ന്യൂഡൽ​ഹി: കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാമതെത്തി. വേൾഡോ മീറ്ററിന്റെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഇതുവരെ 41,96,616 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 64,41,847 കോവിഡ് കേസുകളും കഴിഞ്ഞ ദിവസം വരെ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീലിൽ 41,23,000 കോവിഡ് കേസുകളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 85,777 പേർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. 1,060 കോവിഡ് മരണങ്ങൾ ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 71,739 ആയി. നിലവിൽ 8,83,674 പേരാണ് ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 8,944 പേരുടെ സ്ഥിതി അതീവ ​ഗുരുതരമാണ്. 32,41,203 പേർ ഇതിനകം രോ​ഗമുക്തരായി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ രോ​ഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. മഹാരാഷ്ട്രയിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 23,350 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ ഒൻപത് ലക്ഷം കടന്നു. 9,07,212 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസവും 20,000ലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ കണക്ക്. 2,35,857 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 6,44,400 പേർ രോഗമുക്തി നേടി. ഇന്നുമാത്രം 7826 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 26,604 ആയി ഉയർന്നതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.ഇന്നുമാത്രം 328 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്.

ഇന്ന് ആന്ധ്രയിൽ 10,794 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ ദിവസങ്ങളിൽ 10000ന് മുകളിലാണ് ആന്ധ്രയിലെ പ്രതിദിന കോവിഡ് കണക്കുകൾ. 24 മണിക്കൂറിനിടെ 70 മരണം സംഭവിച്ചതായും ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആന്ധ്രയിൽ കോവിഡ് ബാധിതർ അഞ്ചു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 4,98,125 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 99,689 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 3,94,019 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോൾ 4417 പേർക്ക് ജീവൻ നഷ്ടമായതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

കർണാടകയിൽ പുതുതായി 9319 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,98,551 ആയി. 95 പേർ ഞായറാഴ്ച മരിച്ചു. 6,393 പേരുടെ ജീവനാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് കവർന്നത്. 99,266 രോഗികളാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 2,92,873 പേർ ഇതുവരെ രോഗമുക്തരായി. ഞായറാഴ്ച മാത്രം 9,575 പേർ രോഗമുക്തി നേടി.

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 5,783 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചവരെക്കാൾ കൂടുതൽ പേർ രോഗമുക്തി നേടി ആശുപത്രി വിട്ടത് പ്രത്യാശ പകരുന്നു. 5820 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 24 മണിക്കൂറിനിടെ 88 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 51,458 ആയി. 4,04,186 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. മരണസംഖ്യ 7836 ആയി ഉയർന്നതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

ഡൽഹിയിലും സ്ഥിതി രൂക്ഷമാണ്. പുതുതായി 3256 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ കോവിഡ് ബാധിതർ 1,91,449 ആയി ഉയർന്നു. വിവിധ ആശുപത്രികളിൽ 20,909 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,65,973 പേർ രോഗമുക്തി നേടിയതായും ഡൽഹിസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.