ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 57,341 പേർക്ക്. 38,23,449 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 29,46,920 പേരും രോ​ഗമുക്തരായി. 695 പേർ കൂടി ഇന്ന് മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 67,155 ആയി. നിലവിൽ 8,09,374 ആളുകളാണ് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ സ്ഥിതി അതീവ ​ഗുരുതരമാണ്. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇപ്പോഴും മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 62,69,815 കോവിഡ് ബാധിതരും 1,89,251 മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. 39,61,502 കോവിഡ് കേസുകളും 1,22,941മരണങ്ങളുമായി ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. പ്രതിദിന രോ​ഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ. വിവിധ സംസ്ഥാനങ്ങളിൽ രോ​ഗബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ്.

മഹാരാഷ്ട്രയിൽ ഇന്ന് 17,433 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 292 പേരാണ് ഇന്ന് മാത്രം കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്. രോഗം ബാധിച്ച് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 25195 ആയി. 13,959 പേരാണ് ഇന്ന് മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 5,98,496 ആയി. 72.48 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ആന്ധ്രാപ്രദേശിൽ 10,392 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 72 പേർ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4,55,531 ആയി. ഇതുവരെ 3,48,330 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 4125 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. 1,03,076 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9860 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ മാത്രം 3420 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 113 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,61,341 ആയി. മരണപ്പെട്ടവരുടെ എണ്ണം 5950 ആയി. 2,60,913 പേർ രോഗമുക്തി നേടി. 94,459 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 5990 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതർ 4,39,959 ആയി ഉയർന്നു. കോവിഡ് ബാധിതർക്ക് സമാനമായി രോഗമുക്തരുടെ എണ്ണവും ഉയരുന്നത് പ്രതീക്ഷ നൽകുന്നു. 24 മണിക്കൂറിനിടെ 5891 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 52,380 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 3,80,063 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 98 പേർ കൂടി രോഗബാധയെ തുടർന്ന് മരിച്ചതോടെ മരണസംഖ്യ 7516 ആയി ഉയർന്നു.