ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് 61,920 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 52,74,606 ആയി. ഇന്ന് രാജ്യത്ത് 698 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ ആകെ കോവിഡ് മരണങ്ങൾ 85,102 ആയി. ഇതുവരെ 41,68,679 പേര‌ാണ് രോ​ഗമുക്തി നേടിയത്. നിലവിൽ രാജ്യത്ത് 10,20,825 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ദക്ഷിണേന്ത്യയിലെന്ന് കണക്കുകൾ. 37.19 ശതമാനമാണ് ദക്ഷിണേന്ത്യയിലെ കോവിഡ് ബാധിതർ. അതേസമയം കോവിഡ് മരണ നിരക്കിൽ പശ്ചിമ മേഖലയാണ് മുന്നിലെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.5 ശതമാനമാണ്. മരണ നിരക്കാകട്ടെ 1.6 ശതമാനവും രോഗമുക്തി നിരക്ക് 79 ശതമാനവുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു

മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 21,656 പേർക്കാണ്. 405 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 11,67,496 ആയി. 20.51 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് പോസിറ്റീവ് നിരക്ക്.സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31791 ആയി. 2.72 ശതമാനമാണ് സംസ്ഥാനത്ത് കോവിഡ് മരണനിരക്ക്. 22,078 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ കോവിഡ് മോചിതരായവരുടെ എണ്ണം 8,34,432 ആയി ഉയർന്നു. 71.47 ശതമാനമാണ് രോഗമുക്തി നിരക്ക്.സംസ്ഥാനത്ത് മുംബൈയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. ഇതുവരെ മുംബൈയിൽ 180668 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ആന്ധ്രാപ്രദേശിൽ 8,096 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആന്ധ്രയിൽ ആകെ കോവിഡ് ബാധിതർ 6,09,558 ആയി ഉയർന്നു. 67 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് ആന്ധ്രയിൽ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 5244 ആയി ഉയർന്നു. ഇന്ന് മാത്രം 11,803 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ ഇതോടെ 5,19,891 ആയി. 84,423 പേരാണ് ചികിത്സയിൽ തുടരുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടിൽ ഇന്ന് 5,488 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 5,30,908 ആയി ഉയർന്നു. 67 മരണങ്ങളാണുണ്ടായത്. ഇതോടെ 8,685 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് മാത്രം 5,525 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം തമിഴ്‌നാട്ടിൽ 4,75,717 ആയി. 46,506 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നു.