7,80,727 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 27,68,476 പേർ രോ​ഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 76.61 ശതമാനം ആയതായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം ഇന്ന് വ്യക്തമാക്കി. 24 മണിക്കൂറിനിടെ 64,935 പേർകൂടി രോഗമുക്തി നേടിയതോടെയാണ് നിരക്ക് ഉയർന്നത്. രോഗമുക്തരുടെ എണ്ണം തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം അവകാശപ്പെട്ടു.

മഹാരാഷ്ട്രയിൽ ഇന്ന് 16,408 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റ ദിവസം ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇത് രണ്ടാം തവണയാണ്. 296 പേരാണ് ഇന്ന് മഹാരാഷ്ട്രയിൽ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 24,399 ആയി. സംസ്ഥാനത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 7,80,689 ആണ്. 1,93,548 ആക്ടീവ് കേസുകൾ. രോഗ മുക്തരായവരുടെ എണ്ണം 5,62,401 ആയി. മുംബൈ നഗരത്തിൽ 1,237 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 30 പേർ നഗരത്തിൽ മരിച്ചു. മുംബൈ നഗരത്തിൽ മാത്രം മരിച്ചവരുടെ എണ്ണം ഇതോടെ 7,623 ആയതായും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ ഇന്ന് 6,495 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 4.22 ലക്ഷമായി. 94 പേരാണ് ഇന്ന് തമിഴ്‌നാട്ടിൽ മരിച്ചത്. ഇതോടെ മരണ സംഖ്യ 7,231 ആയി. 52,721 ആക്ടീവ് കേസുകൾ. 3,62,133 പേരാണ് രോഗ മുക്തരായത്. ആന്ധ്രപ്രദേശിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10,603 പേർക്ക്. 88 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 4,24,767 ആയി. 99,129 ആക്ടീവ് കേസുകൾ. 3,21,754 പേർക്ക് രോഗ മുക്തിയുണ്ട്. ഇന്ന് 88 പേർ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണ സംഖ്യ 3,884 ആയി.

കർണാടകയിൽ ഇന്ന് 8852 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,101 പേർക്കാണ് രോഗ മുക്തി. ഇന്ന് 106 പേരാണ് സംസ്ഥാനത്ത് മരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3,35,928 ആയി. 88091 ആക്ടീവ് കേസുകൾ. 2,42,229 പേർക്കാണ് സംസ്ഥാനത്ത് രോഗ മുക്തരായത്. മൊത്തം മരണം 5589 ആയി.

രാജ്യത്തെ ആക്ടീവ് കേസുകളും തുടർച്ചയായി കുറഞ്ഞു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ 21.60 ശതമാനം മാത്രമാണ് നിലവിലെ ആക്ടീവ് കേസുകൾ. രാജ്യത്തെ മരണ നിരക്കിലും കുറവ് വന്നിട്ടുണ്ട്. 1.79 ശതമാനമാണ് നിലവിലെ മരണ നിരക്ക്. ടെസ്റ്റുകൾ വർധിപ്പിക്കുന്നതിനും രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിനും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളാണ് ഈനേട്ടങ്ങൾക്ക് പിന്നിലെന്ന് ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.