- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24 മണിക്കൂറിനിടെ ഇന്ത്യയിൽ 49,025 കോവിഡ് ബാധിതരും 634 മരണങ്ങളും; രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 42,51,587 പേർക്ക്; രോഗമുക്തി നേടിയത് 32,98,881 പേരും; ചികിത്സയിൽ കഴിയുന്ന 8,80,385 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരം
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 49,025 പേർക്ക്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 42,51,587 ആയി. 634 കോവിഡ് ബാധിതരാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 72,321ആയി. ഇതുവരെ 32,98,881 ആളുകൾ രോഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്ന 8,80,385 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 64,69,236 കോവിഡ് കേസുകളും 1,93,305 മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. എന്നാൽ, പ്രതിദിന രോഗബാധയുടെയും മരണ നിരക്കിന്റെയും കണക്കിൽ ഇന്ത്യ വളരെ മുന്നിലാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 8,986 കോവിഡ് കേസുകളും 57 മരണങ്ങളും റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ത്യയിൽ 49,025 കോവിഡ് കേസുകളും 634 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
ആന്ധ്രപ്രദേശിൽ ഇന്ന് 8368 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 70 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇവിടെ 5,06493 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളത് 97932 പേരാണ്. 4487 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടതെന്ന് സംസ്ഥാന കോവിഡ് നോഡൽ ഓഫീസർ അറിയിച്ചു.
തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,776 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 4,69,256 ആയി. സംസ്ഥാനത്ത് ഇന്ന് 89 പേർ മരിച്ചു. ഇതോടെ മൊത്തം മരണ സംഖ്യ 7,925 ആയി. 51,215ആണ് ആക്ടീവ് കേസുകൾ. 4,10,116 പേരാണ് രോഗ മുക്തരായി ആശുപത്രി വിട്ടത്.
കർണാടകയിൽ ഇന്ന് 5,773 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 4,04,324 ആയി. സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 141 പേർ മരിച്ചു. ഇതോടെ മൊത്തം മരണം 6,534 ആയി. നിലവിൽ 97,001 ആക്ടീവ് കേസുകൾ. 3,00,770 പേർ രോഗ മുക്തരായി ആശുപത്രി വിട്ടു.
അതിനിടെ, കോവിഡ് കാലത്ത് മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സുരക്ഷക്കും സ്വീകരിക്കുന്ന നടപടികളെ കുറിച്ച് അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് നാലാഴ്ചത്തെ സമയം കൂടി സുപ്രീംകോടതി അനുവദിച്ചു. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ അശ്വനി കുമാർ നൽകിയ ഹർജിയിലാണ് നടപടി. ഓഗസ്റ്റ് നാലിനാണ് ഹർജി ഫയൽ ചെയ്തത്. ഒഡിഷയും പഞ്ചാബും മാത്രമാണ് ഇത് വരെ മറുപടി നൽകിയത്.മണിപ്പൂരും സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും വ്യക്തത ആവശ്യപ്പെട്ട് തിരിച്ചയച്ചു. അർഹതപ്പെട്ട മുതിർന്ന പൗരന്മാർക്ക് പെൻഷനും അത്യാവശ്യ മരുന്നുകളും സാനിറ്റൈസറും മാസ്കുകളും നൽകണമെന്ന് ഓഗസ്റ്റ് നാലിന് കേസ് പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസ് ആർഎസ് റെഡ്ഡി, എംആർ ഷാ എന്നിവരും ബെഞ്ചിലുൾപ്പെടുന്നുണ്ട്.
മുതിർന്ന പൗരന്മാർക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് മുൻഗണന നൽകണമെന്നും മറ്റ് ക്ഷേമ സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്നുമാണ് ഹർജിയിൽ പറയുന്നത്. ഇത് ശരിവച്ച കോടതി സംസ്ഥാനങ്ങൾ സ്വീകരിച്ച, സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാനായിരുന്നു കോടതി സമയം അനുവദിച്ചത്. സംസ്ഥാനങ്ങളുടെ പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിലാണ് നാല് ആഴ്ചത്തെ സമയം കൂടി അനുവദിച്ചിരിക്കുന്നത്.
മറുനാടന് ഡെസ്ക്